-land-

തിരുവനന്തപുരം: ഹാരിസൺ മലയാളം പ്ലാന്റേഷൻസ് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ കൈവശം വച്ച തോട്ടങ്ങൾ തിരിച്ചുപിടിക്കാൻ സർക്കാർ കേസുകൾ നൽകും.

ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ഇതനുസരിച്ച് ബന്ധപ്പെട്ട ജില്ലകളിൽ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് കേസ് നൽകാൻ ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കേണ്ടി വരും. ഹാരിസൺ മലയാളം ലിമിറ്റഡോ അവരിൽ നിന്നോ അവരുടെ മുൻഗാമികളിൽ നിന്നോ ഭൂമി നേടിയവരോ കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കാനാണ് കേസ് നൽകുന്നത്. കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഈ കമ്പനികൾ കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ കരം സ്വീകരിക്കുമ്പോൾ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാർ ഫയൽ ചെയ്യുന്ന സിവിൽ കേസിലെ വിധിക്കു വിധേയം എന്ന് വ്യവസ്ഥയും വയ്ക്കും.

സ്വാതന്ത്ര്യത്തിന് മുമ്പ് തിരുവിതാംകൂർ, കൊച്ചി ഭരണാധികാരികൾ വിദേശ കമ്പനികൾക്കും പൗരന്മാർക്കും തദ്ദേശീയർക്കും കർശന വ്യവസ്ഥകളോടെ ഗ്രാന്റായും പാട്ടമായും ഭൂമി നൽകിയിരുന്നു. എന്നാൽ ഈ ഭൂമിയിൽ യാതൊരു വിധി ഉടമസ്ഥതയും സ്ഥാപിക്കാതെ ഹാരിസൺ മലയാളം ലിമിറ്രഡ് 1985,2004,2005 വർഷങ്ങളിൽ ആയിരക്കണക്കിന് ഭൂമി വൻകിടക്കാർക്ക് വില്പന നടത്തി. വിവിധ ജില്ലകളിലായി ഹാരിസണും അവരിൽ നിന്ന് ഭൂമി വാങ്ങിയവരും 76,769. 80 ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചതായി ഇക്കാര്യം അന്വേഷിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട് ചെയ്തിരുന്നു. റവന്യൂ രേഖകൾ പരിശോധിച്ച സ്പെഷ്യൽ ടീം നിരവധി കൃത്രിമങ്ങൾ കണ്ടെത്തിയിരുന്നു. കമ്പനി നൽകിയ രേഖകൾ ഉടമസ്ഥാവകാശം സ്ഥാപിക്കാനുതകാത്തതിനാൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി 38,170 ഏക്കർ ഭൂമി ഏറ്രെടുക്കാൻ സ്പെഷ്യൽ ഓഫീസർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഈ നടപടി ഹൈക്കോടതി കഴിഞ്ഞ ഏപ്രിലിൽ റദ്ദ് ചെയ്തു. എന്നാൽ ഭൂമിയുടെ ഉടമസ്ഥത സിവിൽ കോടതിയിൽ തീരുമാനിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് കേസുമായി സർക്കാർ മുന്നോട്ട് പോകുന്നത്.