veed

വിതുര: വരൾച്ചയും ജലക്ഷാമവും കാരണം നട്ടം തിരിഞ്ഞ ജനങ്ങൾക്ക് ആശ്വാസമായാണ് മഴ എത്തിയത്. കടുത്ത വേനലിൽ ജലക്ഷാമം മൂലം മാസങ്ങളായി ദുരിതമനുഭവിച്ച ഗ്രാമീണർക്ക് ഇടവപ്പാതി അനുഗ്രഹമായി. എന്നാൽ മലയോര മേഖലയിൽ പെയ്തിറങ്ങിയ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ പൊൻമുടി, ബോണക്കാട് വനമേഖലയിൽ ഞായറാഴ്ച രാത്രിയിൽ ആരംഭിച്ച ശക്തമായ മഴ തിങ്കൾ രാവിലെ വരെ നീണ്ടു. മലവെള്ള പാച്ചിലിൽ വറ്റിവരണ്ട വാമനപുരം നദി നിറഞ്ഞു. ഡാമിലും വെള്ളം ഗണ്യമായി കൂടി. കിണറുകളും പൂർവ സ്ഥിതിയിലായി.

മഴ ശക്തമായതോടെ മലയോരമേഖലയിൽ വൈദ്യുതി തടസവും വർദ്ധിച്ചു. വരൾച്ച സമയത്ത് ഇടവിട്ട് ലഭിച്ചിരുന്ന വൈദ്യുതി മഴ തുടങ്ങിയതോടെ വല്ലപ്പോഴും മാത്രമാണ് ലഭിക്കുന്നത്. മണിക്കൂറുകളോളം വൈകിയാണ് വൈദ്യുതി ലഭിക്കുന്നത്. ഇലക്ട്രിസിറ്റി ഒഫീസുകളിൽ പരാതിപ്രളയമാണ്. എന്നാൽ ശക്തമായ മഴ നിലനിൽക്കുന്നതിനാൽ പുലർച്ചെ സഞ്ചരിക്കുന്നവരും വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും ശ്രദ്ധിക്കണമെന്നാണ് വൈദ്യുതി വകുപ്പിന്റെ അറിയിപ്പ്.

കനത്തമഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റ് മലയോരമേഖലയിൽ കനത്ത നാശനഷ്ടം വിതച്ചു. തൊളിക്കോട് വിതുര പഞ്ചായത്തുകളിലായി അനവധി വീടുകൾ മരം വീണ് തകർന്നു. നിരവധി വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. മാത്രമല്ല റബർ എസ്റ്റേറ്റുകളിലും വിളകളിലുമായി നൂറുകണക്കിന് റബർ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. വനമേഖലയിലും സമാനമായ സംഭവമുണ്ടായി. മിക്കമേഖലകളിലും വൈദ്യുതി, വാർത്തവിനിമയ ശ്രംഖലകളും തകരാറിലായി. വാഴ, പച്ചക്കറി, മരച്ചീനി കൃഷികളും വ്യാപകമായി വെള്ളം കയറി നശിച്ചു.

കാറ്റത്തും മഴയത്തും മരം വീണ് തൊളിക്കോട് പഞ്ചായത്തിൽ മൂന്ന് വീടുകൾ തകർന്നു. ചായം തടിമില്ലിന് സമീപം മാടസ്വാമിപിള്ള, തോട്ടുമുക്ക് മണലയത്ത് ചെല്ലമ്മ, പുളിമൂട് ഇരപ്പിൽ ബുഷ്റ എന്നിവരുടെ വീടുകളാണ് നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്.