anjana

പാറശാല: കാരോട് ഗ്രാമ പഞ്ചായത്തിലെ അയിരയിൽ 13 വയസുള്ള അഞ്ജന തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം സി.പി.എം കാരോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയൻ ഉദ്‌ഘാടനം ചെയ്തു. അയിര അംബു ജവിലാസത്തിൽ സജീവ് കുമാറിന്റെയും സൗമ്യയുടെയും മകൾ അഞ്ജനയാണ് ദുരൂഹ സാഹചര്യത്തിൽ തീപ്പൊള്ളലേറ്റ് മരിച്ചത്. സൗമ്യയുടെ ആദ്യ ഭർത്താവിലെ മകളായ അഞ്ജനയെ നിരന്തരം പീഡിപ്പിക്കുക പതിവാണെന്ന കുട്ടിയുടെ പരാതി നിലനിൽക്കെയാണ് സംഭവം . മാത്രമല്ല രണ്ട് പേർ ചേർന്ന് തന്നെ തള്ളിയിട്ടതായി കുട്ടി ഡോക്ടറോടും, മജിസ്‌ട്രേറ്റിനോടും പറഞ്ഞുവത്രെ. എന്നാൽ പൊലീസിന്റെ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചതും പ്രതിഷേധവുമായി മുന്നോട്ട് വന്നതും. ചെങ്കവിള ജംഗ്‌ഷനിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി.ഷിജു, ചെങ്കവിള വാർഡ് മെമ്പർ ഇ. ചന്ദ്രിക, ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.അനിൽകുമാർ, രക്ഷാധികാരി ശ്രീധരൻ നായർ, അംഗംങ്ങളായ ശശികുമാർ, രാധാകൃഷ്ണൻ നായർ, ശക്തിധരൻ നായർ തുടങ്ങിയവർ സംസാരിച്ചു. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 400 ഓളം പേർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.