തിരുവനന്തപുരം : കോരിച്ചൊരിയുന്ന മഴയ്‌ക്കും നിശാഗന്ധി ആഡിറ്റോറിയത്തിൽ സ്റ്റീഫൻ ദേവസി തീർത്ത സംഗീത വിസ്മയത്തിന്റെ മാറ്റ് കുറച്ചില്ല. ആസ്വാദകരായി തലസ്ഥാനം ഒന്നടങ്കം നിശാഗാന്ധിയിൽ ചുവടുറപ്പിച്ചപ്പോൾ സംഗീതം ആവേശക്കടലായി. പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തിന് ശേഷമാണ് കീബോർഡിലെ വിസ്മയമായ സ്റ്റീഫൻദേവസിയും ചെണ്ടയിൽ വിസ്മയം തീർക്കുന്ന ആട്ടം കലാസമിതിയും ഫ്യൂഷൻ സംഗീത നിശയൊരുക്കിയത്.
കാണികൾക്കിടയിൽ നിന്ന് ആട്ടം കലാസമിതിയുടെ ചെണ്ടമേളത്തിന്റെ അകമ്പടിയിലാണ് കീബോർഡിൽ സംഗീതം പൊഴിച്ച് സ്റ്റീഫൻ വേദിയിലെത്തിയത്. വഴിനീളെ സംഗീതപ്രേമികൾക്ക് ഷേക്ക് ഹാൻഡ് നൽകി സ്റ്റേജിൽ എത്തിയ സ്റ്റിഫൻ, സർക്കാരിന് ആശംസനേർന്ന് രണ്ടു മിനിറ്റ് സംസാരിച്ചു. തുടർന്ന് കാണികളെ പാട്ടുകളിലേക്ക് ആകർഷിക്കാൻ അവരെക്കൊണ്ടും പാടിച്ചു. ഇടയ്ക്കിടെ കീബോർഡ് നിറുത്തി സദസിലുള്ളവർ പാടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും ചെയ്‌തു.
ആയിരം കണ്ണുമായി..., ഉണ്ണികളേ ഒരു കഥപറയാം...., കണ്ണാം തുമ്പി പോകാമോ...., എന്നീ പാട്ടുകളാണ് കാഴ്ചക്കാരെ കൂടി പങ്കാളിയാക്കി സ്റ്റീഫൻ പാടിച്ചത്. തുടർന്ന് മത്സ്യത്തൊഴിലാളികൾക്കുള്ള ആദരവായി കുട്ടനാടൻ പുഞ്ചയിലെ എന്ന എന്ന ഗാനം സ്റ്റീഫൻ സ്റ്റേജിൽ പാടി.
ബാലഭാസ്കറിന് ആദരവായി വലയിൻ ഫ്യൂഷനും അവതരിപ്പിച്ചു. ഇതേ ഗാനം താനും ബാലുവും ചേർന്ന് ഇതേ വേദിയിൽ പലവട്ടം അവതരിപ്പിച്ചിട്ടുണ്ടെന്ന ഓർമ്മ പുതുക്കിയാണ് സ്റ്റീഫൻ പാടിയത്. പിന്നാലെ പാടിയ താരക പെണ്ണാളേ എന്ന ഗാനത്തിനും വൻ കൈയടിയാണ് ലഭിച്ചത്. സ്റ്റീഫനെ കൂടാതെ ആറ് വാദ്യമേളക്കാരും രണ്ടു ഗായകരുൾപ്പെടുന്ന ബാൻഡും 18 ചെണ്ടമേളക്കാരുള്ള ആട്ടം കലാസമിതിയുൾപ്പെടുന്ന മ്യൂസിക് നൈറ്റ് രണ്ടു മണിക്കൂറോളം നീണ്ടു.