തിരുവനന്തപുരം: ജില്ലയിൽ മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. തീരദേശ, മലയോര മേഖലകളിലാണ് കനത്ത നാശനഷ്ടം. കാർഷിക മേഖലകളിൽ വ്യാപക നാശം വിതച്ചു. വിവിധയിടങ്ങളിലായി നൂറിലേറെ മരങ്ങൾ കടപുഴകി. പലയിടത്തും മരങ്ങൾ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ മഴ കാരണം വൈകിട്ട് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ഇന്നലെ വൈകിട്ട് മുതൽ നഗരത്തിലുണ്ടായ ശക്തമായ കാറ്റിൽ 45 ലധികം മരങ്ങളാണ് കടപുഴകിയത്. മണിക്കൂറുകളോളം തുടർന്ന മഴ നഗരത്തിലെ പലയിടങ്ങളെയും വെള്ളത്തിലാഴ്ത്തി. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. റോഡിൽ വെള്ളം കയറിയതോടെ യാത്രക്കാരും വലഞ്ഞു. മണിക്കൂറുകളോളം മഴ തോരാതെ നിന്നത്
നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. മലയോരമേഖലകളായ നെടുമങ്ങാട്, കാട്ടാക്കട, പാലോട്, വിതുര തുടങ്ങിയ പ്രദേശങ്ങളിൽ മഴയെത്തുടർന്നുണ്ടായ ശക്തമായ കാറ്റിൽ പലയിടത്തും റബർ ഉൾപ്പെടെയുള്ള മരങ്ങൾ കടപുഴകി. വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
പള്ളിച്ചൽ, കിളിമാനൂർ, വെങ്ങാനൂർ, വെഞ്ഞാറമൂട് മേഖലകളിലും വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നിരവധിയിടങ്ങളിൽ വൈദ്യുതി ലൈനുകളും തകരാറിലായിട്ടുണ്ട്. വെള്ളറട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നു. വേളി, പൂന്തുറ, വലിയതുറ, അഞ്ചുതെങ്ങ്, അടിമലത്തുറ, പനത്തുറ, വർക്കല തുടങ്ങി ജില്ലയിലെ തീരമേഖലയിലെ സ്ഥിതിയും രൂക്ഷമാണ്. അരുവിക്കര, നെയ്യാർ, പേപ്പാറ ഡാമുകളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. വ്യാപകമായി മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.