തിരുവനന്തപുരം: സ്വകാര്യ വ്യവസായ സംരംഭങ്ങളിലൂടെ സംസ്ഥാനത്ത് വികസന കുതിപ്പുണ്ടാകുമെന്ന പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശിപ്പിച്ചു. ഈ നാട് നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു. ഇവിടത്തെ മാറ്റം മനസിലാക്കി നിസാൻ, എയർ ബസ്, ടോറസ്, ടെക് മഹീന്ദ്ര എന്നിവർ എത്തിക്കഴിഞ്ഞു. ഇനിയും ഭീമന്മാർ കടന്നു വരും. അതിനായി ഇവിടത്തെ പശ്ചാത്തല സൗകര്യം വികസിപ്പിക്കേണ്ടതുണ്ട്. മുമ്പ് ഇവിടെയെത്തി അപേക്ഷ നൽകുന്ന വ്യവസായ സംരംഭകർ ഒടുവിൽ മനംമടുത്ത് ഓടിപ്പോകുമായിരുന്നു. ഈ സർക്കാർ ഏഴു നിയമങ്ങളിൽ ഭേദഗതികൾ കൊണ്ടു വന്നു. പത്ത് ചട്ടങ്ങൾ മാറ്റി. ഇപ്പോൾ അപേക്ഷ നൽകിയാൽ 30 ദിവസത്തിനകം തീരുമാനമെടുക്കണം. 30 കഴിഞ്ഞാൽ തീരുമാനം ലഭിച്ചതായി കണക്കാക്കി പ്രവർത്തനങ്ങൾ ആരംഭിക്കാം. ഈ ദിവസപരിധി ഇനിയും കുറയ്‌ക്കും.
ദേശീയ ഹൈവേക്ക് സ്ഥലം ലഭ്യമാകില്ല എന്ന അവസ്ഥമാറി. കേന്ദ്ര സർക്കാരിനും ഇക്കാര്യത്തിൽ താത്പര്യമാണുള്ളത്. മലയോര തീരദേശ ഹൈവേകൾക്കുള്ള പതിനായിരം കോടി രൂപ കിഫ്ബിയിൽ നിന്ന് കണ്ടെത്തി പൂർത്തിയാക്കും. കോവളം - ബേക്കൽ ജലപാത 2020ൽ പൂർത്തിയാക്കും. അഞ്ചാമത് വിമാനത്താവളം ശബരിമലയിൽ നിർമ്മിക്കുന്നതിനുള്ള റിപ്പോർട്ട് തയ്യാറായി. സെമി ഹൈസ്പീഡ് ട്രെയിൻ സർവീസിനായി ഇപ്പോഴുള്ളതിന് സമാന്തരമായി റെയിൽ ലൈൻ വരും. പദ്ധതി നടപ്പായാൽ നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടെത്താം. ഗെയിൽ പൈപ്പ്ലൈൻ പൂർണതയിലേക്ക് എത്തുകയാണ്.
ഈ സർക്കാർ അധികാരത്തിൽ വന്നതോടെ ഉന്നതതലത്തിലെ അഴിമതി ഇല്ലാതായി. ഇപ്പോൾ സംശുദ്ധിയുടേതായ അന്തരീക്ഷമാണുള്ളത്. പ്രചാരണത്തിനായി പുറത്തിറക്കുന്നതാണ് പ്രകടനപത്രികയെന്നാണ് ചിലർ പറയുന്നത്. പക്ഷേ എൽ.ഡി.എഫിന്റേത് നടപ്പിലാക്കേണ്ട പ്രകടനപത്രികയാണ്. അത് എത്രത്തോളം നടപ്പിലാക്കി എന്ന് വിവരിക്കുന്നതാണ് പ്രോഗ്രസ് കാർഡ്.
ആരോഗ്യരംഗത്ത് കേരളത്തിന്റെ നേട്ടം എല്ലാവരും അംഗീകരിക്കുന്നതാണ്. മതനിരപേക്ഷതയ്ക്ക് ഏതൊരു വിട്ടുവീഴ്ചയും വരുത്താതെ നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രോഗ്രസ് റിപ്പോർട്ടിന്റെ ആദ്യപ്രതി സ്വീകരിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു. മറ്റ് മന്ത്രിമാരും നിയമസഭാ സാമാജികരും പങ്കെടുത്തു.