aa

തിരുവനന്തപുരം: പേട്ടയിൽ നാടിനെ നടുക്കിയ അപകടം വലിയൊരു ദുരന്തമായി മാറാതിരുന്നത് പത്രവിതരണക്കാരനായ ചെറുപ്പക്കാരന്റെ സന്ദർഭോചിതമായ ഇടപെടൽ കാരണം. പേട്ട പുള്ളി ലെയ്‌നിൽ രണ്ടു പേർ ഷോക്കേറ്റ് മരിച്ച സംഭവ സ്ഥലത്തേയ്ക്ക് കൂടുതൽ പേരെ കടത്തിവിടാതെ വിവരം അതുവഴി വന്നവരേയും പൊലിസിനെയും അറിയിച്ചാണ് പത്രവിതരണക്കാരനായ എസ്.സുമേഷ് രക്ഷകനായത്. രാവിലെ പുള്ളി ലെയ്‌നിൽ പത്രം വിതരണം ചെയ്യാനെത്തിയപ്പോഴാണ് സുമേഷ് വഴിയിൽ വെള്ളത്തിൽ മരിച്ചുകിടക്കുന്ന പ്രസന്നകുമാരിയെ കണ്ടത്. സൈക്കിളിൽ പത്രക്കെട്ടുമായി സുമേഷ് എത്തുമ്പോൾ വെളിച്ചം പരക്കുന്നേയുണ്ടായിരുന്നുള്ളൂ. ചാറ്റൽ മഴയുമുണ്ടായിരുന്നു. റോഡിൽ നല്ലപോലെ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ലെയ്‌നിലെ ഇടറോഡിൽ എത്തി അല്പദൂരം സൈക്കിളിൽ പോയപ്പോഴാണ് ഒരാൾ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടത്.

മരിച്ചു കിടക്കുകയാണെന്ന് ആദ്യകാഴ്ചയിൽ തന്നെ മനസിലായെന്ന് സുമേഷ് പറയുന്നു. ഒരു സ്ത്രീയാണെന്നും മനസ്സിലായി. പെട്ടെന്ന് എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. അല്പം മുന്നോട്ടുപോയാണ് സൈക്കിൾ നിറുത്തിയത്. സൈക്കിൾ പെടലിൽ നിന്ന് കാലെടുത്ത് താഴെ വെള്ളത്തിൽ ചവിട്ടിയപ്പോൾ നല്ല തരിപ്പ് അനുഭവപ്പെട്ടെന്നും കറന്റ് അടിക്കുന്നതാണെന്നു മനസിലായപ്പോൾ പേടിച്ച് സൈക്കിൾ നിയന്ത്രണം വിട്ടുമറിയുകയുമായിരുന്നെന്ന് സംഭവത്തെപ്പറ്റി സുമേഷ് ഓർമ്മിക്കുന്നു.
ഷോക്കേറ്റ പരിഭ്രാന്തിയിൽ അടുത്തുള്ള മതിലിലേക്ക് ചാടിക്കയറി രക്ഷപെടാൻ ശ്രമിച്ചപ്പോൾ മതിലിൽ നിന്നും സുമേഷിനും ഷോക്കടിച്ചു. ഓടി ചാക്ക മെയിൻ റോഡിലെത്തിയ സുമേഷ് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് അതുവഴി വന്ന എയർപോർട്ടിലെ ജീവനക്കാരായ രണ്ടു പെൺകുട്ടികളെ അപകടത്തെപ്പറ്റി പറഞ്ഞ് തടഞ്ഞു. ട്യൂഷന് പോകാൻ വന്ന രണ്ട് പെൺകുട്ടികളെയും മറ്റൊരു യുവാവിനെയും അപകടം ധരിപ്പിച്ചു. ഒപ്പം പൊലീസിനെയും വിവരമറിയിച്ചു. ലൈൻ ഓഫ് ചെയ്യാൻ പൊലീസ് കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി.
അല്പ സമയത്തിനകം പൊലീസ് സ്ഥലത്തെത്തി പുള്ളി ലെയ്‌നിലേക്കുള്ള വഴി ആളുകളെ കയറ്റിവിടാതെ കയർ കെട്ടി അടച്ചു. അതുവരേയും സുമേഷ് സ്ഥലത്ത് തുടർന്നു. സ്വന്തം ജീവൻ രക്ഷപ്പെട്ടതിന്റെയും കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെയും ആശ്വാസത്തിലാണ് സുമേഷ്.