തിരുവനന്തപുരം: കനത്ത മഴയിൽ റോഡിലെ വെള്ളക്കെട്ടിൽ പൊട്ടിവീണുകിടന്ന വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയടക്കം രണ്ടു വഴിയാത്രക്കാർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പേട്ട മൂന്നാംമനയ്ക്കൽ കാവടിയിൽ പ്രസന്നകുമാരി (65), ക്ഷേത്ര പരികർമ്മി പേട്ട പുള്ളി ലെയ്ൻ തൃപ്തിയിൽ രാധാകൃഷ്ണൻ ആചാരി (70) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെയായിരുന്നു നഗരത്തെ നടുക്കിയ ദുരന്തം. പേട്ട പുള്ളി ലെയിനിൽ നിന്ന് ചാക്ക സ്കൂളിന് സമീപത്തേക്കുള്ള ഇടവഴിയിലാണ് വൈദ്യുത കമ്പി പൊട്ടിവീണുകിടന്നത്. ഇരുവശത്തും മതിലുകളുള്ള ഇവിടെ മഴവെള്ളം കെട്ടി നിൽക്കുന്നത് പതിവാണ്. ത്രീഫേസ് ലൈനിൽ ഒരെണ്ണമാണ് പൊട്ടിവീണത്.
പുലർച്ചെ 5.30ഓടെ പ്രസന്നകുമാരിക്കാണ് ആദ്യം ഷോക്കേറ്റത്. കുമാരപുരത്ത് വീട്ടുജോലിക്ക് പോകുകയായിരുന്നു ഇവർ. ഷോക്കേറ്റ് വീണത് ആരും കണ്ടില്ല. ആറ് മണിയോടെ ചാക്ക സ്കൂളിന് സമീപത്തുനിന്ന് പത്രവിതരണക്കാരനായ നാലാഞ്ചിറ സ്വദേശി സുമേഷ് ഇതുവഴിയെത്തി. പ്രസന്നകുമാരി വെള്ളത്തിൽ കിടക്കുന്നതു കണ്ട് സൈക്കിളിൽ നിന്നിറങ്ങിയ സുമേഷിനും ഷോക്കേറ്റു. സൈക്കിൾ ഉപേക്ഷിച്ച് ഇയാൾ മതിലുചാടി ഓടി രക്ഷപ്പെട്ടു. ഒാടുന്നതിനിടെ, എതിരെ വന്ന എയർപോർട്ട് ജീവനക്കാരോടും യുവാവിനോടും ട്യൂഷനു പോകുകയായിരുന്ന രണ്ടു വിദ്യാർത്ഥികളോടും വൈദ്യുതി ലൈൻ പൊട്ടിയ വിവരം പറഞ്ഞു. സുമേഷും യുവാവും ഉടനേ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. പൊലീസ് നൽകിയ വിവരമനുസരിച്ച് കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുമ്പോഴേക്കും അതുവഴി വന്ന രാധാകൃഷ്ണനും ഷോക്കേറ്റ് വീണിരുന്നു.
പേട്ട മുരുകൻ കോവിലിലെ പരികർമ്മിയായ രാധാകൃഷ്ണൻ ആറരയോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ രാധാകൃഷ്ണൻ പെട്ടെന്ന് പിന്മാറിയെങ്കിലും കാലിൽ നിന്ന് തെറിച്ചുപോയ ചെരുപ്പെടുക്കാൻ ശ്രമിക്കേ വെള്ളക്കെട്ടിലേക്ക് മറിഞ്ഞുവീഴുന്നതും സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങളിലുണ്ട്.
മൃതദേഹങ്ങൾസംസ്കരിച്ചു
സ്ഥലത്തെത്തിയ പൊലീസ് പുള്ളി ലെയ്നിലേക്കുള്ള റോഡിൽ ആളുകൾ കയറാതെ കയർ കെട്ടി അടച്ചു. തുടർന്ന് മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹങ്ങൾ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
നെടുമങ്ങാട് മുക്കോലയ്ക്കൽ സ്വദേശിയാണ് പ്രസന്നകുമാരി. മൂന്നാംമനയ്ക്കലിൽ മകളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പരേതനായ രാമചന്ദ്രൻ നായരാണ് ഭർത്താവ്. അശ്വതി, സിജുധരൻനായർ, മണികണ്ഠൻ നായർ എന്നിവരാണ് മക്കൾ. മരുമക്കൾ : ബാബു, ജ്യോതിലക്ഷ്മി, മഞ്ജു. സുഭദ്രയാണ് രാധാകൃഷ്ണന്റെ ഭാര്യ. മക്കൾ: പരേതനായ ഷാജികുമാർ, ഷീജ. മരുമക്കൾ: സുനിത, വസന്തകുമാർ.
കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം
തിരുവനന്തപുരം: പേട്ടയിൽ ഇന്നലെ ഷോക്കേറ്റ് മരിച്ച പ്രസന്നകുമാരി, രാധാകൃഷ്ണൻ ആചാരി എന്നിവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം കെ.എസ്.ഇ.ബി ധനസഹായം പ്രഖ്യാപിച്ചു. ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപ ഇന്നലെ വീട്ടുകാർക്ക് കൈമാറി.
അപകട വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ ഇലക്ട്രിക് ലൈനിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകട കാരണമെന്ന് ആരോപിച്ച് കെ.എസ്.ഇ.ബിയുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ വി.എസ്. ശിവകുമാർ എം.എൽ.എ, ഡി.സി.പി ഇളങ്കോ, കെ.എസ്.ഇ.ബി കഴക്കൂട്ടം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ ജി. ശ്യാംകുമാർ തുടങ്ങിയവർ പ്രതിഷേധക്കാരോട് സംസാരിച്ചു. പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം തണുത്തത്.