ഏകദിന ക്രിക്കറ്റിന് ഇന്ത്യ സമ്മാനിച്ച എക്കാലത്തെയും മികച്ച താരങ്ങളിലൊരുവൻ, 2007ലെ ട്വന്റി-20, 2011 ഏകദിന ലോകകപ്പുകളിലെ ഇന്ത്യൻ തേരോട്ടത്തിന്റെ കേന്ദ്ര ബിന്ദു യുവ്‌രാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു. ഒപ്പം ഐ.പി.എല്ലിൽ നിന്നും അദ്ദേഹം വിരമിച്ചു. ഇനി വിദേശത്ത് നടക്കുന്ന ബി.സി.സി.ഐ അംഗമായ ടൂർണമെന്റുകളിൽ യുവി കളി തുടരും.
19 കൊല്ലം മുൻപ് ഒരു പതിനെട്ടുകാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പടികടന്നെത്തിയ യുവ‌്‌രാജ് സിംഗ് പകരം വയ്ക്കാനില്ലാത്ത ഒരുപിടി ഓർമ്മകൾ അവശേഷിപ്പിച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2000ത്തിലെ ചാമ്പ്യൻസ് ട്രോഫിയിൽ ആസ്ട്രേലിയയെ അടിച്ചു പറത്തിയതും 2002ലെ നാറ്റ്‌വെസ്റ്റ ട്രോഫി ഫൈനലിൽ മുഹമ്മദ് കൈഫിനെ ഒപ്പം കൂട്ടി അവിസ്‌മരണീയവും അവിശ്വസനീയവുമായ രീതിയിൽ വിജയം പിടിച്ചടക്കിയതും 2007ലെ ട്വന്റി-20 ലോകകപ്പിൽ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിലെ ആറ് പന്തുകളിലും സിക്സടിച്ചതും ധോണിക്ക് കപ്പുയർത്താൻ കൈമെയ് മറന്ന് സഹായം നൽകിയതും 2011ലെ ലോകകപ്പിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ദ്രജാലം കാട്ടി പ്ളേയർ ഒഫ് ദ സീരീസായതും സച്ചിൻ ടെൻഡുൽക്കർക്ക് വേണ്ടിയാണ് ലോകകപ്പ് നേടിയതെന്ന് ഹൃദയം തുറന്ന് പറഞ്ഞതും ഒടുവിൽ ലോകകപ്പിന്റെ ആരവങ്ങൾ അടങ്ങും മുമ്പ് കാൻസറിന്റെ നീരാളിക്കഴുകൻ തേടിയെത്തിയതും ധൈര്യം കൊണ്ട് രോഗത്തെ പടികടത്തി വിട്ടതും എക്കാലവും ഹൃദയത്തോട് ചേർത്തുവച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീലക്കുപ്പായത്തിലേക്ക് തിരികെ വന്നതും ഓരോ സീസണിലും ഏറ്റവും വിലയുള്ള താരമായി തന്നെ ഐ.പി.എൽ ക്ളബുകൾക്കായി കളിച്ചതും പ്രായവും ഫോമും വിലങ്ങുതടിയായി മാറിയപ്പോൾ മനസ്സിൽ മോഹമുണ്ടെങ്കിലും യുവതാരങ്ങൾക്കായി വഴിമാറാൻ കാട്ടിയ സന്മനസ്സും ഒക്കെ;... ഒക്കെ ആരാണ് മറക്കുക.
ഇന്ത്യൻ ക്രിക്കറ്റിന്റെ സമീപകാല അത്ഭുതത്തിന്റെ പേരാണ് യുവ്‌രാജ്. അടിമുതൽ മുടിവരെ പോരാളി. ഇന്നലെ തന്റെ വിടവാങ്ങൽ അറിയിച്ചുകൊണ്ട് സംസാരിക്കുമ്പോഴും യുവിയിലെ യോദ്ധാവ് ഊർജ്ജസ്വലനായിരുന്നു. തന്റെ കളിക്കാലംകൊണ്ട് ചരിത്രമെഴുതിയ യുവിയുടെ ബാറ്റ് ഇനി വിദേശ ലീഗുകളിൽ ഗർജ്ജിക്കും. ഏത് എതിരാളിയുടെ ഏത് ലെംഗ്തിലുള്ള പന്തും ഗാലറിയിലേക്ക് പറത്തുന്ന അസൂയാർഹമായ മികവുകൊണ്ടും സ്പിൻ ബൗളിംഗുകൊണ്ടും പോയിന്റിലെയും മിഡ്‌വിക്കറ്റിലെയും അതിവേഗ റിഫ്ളക്സുകൾ കൊണ്ടും ഡൈവിംഗ് ക്യാച്ചുകൾ കൊണ്ടും യുവ്‌രാജ് എന്ന ഇതിഹാസം കായിക പ്രേമികളുടെ മനസ്സിൽ എക്കാലവും ദിവ്യപ്രഭയോടെ നിറഞ്ഞുകത്തുകതന്നെ ചെയ്യും.
