തിരുവനന്തപുരം: 2015 നും 18 നും ഇടയിൽ സംസ്ഥാനത്ത് വൈദ്യുതി ലൈൻ പൊട്ടിവീണുണ്ടായ 1055 അപകടങ്ങളിൽ മരിച്ചത് 493 പേർ. നഗരങ്ങളിൽപ്പോലും വൈദ്യുതി ലൈൻ പൊട്ടി റോഡിൽ വീണാൽ അത് ആരെങ്കിലും പറഞ്ഞറിയുന്നവരാണ് നമ്മുടെ കെ.എസ്.ഇ.ബി. വിവരം പറയാൻ വിളിച്ചാൽ എല്ലാ ഒാഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോണെടുക്കാൻ ആളുമുണ്ടാകില്ല. മഴക്കാലത്ത് വൈദ്യുതി പോകുന്നത് ഇല്ലാതാക്കാനും പൊതുനിരത്തുകളിൽ ലൈൻ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങളൊഴിവാക്കാനും ലക്ഷ്യമിട്ടാണ് അണ്ടർഗ്രൗണ്ട് കേബിളിലൂടെയാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ 2012ൽ തുടങ്ങിയ പദ്ധതി ഉപേക്ഷിച്ച നിലയിലാണ്.
2020ലാണ് പദ്ധതി പൂർത്തിയാക്കേണ്ടിയിരുന്നത്.
കേന്ദ്രസർക്കാരിന്റെ റീസ്ട്രക്ചേർഡ് ആക്‌സിലേറ്റഡ് പവർ ഡെവലപ്മെന്റ് ആൻഡ് റിഫോംസ് പ്രോഗ്രാമനുസരിച്ചാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് പദ്ധതി തയ്യാറാക്കിയത്. പദ്ധതിക്കായി 2016ൽ കേന്ദ്രസർക്കാർ 202 കോടി അനുവദിച്ചെങ്കിലും കരാറിലെ പ്രശ്നങ്ങളും റോഡ് കുഴിക്കലിനെതിരായ പൊതുമരാമത്ത് വകുപ്പിന്റെ എതിർപ്പും തിരിച്ചടിയായി. പദ്ധതി നടപ്പാക്കാതിരുന്നതോടെ കഴിഞ്ഞ വർഷം ഇൗ തുക നഷ്ടമായി. തുടർന്ന് പുതിയ പദ്ധതി തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബി.
സംസ്ഥാന സർക്കാരിന്റെ ഉൗർജ സുരക്ഷാമിഷൻ പദ്ധതിയനുസരിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനും പ്രസരണനഷ്ടം കുറയ്ക്കാനും തടസമില്ലാത്ത വിതരണത്തിനുമായി അഞ്ച് പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് വൈദ്യുതി പോകുകയാണെങ്കിൽ ഉപഭോക്താവിനെ നേരിട്ട് മുൻകൂട്ടി അറിയിക്കാനാകും. കൂടാതെ വിതരണ ശൃംഖല ഡിജിറ്റലൈസ് ചെയ്‌ത് വൈദ്യുതി പോകുകയോ ലൈൻ പൊട്ടിവീഴുകയോ ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുകയോ ചെയ്താൽ സെക്‌ഷൻ ഒാഫീസിലിരുന്ന് തന്നെ അറിയാനുള്ള സംവിധാനമൊരുക്കുമെന്നായിരുന്നു പ്രഖ്യാപനം.