തിരുവനന്തപുരം: അതിരാവിലെ വീട്ടിലേക്കെത്തിയ ദുരന്ത വാർത്തയുടെ ആഘാതം രാധാകൃഷ്ണന്റെയും പ്രസന്നകുമാരിയുടെയും വീട്ടുകാരിൽ നിന്ന് ഇനിയും വിട്ടുപോയിട്ടില്ല. രാവിലെ പതിവുപോലെ വീട്ടിൽ നിന്ന് ജോലിക്ക് പോയവരുടെ വേർപാട് അവർക്ക് വിശ്വസിക്കാനായില്ല. സംഭവം നടന്ന് രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് ഇരുവരുടെയും വീടുകളിൽ വിവരം അറിഞ്ഞത്.
ചാക്ക മുരുകൻ കോവിലിലെ പരികർമ്മിയായ രാധാകൃഷ്‌ണൻ നാട്ടുകാർക്കെല്ലാം സുപരിചിതനാണ്. പുലർച്ചെ പതിവുപോലെ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് രാധാകൃഷ്ണന് അപകടമുണ്ടായത്. പതിവുപോലെ ക്ഷേത്രത്തിലെ ജോലിക്കായി ആറുമണി കഴിഞ്ഞാണ് രാധാകൃഷ്ണൻ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധു പറയുന്നു. അപ്പോൾ ചാറ്റൽമഴയും വീ‌ടിനു മുമ്പിലെ വഴിയിൽ വെള്ളക്കെട്ടുമുണ്ടായിരുന്നു. പക്ഷേ ആ പോക്ക് ഇങ്ങനെയൊരു ദുരന്തത്തിലേക്കായിരിക്കുമെന്ന് കരുതിയില്ലെന്ന് ബന്ധുവായ മുരളീധരൻ കേരളകൗമുദിയോട് പറഞ്ഞു. നെടുമങ്ങാട് മുക്കോല സ്വദേശിനിയായ പ്രസന്നകുമാരി മകളുടെ വീട്ടിലാണ് കുറേക്കാലമായി താമസിക്കുന്നത്. കുമാരപുരത്ത് വീട്ടുജോലിക്ക് പോകാനായി പുലർച്ചെ അഞ്ചിന് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു പ്രസന്നകുമാരി. ലൈൻ പൊട്ടി വീണതറിയാതെ വെള്ളത്തിൽ ചവിട്ടിയാണ് അപകടമുണ്ടായത്. തത്ക്ഷണം മരണം സംഭവിക്കുകയായിരുന്നു.
നേരം പുലരും മുമ്പ് നാട്ടുകാരായ രണ്ടുപേരുടെ ജീവൻ നഷ്ടമായത് വിശ്വസിക്കാനാകാതെ അപകടവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. രാത്രിയിൽ മഴയ്ക്കും കാറ്റിനുമൊപ്പം ഇടയ്ക്കിടെ വൈദ്യുതി തടസവുമുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. രാത്രി അതുവഴി പലരും സഞ്ചരിച്ചിരുന്നെങ്കിലും അപകടം ഉണ്ടായില്ല. പുലർച്ചെയായിരിക്കാം ഓല വീണ് വൈദ്യുതി കമ്പി പൊട്ടിയതെന്ന് നാട്ടുകാർ കരുതുന്നു. മഴ കാരണം പുലർച്ചെ അധികമാരും പുറത്തിറങ്ങിയിരുന്നില്ല. ലൈൻ പൊട്ടിക്കിടക്കുന്നതറിഞ്ഞ പത്രവിതരണക്കാരൻ ആളുകളെ തടഞ്ഞതും പൊലീസെത്തി റോഡ് അടച്ചതും വൈദ്യുതി ഓഫ് ചെയ്‌തതും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ എല്ലാവരെയും ഇക്കാര്യം അറിയിച്ചതുമാണ് കൂടുതൽ അപായങ്ങൾ ഒഴിവാക്കിയത്.