sasi
ബി.ശശികുമാർ

തിരുവനന്തപുരം: ബാലഭാസ്കർ അറിയാതെ തലസ്ഥാനത്തെ ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തത് ചോദ്യം ചെയ്തതിന്റെ പേരിൽ സ്വ‌ർണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതിയായ വിഷ്ണുവിന് ബാലഭാസ്കറിനോട് വിരോധം ഉണ്ടായിരുന്നെന്ന നിർണായക വെളിപ്പെടുത്തലുമായി ബാലുവിന്റെ അമ്മാവനും വയലിനിസ്റ്റുമായ ബി. ശശികുമാർ.

തിരുവനന്തപുരത്തെ ബാലുവിന്റെ ഫ്ലാറ്റിന്റെ നോട്ടക്കാരൻ വിഷ്ണു ആയിരുന്നു. ഫ്ളാറ്റ് ബാലുവിനെ അറിയിക്കാതെ കാൽലക്ഷം രൂപയ്ക്ക് വിഷ്ണു പ്രതിമാസ വാടകയ്ക്ക് നൽകി. ഇതറിഞ്ഞതോടെ ബാലു വിഷ്ണുവുമായി വഴക്കുണ്ടാക്കി. തുടർന്ന് വാടകക്കാരെ വിഷ്ണുവിന് ഒഴിപ്പിക്കേണ്ടി വന്നു. ഗൾഫിൽ ചപ്പാത്തിക്കട തുടങ്ങാനെന്ന പേരിൽ 20 ലക്ഷം രൂപ വിഷ്ണു ബാലുവിനോട് കടമായി ചോദിച്ചിരുന്നു. വിഷ്ണുവിനും പ്രകാശൻ തമ്പിക്കും പൂന്തോട്ടം ഗ്രൂപ്പിനുമെല്ലാം ബാലുവുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.

ബാലുവുമായും കുടുംബവുമായും വർഷങ്ങളായി ബന്ധമുണ്ടായിരുന്ന വിഷ്ണുവും പ്രകാശനും അപകടത്തോടെ ആകെ മാറി. അതുവരെ സ്നേഹത്തോടെ പെരുമാറിയിരുന്ന അവർ എന്നെയും ബാലഭാസ്‌കറിന്റെ അച്ഛനെയും ആശുപത്രിയിൽ നിന്നു പോലും ഒഴിവാക്കാനാണ് ശ്രമിച്ചത്. അപകടമറിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഞങ്ങളോട് പറയാൻ പോലും അവർ തയ്യാറായില്ല. വാടക നൽകാൻ പണമില്ലാത്തതിനാൽ ബാലുവിന്റെ അച്ഛൻ താമസിച്ചിരുന്ന റൂം ഒഴിയണമെന്നുപോലും പ്രകാശൻ ആവശ്യപ്പെട്ടു.

ബാലഭാസ്‌കറിനൊപ്പം ഇരുവരെയും പലപ്പോഴും കണ്ടിട്ടുണ്ട്. ഇരുവരും മറ്റാരുടെയോ നിയന്ത്രണത്തിലായിരുന്നു. ആശുപത്രിയിലെ ഒരു മുറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശിയുമായിട്ടാണ് ഇരുവരും ചികിത്സ സംബന്ധിച്ച കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ബാലഭാസ്കറിന് തോളിന് വേദനയുണ്ടായപ്പോൾ സുഹൃത്തുക്കളാരോ ആണ് അവനെ ആയുർവേദ ചികിത്സയ്ക്കായി പാലക്കാടേക്ക് കൊണ്ടുപോയത്. പിന്നീട് ഡോക്ടറുമായി അടുപ്പത്തിലായ ബാലുവിനെ അവർ സാമ്പത്തികമായി ചൂഷണം ചെയ്തു. ആശുപത്രി കെട്ടിടം നിർമ്മിക്കാനും മകനെ വിദേശത്ത് അയച്ച് പഠിപ്പിക്കാനുമെല്ലാം ബാലുവിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയ അവർ ബാലു അപകടത്തിൽപ്പെടുന്ന ദിവസം അവനെ തുടർച്ചയായി ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു. അപകട ദിവസം അവരുടെ മകൻ ജിഷ്ണു തിരുവനന്തപുരത്തുണ്ടായിരുന്നു. ബാലുവും കുടുംബവും തൃശൂരിലെ ക്ഷേത്രത്തിൽ വഴിപാട് കഴിക്കാനെത്തുമെന്നറിഞ്ഞിട്ട് മകനെ തിരുവനന്തപുരത്തേക്ക് അയച്ചതിൽ ദുരൂഹതയുണ്ട്.

മരിക്കുന്നതിന് തലേന്നാണ് ബാലുവിനെ ഞാൻ അവസാനമായി കണ്ടത്. അവ്യക്തമായി എന്തൊക്കെയോ അവൻ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അടുത്തദിവസം റൂമിലേക്ക് മാറ്റാമെന്ന് ഡോക്ടർമാർ പറഞ്ഞു. എല്ലാം ഭേദമാകുമെന്ന് ആശ്വസിപ്പിച്ചാണ് തിരിച്ചിറങ്ങിയത്. ആരോഗ്യം ഭേദപ്പെട്ടുവരുന്ന വേളയിൽ പൊടുന്നനെയായിരുന്നു മരണം.

അപകടത്തിൽപ്പെട്ട കാറിൽനിന്നുള്ള സാധനങ്ങൾ അടുത്തദിവസം പ്രകാശൻ തമ്പിയും വിഷ്ണുവും കൂടിയാണ് ഏറ്റുവാങ്ങിയത്. ബാലുവിന്റെ മരണത്തിനുശേഷം അവന്റെ ഭാര്യയെ കാണാൻ പോലും ബന്ധുക്കൾക്ക് പ്രകാശന്റെ അനുമതി വേണ്ടിയിരുന്നു. ബാലുവിന്റെ മരണശേഷം അവന്റെ ഇടപാടുകളെല്ലാം പ്രകാശൻ തമ്പിയാണ് നടത്തുന്നത്. ബാലുവിന്റെ അച്ഛൻ പലതവണ തമ്പിയെ ഫോണിൽ വിളിച്ചു. ഒരുതവണ ഫോണെടുത്ത പ്രകാശൻ ചൂടായി.