തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ എൻജിനിയറിംഗിൽ പ്രവേശനം നടത്തുന്നത് 53,000 സീറ്റുകളിൽ. ഇതിൽ 33,500 എണ്ണത്തിലാണ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്ട്മെന്റുള്ളത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള എൻജിനിയറിംഗ് കോളേജുകൾ ഇതിലുൾപ്പെടില്ല. 27 കോളേജുകളിലായി ആർക്കിടെക്ചർ ബിരുദ കോഴ്‌സിന് നിലവിലുള്ളത് 1290 സീറ്റുകളാണ്. കൂടാതെ തിരുവനന്തപുരം കോളേജ് ഒഫ് ആർക്കിടെക്ചറിൽ ഈ വർഷം മുതൽ ബാച്ചിലർ ഒഫ് ഡിസൈൻ എന്ന പുതിയ കോഴ്‌സ് അനുവദിച്ചിട്ടുണ്ട്. ഇതിൽ 60 സീറ്റാണുള്ളത്.
ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, കേപ്, കെ.എസ്.ആർ.ടി.സി, സി.സി.ഇ.കെ എന്നിവയ്ക്ക് കീഴിലെ 22 എൻജിനിയറിംഗ് കോളേജുകളിലായി 6540 സീറ്റുണ്ട്. എം.ജി സർവകലാശാലയുടെ എൻജിനിയറിംഗ് കോളേജിൽ 240ഉം കേരള സർവകലാശാലയുടേതിൽ 90ഉം സീറ്റുകളുണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ കോളേജിൽ പ്രവേശനാനുമതി നൽകിയില്ല. കേരളയിലെ 180 സീറ്റ് 90 ആക്കി എ.ഐ.സി.ടി.ഇ വെട്ടിക്കുറച്ചു.
കോഴ്‌സുകളിലെ സീറ്റ് നില
ബി.ടെക്ക് ആകെ സീറ്റ് - 49464
9 സർക്കാർ എൻജിനിയറിംഗ് കോളേജുകളിൽ -3340
3 എയ്ഡഡ് കോളേജുകളിൽ - 1843
110 സ്വകാര്യ സ്വാശ്രയ കോളേജുകളിൽ - 37171
കാർഷിക സർവകലാശാല ഒരു കോളേജ് - 80
വെറ്ററിനറി സർവകലാശാല 5 കോളേജുകൾ-120
ഫിഷറീസ് സർവകലാശാല കോളേജ് -40
എൻജിനിയറിംഗ് ബ്രാഞ്ചുകൾ
അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, അഗ്രികൾച്ചർ എൻജിനിയറിംഗ്, എയ്‌റോനോട്ടിക്കൽ, ആട്ടോമൊബൈൽ, ബയോ ടെക്‌നോളജി ആൻഡ് ബയോകെമിക്കൽ, ബയോ മെഡിക്കൽ, ബയോ ടെക്‌നോളജി, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഡെയറി ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഫുഡ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, സ്റ്റേഫി ആൻഡ് ഫയർ, ഫുഡ് ടെക്‌നോളജി, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇൻഡസ്ട്രിയൽ, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ (ആട്ടോമൊബൈൽ), മെക്കാനിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ, മെക്കാനിക്കൽ (പ്രൊഡക്ഷൻ), മെക്കട്രോണിക്‌സ്, മെറ്റലർജി, പോളിമർ, പ്രൊഡക്ഷൻ, പ്രിന്റിംഗ് ടെക്‌നോളജി, റോബോട്ടിക്‌സ് ആൻഡ് ആട്ടോമേഷൻ.
ഇക്കൊല്ലം മുതൽ റോബോട്ടിക്‌സ്
റോബോട്ടിക്‌സ് ആൻഡ് ആട്ടോമേഷൻ എൻജിനിയറിംഗാണ് ഈ വർഷത്തെ ആകർഷണം. കോട്ടയം സെന്റ് ഗിറ്റ്‌സ്, കൊച്ചി ടോക് എച്ച് കോളേജ് എന്നിവിടങ്ങളിലാണ് കോഴ്‌സിന് അനുമതിയുള്ളത്. രണ്ടിടത്തും 60 വീതം സീറ്റാണുള്ളത്. ഇതിൽ പകുതി സീറ്റിൽ പ്രവേശനപരീക്ഷാ കമ്മിഷണർ അലോട്ട്മെന്റ് നടത്തും. ബാക്കി മാനേജ്‌മെന്റ് ക്വോട്ടയിൽ നികത്തും.