യുവ്‌രാജ് കരിയർ സ്റ്റാറ്റിസ്റ്റിക്സ്
(മത്സരങ്ങൾ, റൺസ്, ശരാശരി, ഉയർന്ന സ്കോർ, 50/100 വിക്കറ്റുകൾ എന്ന ക്രമത്തിൽ)
ടെസ്റ്റ് 40-1900-33-92-169-11/3-9
ഏകദിനം 304-8701-36.55-150-52/14-111
ട്വന്റി -20 58-117-28.02-77-8/0-28
22 വാര ക്രിക്കറ്റ് പിച്ചിനെ കേന്ദ്രീകരിച്ച 25 കൊല്ലങ്ങൾക്കു ശേഷം, 17 കൊല്ലത്തോളം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനോട് ഞാൻ വിടപറയുകയാണ്. എങ്ങനെയാണ് അടരാടേണ്ടതെന്നും എങ്ങനെയാണ് അടിതെറ്റുന്നതെന്നും അപ്പോൾ എങ്ങനെയാണ് വീണ്ടും എണീറ്റ് പൊടി തുടച്ചു കളഞ്ഞ് പോരാട്ടം തുടരേണ്ടതെന്നും എന്നെ പഠിപ്പിച്ചത് ഈ കളിയാണ്.
ക്രിക്കറ്റ് കളിച്ചു തുടങ്ങുന്ന കാലം ഇന്ത്യൻ കുപ്പായത്തിൽ 400ലേറെ മത്സരങ്ങൾ കളിക്കാൻ കഴിയുമെന്ന് ഞാൻ സ്വപ്നം കണ്ടതല്ല. ഈ ഗെയിമിനോട് എനിക്ക് സ്നേഹവും ദേഷ്യവും ഇടകലർന്ന ബന്ധമാണ്. എങ്ങനെയാണ് അത് വ്യക്തമാക്കേണ്ടതെന്ന് എനിക്കറിയില്ല. എന്നെ പോരാളിയാക്കിയത് ക്രിക്കറ്റാണ്. ഞാൻ വിജയിച്ചതിലേറെ തോറ്റിട്ടുണ്ട്. പക്ഷേ, ഒരിക്കലും നിരാശനായി ക്രിക്കറ്റ് ഉപേക്ഷിച്ചിട്ടില്ല.
-യുവ്‌രാജ് സിംഗ് വിടവാങ്ങൽ
സന്ദേശത്തിൽ പറഞ്ഞത്.
യുവിയുടെ അസാമാന്യ പ്രകടനങ്ങൾ
1. 2002 ലെ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിൽ ഇംഗ്ളണ്ടിന്റെ 326 റൺസ് ചേസ് ചെയ്യാൻ യുവ്‌രാജ് (63 പന്തിൽ 69) മുഹമ്മദ് കൈഫിനൊപ്പം കൂട്ടിച്ചേർത്ത 121 റൺസ് ലോർഡ്സിലെ ഡ്രെസിംഗ് റൂമിൽ സൗരവ് ഗാംഗുലി ജഴ്സിയൂരി വീശിയാണ് യുവിയുടെയും കൈഫിന്റെയും പോരാട്ടത്തിൽ വിരിഞ്ഞ വിജയം ആഘോഷിച്ചത്. 2. 2000 ത്തിലെ ഐ.സി.സി നോക്കൗട്ട് ട്രോഫിയിൽ സച്ചിനും ദ്രാവിഡും ഗാംഗുലിയും പുറത്തായി 90/3 എന്ന നിലയിൽ പതറിയിരുന്ന ഇന്ത്യയെ 80 പന്തിൽ 84 റൺസടിച്ച് കരകയറ്റിയ 18 കാരന്റെ ഇന്നിംഗ്സ്. ഒരു ഭയവുമില്ലാതെ മക്‌ഗ്രാത്തിനെയും ബ്രെറ്റ്‌ലീയെയും ഗില്ലസ് പീയെയുമൊക്കെ അടിച്ചുപറത്തിയത്. 3. 2007 ലെ ട്വന്റി 20 ലോകകപ്പിൽ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ എല്ലാ പന്തുകളിലും സിക്‌സടിച്ച അപൂർവത. തൊട്ടുമുമ്പ് തന്നെ പ്രകോപിപ്പിച്ച ഫ്ളിന്റോഫിനെതിരെ ബാറ്റുകൊണ്ട് യുവ്‌രാജ് നൽകിയ മറുപടിയിൽ ദീർഘനാളത്തേക്ക് ബ്രോഡിന്റെ ഉറക്കം തന്നെ നഷ്ടമാവുകയായിരുന്നു. 4. 2011 ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ആസ്ട്രേലിയയ്ക്കെതിരെ വിജയത്തിന് വഴിയൊരുക്കിയ അർദ്ധ സെഞ്ച്വറി 65 പന്തുകളിൽ പുറത്താകാതെ നേടിയ 57 റൺസ് രണ്ട് വിക്കറ്റുകൾ നേടുകയും റെയ്‌നയ്ക്കൊപ്പം 74 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്താണ് യുവി താരമായത്. 5. 2017 ജനുവരിയിൽ ഇംഗ്ളണ്ടിനെതിരെ 127 പന്തുകളിൽ നേടിയ 150 റൺസ്. രോഗബാധയ്ക്ക് ശേഷമുള്ള യുവിയുടെ രണ്ടാമത്തെ തിരിച്ചുവരവായിരുന്നു ഇത്. കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയത് ഇൗ മത്സരത്തിലായിരുന്നു. നാഴികക്കല്ലുകൾ . അന്താരാഷ്ട്ര ട്വന്റി 20 യിൽ ഒരോവറിൽ ആറ് സിക്സുകൾ നേടുന്ന ആദ്യ ബാറ്റ്സ്മാൻ. . അന്താരാഷ്ട്ര ട്വന്റി 20 യിലെ അതിവേഗ അർദ്ധ സെഞ്ച്വറിക്ക് ഉടമ. . 2011 ഏകദിന ലോകകപ്പിലെ പ്ളേയർ ഒഫ് ദ സിരീസ് വിടവാങ്ങൽ മത്സരം വേണ്ടെന്നുവച്ചു 2017 ൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ കളിച്ചുകഴിഞ്ഞ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ ബി.സി.സി.ഐ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ വിടവാങ്ങൽ മത്സരത്തിന് അവസരം നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഫിറ്റ്നെസ് ഇല്ലെങ്കിൽ കളിക്കാൻ ഒട്ടും താത്പര്യമില്ലെന്നായിരുന്നു യുവിയുടെ മറുപടി. ഡിസംബറിന് മുമ്പ് മൂന്നുതവണ ഫിറ്റ്നെസ് ടെസ്റ്റിൽ പരാജയപ്പെട്ട യുവി വിട വാങ്ങൽ മത്സരത്തെപ്പറ്റി ചിന്തിച്ചതേയില്ല. യുവിഗ്രാഫ് 1981 ഡിസംബർ 12ന് മുൻ ക്രിക്കറ്റർ യോഗ് രാജ് സിംഗിന്റെയും ഷബ്‌നത്തിന്റെയും മകനായി ജനിച്ചു. ടെന്നിസിലും റോളർ സ്കേറ്റിംഗിലുമായിരുന്നു ആദ്യം താത്പര്യമെങ്കിലും അച്ഛൻ പതിയെ ക്രിക്കറ്റിലേക്ക് വഴിതിരിച്ചു. അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ അമ്മയ്ക്കൊപ്പം. 13-ാം വയസിൽ പഞ്ചാബ് അണ്ടർ-16 ടീമിനുവേണ്ടി കളിച്ച് തുടക്കം. 1997 ൽ ഫസ്റ്റ് ക്ളാസ് അരങ്ങേറ്റം. ഒറീസയ്ക്കെതിരായ ആദ്യ രഞ്ജി മത്സരത്തിൽ ഡക്കായി മടങ്ങി. 2000 ത്തിൽ അണ്ടർ -19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലംഗം. കൈഫായിരുന്നു ക്യാപ്ടൻ. 2000 ത്തിലെ ഐ.സി.സി നോക്കൗട്ട് ടൂർണമെന്റിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം. 2000 ഒക്ടോബർ മൂന്നിന് കെനിയയ്ക്ക് എതിരെ അരങ്ങേറ്റം. 2003 ൽ ന്യൂസിലൻഡിനെതിരെ ടെസ്റ്റ് അരങ്ങേറ്റം. അതേവർഷം പാകിസ്ഥാനെതിരെ ടെസ്റ്റിൽ സെഞ്ച്വറി. 2007 ലെ ട്വന്റി 20 ലോകകപ്പ് നേട്ടത്തിലും 2011 ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും പ്രധാന പങ്ക്. 2011 ൽ ലോകകപ്പിന് ശേഷം ശ്വാസകോശ കാൻസർ ബാധ തിരിച്ചറിയുന്നു. അമേരിക്കയിൽ ഒരുവർഷത്തോളം നീണ്ട ചികിത്സ. 2012 ലെ ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് രോഗം മാറിയ യുവിയെ സെലക്ടർമാർ ക്ഷണിച്ചു. 2013 സെപ്തംബറിൽ ഏകദിന ടീമിലേക്കും തിരിച്ചുവന്നു. 2014 ലെ ഏഷ്യാകപ്പിൽ ടീമിലെടുത്തില്ലെങ്കിലും ട്വന്റി 20 ലോകകപ്പിൽ കളിച്ചു. 2015 ലെ ഏകദിന ലോകകപ്പിൽനിന്നും ഒഴിവാക്കപ്പെട്ടു. 2016 ൽ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടം നേടി. 2017 ൽ ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലും ടീമിൽ. 2017 ആഗസ്റ്റിൽ ലങ്കൻ പര്യടനത്തിനുള്ള ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടശേഷം പിന്നീട് തിരിച്ചുവിളിച്ചിട്ടില്ല. 2012 ഡിസംബറിൽ ഇംഗ്ളണ്ടിനെതിരെ കളിച്ചശേഷം ടെസ്റ്റിൽ അവസരം നൽകിയിട്ടില്ല. 2017 ഫെബ്രുവരി 1ന് ഇംഗ്ളണ്ടിനെതിരെ അവസാനട്വന്റി 20 2017 ജൂൺ 30ന് വിൻഡീസിനെതിരെ അവസാന ഏകദിനം കിംഗ്സ് ഇലവൻ പഞ്ചാബ് (2008-2018), പൂനെവാരിയേഴ്സ് (2011-13), ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് (2014), ഡൽഹി ഡെയർഡെവിൾസ് (2015), സൺറൈസേഴ്സ് ഹൈദരാബാദ് (2016-17), മുംബയ് ഇന്ത്യൻസ് (2019) എന്നീ ഐ.പി.എൽ ടീമുകളിൽ കളിച്ചു. പ്രീയം 12 നോട് തന്റെ ജന്മദിനമായ ഡിസംബർ 12 ലെ 12 ആണ് യുവിയുടെ ഇഷ്ട ജഴ്സി നമ്പർ. ഇന്ത്യൻ കുപ്പായത്തിലും ഐ.പി.എൽ ക്ളബുകളുടെ ജഴ്സിയിലും ഇതല്ലാതെ മറ്റൊരു നമ്പർ യുവി പതിപ്പിച്ചിട്ടില്ല. എന്നെന്നും ഒാർമ്മിക്കാൻ നിരവധി വിജയങ്ങളാണ് നിങ്ങൾ സമ്മാനിച്ചത്. സമ്പൂർണ ചാമ്പ്യൻ. വിരാട് കൊഹ്‌ലി ഒരു യുഗത്തിന്റെ അവസാനം സിക്സടിക്കാനും പറന്ന് ക്യാച്ചെടുക്കാനുമുള്ള അപാരമായ കഴിവ് ഇനി കാണാനാവില്ല. നിങ്ങൾ പുലർത്തിയ പ്രതിഭ ഇനിയുള്ളവർക്ക് പ്രചോദനമാകും. സുരേഷ് റെയ്‌ന. എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് യുവി പാഡഴിക്കുന്നത്. ഇൗ ഗെയിമിനോട് നിങ്ങൾ കാണിച്ച അർപ്പണ ബോധവും സ്നേഹവും ഞങ്ങൾക്കൊക്കെ പ്രചോദനമായിരുന്നു. വി.പി.എസ്. ലക്ഷ്മൺ യുവ് രാജ് സിംഗിനോടുള്ള ബഹുമാനാർത്ഥം 12-ാം നമ്പർ ജഴ്സി ഇനിയാർക്കും നൽകരുത്. ഗൗതം ഗംഭീർ. കളിക്കാർ ഇനിയും വരും. പോകും. പക്ഷേ യുവിയെപ്പോലുള്ളവരെ കിട്ടാൻ പ്രയാസമാണ്. നിരവധി പ്രതിസന്ധികൾ നേരിട്ടവനാണ് നീ. ബൗളർമാരെയും രോഗത്തെയും ഒരുപോലെ അടിച്ചുപറത്തി ഹൃദയങ്ങൾ കീഴടക്കി എന്നും ഹൃദയത്തിലുണ്ടാകും. വീരേന്ദർ സെവാഗ് എത്ര ഗംഭീരമായ കരിയറായിരുന്നു യുവീനിന്റേത്. ടീമിന് ആവശ്യമുള്ളപ്പോഴൊക്കെ ഒരു യഥാർത്ഥ ചാമ്പ്യനെപ്പോലെ നീ അവതരിച്ചു. എല്ലാ വെല്ലുവിളികളെയും ഉയർച്ച താഴ്ചകളെയും അപാര മനക്കരുത്തോടെ അതിജീവിച്ചു. ഇതുവരെയുള്ള മികവിന് നന്ദിയും ഇനിയുള്ള ഇന്നിംഗ്സിന് ആശംസകളും.