2019-election

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണം വിലയിരുത്താൻ ഇടതുമുന്നണി ഇന്ന് യോഗം ചേരും. ശബരിമല വിഷയത്തിലെ നിലപാട് തിരിച്ചടിയായെന്ന് ചില ഘടകകക്ഷികൾ വിമർശിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ യോഗത്തിൽ ഇതുസംബന്ധിച്ച് വിശദമായ ചർച്ചയുണ്ടായേക്കും. ഇന്ന് വൈകിട്ട് നാലിന് എ.കെ.ജി സെന്ററിലാണ് യോഗം.

യു.ഡി.എഫിന് അനുകൂലമായുണ്ടായ ന്യൂനപക്ഷ ധ്രുവീകരണവും ശബരിമല വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ എതിരാളികൾക്കായതും വിനയായെന്നാണ് സി.പി.എമ്മും സി.പി.ഐയും ഉൾപ്പെടെയുള്ള ഇടതുപാർട്ടികളുടെ വിലയിരുത്തൽ. അതേസമയം വിശ്വാസികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതിൽ വീഴ്ചയുണ്ടായെന്ന വിമർശനം ജനതാദൾ എസ്, ലോക് താന്ത്രിക് ജനതാദൾ തുടങ്ങിയ കക്ഷികളും ഉയർത്തിയിട്ടുണ്ട്. വനിതാമതിലിന് പിന്നാലെ രണ്ട് യുവതികളെ ശബരിമലയിലെത്തിച്ചത് വിശ്വാസികളെ എതിരാക്കിയെന്നും സർക്കാരിനെ തെറ്റിദ്ധരിപ്പിക്കാൻ വഴിയൊരുക്കിയെന്നുമാണ് കോഴിക്കോട്ട് ചേർന്ന ലോക്‌താന്ത്രിക് ദളിന്റെ സംസ്ഥാന കമ്മിറ്റിയിലുണ്ടായ വിമർശനം.

സീറ്റുകൾ സി.പി.എമ്മും സി.പി.ഐയും വിഭജിച്ചെടുത്തതിലും ഘടകകക്ഷികൾക്ക് അമർഷമുണ്ട്. പ്രവർത്തകരിൽ ഇതുണ്ടാക്കിയ വികാരവും ചെറിയ തോതിലെങ്കിലും പ്രതിഫലിച്ചിട്ടുണ്ടെന്ന വിലയിരുത്തലുമുണ്ട്.

 നായർ സമുദായത്തിൽ എതിർവികാരം

ശബരിമല വിഷയം നായർ സമുദായാംഗങ്ങളിൽ സർക്കാരിനെതിരായ വികാരമുണ്ടാക്കിയെന്ന് ഇന്നലെ ചേർന്ന കേരള കോൺഗ്രസ് ബി സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം ന്യൂനപക്ഷ ധ്രുവീകരണവും ശബരിമല വിഷയത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചതുമെല്ലാം തിരിച്ചടിയിലേക്ക് നയിച്ചെന്നാണ് പൊതുവിലയിരുത്തൽ. ഇപ്പോഴത്തെ തിരിച്ചടി ശാശ്വതമല്ലെന്നും വിശ്വാസികളെയടക്കം തിരിച്ചുകൊണ്ടുവരാനാകുമെന്നും യോഗം വിലയിരുത്തി.