നെയ്യാറ്റിൻകര: ഇന്നലത്തെ കാറ്റിലും മഴയത്തും നെയ്യാറ്റിൻകര ഭാഗത്ത് വൻ നാശനഷ്ടം. ഇന്നലെ വൈകിട്ടോടെ നെയ്യാറ്റിൻകര ഗവ.ഗേൾസ് ഹൈസ്കൂൾ കോമ്പൗണ്ടിൽ നിന്നിരുന്ന കൂറ്റൻ വാകമരം കടപുഴകി എസ്.ബി.ഐക്ക് സമീപമുള്ള റോഡിലേക്ക് വീണു. വൈകിട്ടോടെ വീശിയടിച്ച കാറ്റിലാണ് മരം കടപുഴകി വീണത്. റോഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾക്ക് കേടുപാടുണ്ട്. റോഡിൽ അധികം ആളില്ലാത്തതിനാൽ അപകടം ഒഴിവായി.വ്ലാങ്ങാമുറി, ഓലത്താന്നി പ്രദേശത്തും മരങ്ങൾ വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആറാലുമ്മൂട് ഭാഗത്തും ദേശീയപാതയ്ക്ക് സമീപം മരം കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി.
നെയ്യാറ്റിൻകര എക്സൈസ് ഓഫീസ് പരിസരത്ത് നിന്നിരുന്ന മരത്തിന്റെ ഒരു വലിയ ശിഖരം ഒടിഞ്ഞ് വീണു. റോഡരുകിൽ വഴിയോര കച്ചവടം നടത്തിയിരുന്ന ചെറിയ ഷെഡിന് മീതെയാണ് മരം വീണത്.
ഈ പ്രദേശത്ത് നിൽക്കുന്ന ധാരാളം പാഴ് വൃക്ഷങ്ങൾ മുറിച്ചു മാറ്റണമെന്ന് കഴിഞ്ഞ കുറെ നാളുകളായി നാട്ടുകാർ ആവശ്യപ്പെടുകയാണ്.
നെയ്യാറ്റിൻകര ബോയ്സ് ഹൈസ്കൂൾ കോമ്പൗണ്ട്, സിവിൽ മിനി സ്റ്റേഷൻ പരിസരം ഗേൾസ് ഹൈസ്കൂൾ കോമ്പൗണ്ട് എന്നിവിടങ്ങളിലും പാഴ് മരങ്ങൾ അപകടഭീഷണി ഉയർത്തി നിൽക്കുകയാണ്.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുൻവശത്തുള്ള റോഡിലെ പൈപ്പ് ലൈൻ പൊട്ടിയ ഉടനേ റോഡ് നന്നാക്കാനായി വെട്ടിപ്പൊളിച്ചതും ഇവിടെ ഗതാഗതം താറുമാക്കിയിരിക്കവേയാണ് തൊട്ടടുത്ത് മരം വീണ് റോഡിലൂടെയുള്ള വാഹന യാത്രയും തടസ്സപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിക്കൂറോളം നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കടയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു.