pinarayi-vijayan

തിരുവനന്തപുരം: മോദിപ്പേടി പോലെ കേരളത്തിൽ പിണറായിപ്പേടിയുണ്ടെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ നിയമസഭയിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടത് പിണറായിപ്പേടി കൊണ്ടാണെന്ന പുതിയ വാദത്തിന് അടിസ്ഥാനമില്ലെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിൽ രണ്ട് മാദ്ധ്യമപ്രവർത്തകരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജയിലിൽ അടച്ച സംഭവമുണ്ടായി.വർഗീയ ചേരിതിരിവിന് വഴിവയ്ക്കും വിധം പ്രവർത്തിക്കുന്ന ചില ചാനൽ അവതാരകർ കേരളത്തിലുണ്ട്. പക്ഷേ, അവർക്ക് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. പേടിയുടെ അന്തരീക്ഷമില്ലാതെ അവർ അതേ രീതിയിൽ ഇപ്പോഴും പ്രവർത്തിക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായിരുന്ന കോൺഗ്രസിന് ഇത്തരത്തിൽ തിരിച്ചടിയേറ്റത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. വർഗീയ ധ്രുവീകരണം ഉണ്ടാക്കി നേട്ടം കൊയ്യാമെന്ന് ബി.ജെ.പി കരുതുന്നു. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുന്നു. ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റത് ശരിയാണ്. പക്ഷെ അത് താത്കാലികം മാത്രമാണ്. വസ്തുതകൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ തിരിച്ചറിവിന്റെ ഫലം താമസിയാതെ യു.ഡി.എഫ് അനുഭവിക്കും. ബി.ജെ.പി അംഗം എങ്ങനെ കേരള നിയമസഭയിൽഎത്തിയെന്നത് എല്ലാവർക്കും അറിയാമെന്നതും മറക്കരുത്. കേരളം വല്ലാത്ത കടത്തിലാണെന്ന് പ്രചാരണം നടക്കുന്നുണ്ട്. 2011 മാർച്ച് 31 ന് 78,673 കോടിയായിരുന്നു കടം. 2016-ൽ ഇത് 1,55,389 കോടിയായി വർദ്ധിച്ചു .2001 മുതൽ 2006 വരെ നിത്യനിദാന ചെലവിന് എടുത്ത കടം വാർഷിക കടത്തിന്റെ 80 ശതമാനമായിരുന്നു. ഇപ്പോൾ അത് 60 ശതമാനത്തിൽ താഴെയാണ്. ഞങ്ങളുടെ കൂട്ടത്തിലും ഒരു വഞ്ചകനുണ്ടായി പടിഞ്ഞാറൻ ബംഗാളിൽ ഞങ്ങളുടെ കൂട്ടത്തിലും ഒരു വഞ്ചകനുണ്ടായി എന്നത് സത്യമാണ്. അതിൽ ഞങ്ങളാരും അഭിമാനം കൊള്ളുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറപടി പ്രസംഗത്തിനിടെ പ്രതിപക്ഷാംഗങ്ങൾ 'ബംഗാൾ.., ബംഗാൾ' എന്ന് ആവർത്തിച്ച് പറഞ്ഞപ്പോഴായിരുന്നു സി.പി.എം വിട്ട് ബി.ജി.പിയിലേക്ക് പോയ പശ്ചിമബംഗാൾ എം.എൽ.എയെക്കുറിച്ച് മുഖ്യമന്ത്രി പരാമർശിച്ചത്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പോയ വലിയ നേതാക്കൾ അടക്കമുള്ളവരുടെ ലിസ്റ്റ് തന്റെ പക്കലുണ്ടെന്നും പിണറായി പറഞ്ഞു.