photo

നെടുമങ്ങാട്: വലിയമല ഐ.എസ്.ആർ.ഒയുടെ ഭാഗമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ലാസ്റ്റ് ഗ്രേഡ് ജോലി സംബന്ധിച്ച് അധികൃതർ നാട്ടുകാർക്ക് നല്കിയ ഉറപ്പ് പാലിക്കാത്തതിനെതിരെ വിവിധ ട്രേഡ് യൂണിയനുകളും നാട്ടുകാരും സമര രംഗത്തിറങ്ങുന്നു. 2010ൽ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥലം ഏറ്റെടുത്തത് മുതൽ പരിസരവാസികൾക്ക് നൽകിയിരുന്ന തൊഴിൽ വാഗ്ദാനമാണ് ബന്ധപ്പെട്ടവർ മറന്നിരിക്കുന്നത്. നാട്ടുകാർക്ക് പകരം ഇതരസംസ്ഥാന തൊഴിലാളികളെ വിവിധ ജോലികൾക്ക് നിയമിച്ചതാണ് പ്രതിഷേധത്തിന് കാരണം. സി.ഐ.ടി.യു, ബി.എം.എസ്, ഐ.എൻ.ടി.യു.സി എന്നിവയുടെ നേതൃത്വത്തിൽ ഐ.ഐ.എസ്.ടി പടിക്കൽ നടന്ന ബഹുജന ധർണയ്ക്ക് പിന്നാലെ ഇന്നലെ എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ കൂട്ടധർണ നടത്തി. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളെ കരാർ വ്യവസ്ഥയിൽ നൽകുന്ന ഇടനിലക്കാരുമായുള്ള ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്തുകളിയാണ് നാട്ടുകാരുടെ തൊഴിലവസരങ്ങൾ കവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എസ്. മഹേന്ദ്രൻ ആചാരിയുടെ അദ്ധ്യക്ഷതയിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, പി.എസ്. നായിഡു, ജെ. സുധീർ, പി.കെ. സാം, എ. ഷാജി, ജി. ഭുവനേന്ദ്രൻ നായർ, വി. സുധീശൻ തുടങ്ങിയവർ പ്രസംഗിച്ചു.