uefa-nations-league

പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗ് കിരീടം

പോർട്ടോ : പ്രഥമ യുവേഫ നേഷൻസ് ലീഗ് ഫുട്ബാൾ കിരീടം ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിന്. കഴിഞ്ഞ രാത്രി നടന്ന ഫൈനലിൽ ഹോളണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് പോർച്ചുഗൽ കിരീടമണിഞ്ഞത്. 2016ലെ യൂറോകപ്പ് ചാമ്പ്യൻമാരാണ് പോർച്ചുഗൽ. ക്രിസ്റ്റ്യാനോയുടെ രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണിത്.

സ്പാനിഷ് ക്ളബ് വലൻസിയെക്ക് വേണ്ടി കളിക്കുന്ന വിംഗർ ഗോൺസാലോ ഗെയ്ഡസാണ് ഇന്നലെ പോർച്ചുഗലിന്റെ വിജയഗോൾ നേടിയത്. 60-ാം മിനിട്ടിലായിരുന്നു ഗോൾ. ഡച്ച് ഡിഫൻഡർമാരായ വിർജിൽ വാൻഡിക്കും മതീസ് ഡിലിറ്റും ചേർന്ന് വരിഞ്ഞുമുറുക്കിയതിനാൽ ക്രിസ്റ്റ്യാനോയ്ക്ക് മികവ് പുലർത്താൻ കഴിഞ്ഞില്ല.

പോർച്ചുഗലിന്റെ 10-ാം നമ്പർ കുപ്പായക്കാരൻ ബെർണാഡോ സിൽവയാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. സെമിയിലും ഫൈനലിലും മാത്രമാണ് ക്രിസ്റ്റ്യാനോ കളിച്ചത്. സെമിയിൽ സ്വിറ്റ്സർലൻഡിനെ പോർച്ചുഗൽ 3-1ന് കീഴടക്കിയപ്പോൾ മൂന്ന് ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ലൂസേഴ്സ് ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെ ഷൂട്ടൗട്ടിൽ 6-5ന് കീഴടക്കി ഇംