pinarayi-vijayan
Pinarayi Vijayan

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് കമ്മിഷണറേറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ‌ഞ്ഞു. കളക്ടർമാരുടെ അധികാരം നിലനിറുത്തിയാകും കമ്മിഷണർമാർക്കും മജിസ്റ്റീരിയൽ അധികാരം നൽകുക. പൊലീസ്, ജയിൽ, അച്ചടി വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചയ്‌ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2013ൽ യു.ഡി.എഫ് സർക്കാരാണ് കമ്മിഷണറേറ്റ് രൂപീകരിക്കാൻ തീരുമാനിച്ചത്.

രാജ്യത്തെ 50 പ്രധാന നഗരങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണ് കമ്മിഷണറേറ്റ്. ഇത് നിലവിൽ വന്നാൽ നഗരപരിധികളിലെ കുറ്റാന്വേഷണവും ക്രമസമാധാന പാലനവും കൂടുതൽ കാര്യക്ഷമമാവും. ജസ്റ്റിസ് കെ.ടി. തോമസ് കമ്മിറ്രി റിപ്പോർട്ടിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

സ്വർണക്കടത്തിനെതിരെ സർക്കാർ കർശന നടപടിയെടുക്കും. തീവ്രവാദത്തിനെതിരെ ആൻഡി ടെററിസ്റ്ര് സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇന്റേണൽ സെക്യൂരിറ്റി സെല്ലുണ്ട്. കൗണ്ടർ ടെററിസം പരിശീലനത്തിനുള്ള കേന്ദ്രവും തുടങ്ങി.

ലഹരിക്കെതിരായി എക്സൈസിന്റെ ആഭിമുഖ്യത്തിൽ വലിയ പ്രചാരണങ്ങൾ തുടങ്ങും. ക്രമസമാധാന പാലനത്തിൽ കേരളം മികച്ച നിലയിലാണ്. തീവ്രവാദവും സ്വർണക്കടത്തും പോലുള്ള കുറ്റകൃത്യങ്ങളിൽ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.

അന്വേഷണം തങ്ങളുടെ ആൾക്കാരിലേക്കെത്തുമ്പോൾ അന്വേഷണ സംഘത്തെ മാത്രമല്ല കമ്മിഷനുകളെപ്പോലും പിരിച്ചുവിട്ട പാരമ്പര്യമാണ് മുൻ സർക്കാരിന്റേത്. എന്നാൽ പൊലീസ് ഇപ്പോൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഗുണമാണ് കേരളം അനുഭവിക്കുന്നത്. ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവർക്ക് ജയിൽ ചട്ടങ്ങൾ അനുസരിച്ചുള്ള പരോൾ മാത്രമാണ് സർക്കാർ അനുവദിക്കുന്നത്. വാഹനാപകടങ്ങൾ കുറയ്‌ക്കാൻ കാര്യക്ഷമമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.