തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് വിവാദത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് അഞ്ചു വിഷയങ്ങളുന്നയിച്ചു. എന്നാൽ ഇവ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ ഐസക്ക് ഓരോന്നിനും അക്കമിട്ടാണ് മറുപടി പറഞ്ഞത്. ബോണ്ട് സംബന്ധിച്ച് സഭയെ അറിയിച്ച വിവരങ്ങളെല്ലാം ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധാരണയിലാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. പരസ്യ വിവാദം സംസ്ഥാന താത്പര്യത്തിന് ഗുണകരമല്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ കിഫ്ബിയിൽ നിക്ഷേപിച്ചവർ ആരൊക്കെയെന്ന് പറയാനാവില്ലെന്ന് മന്ത്രി പറഞ്ഞപ്പോൾ സി.ഡി.പി.ക്യൂ നിക്ഷേപം നടത്തിയെന്ന് കിഫ്ബി വാർത്താക്കുറിപ്പിറക്കിയെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ സ്റ്റോക്ക് എക്സ്ചേഞ്ചുമായുണ്ടാക്കിയ കരാർ പ്രകാരം ഏതൊക്കെ കമ്പനികൾ നിക്ഷേപം നടത്തിയെന്ന് പുറത്തുവിടാനാവില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് ബോണ്ടുകളുടെ ട്രേഡിംഗിന് ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യോത്തരത്തിൽ മസാല ബോണ്ടുകൾക്ക് ലണ്ടൻ നിയമം ബാധകമാകില്ലെന്ന് ധനമന്ത്രി പറഞ്ഞെന്നും കിഫ്ബി വാർത്താക്കുറിപ്പിൽ ഇംഗ്ലീഷ് നിയമം ബാധകമാണെന്ന് അറിയിച്ചതായും ചെന്നിത്തല ആരോപിച്ചു. എന്നാൽ അങ്ങനെ മറുപടി നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.
മറ്റ് സംസ്ഥാനങ്ങളുടെ ബോണ്ടിന് പത്ത് ശതമാനത്തിന് മുകളിലാണ് പലിശയെന്ന് ഐസക്ക് പറഞ്ഞെന്നും അഹമ്മദാബാദ് മുനിസിപ്പാലിറ്റിയുടേത് 8.6 ശതമാനമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ആഭ്യന്തര വിപണിയിൽ കിഫ്ബിക്ക് ലഭിച്ച റേറ്റിംഗ് എ പ്ലസ് ആണെന്നും ഇതേ റേറ്റിംഗുള്ള മറ്റ് ഇന്ത്യൻ ഏജൻസികളുടെ ബോണ്ടിന്റെ കാര്യമാണ് പറഞ്ഞതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. എ.എ പ്ലസ് റേറ്റിംഗുള്ളതിനാൽ അഹമ്മദാബാദിന് മികച്ച കൂപ്പൺ റേറ്റ് ലഭിച്ചെന്നും മന്ത്രി വിശദീകരിച്ചു.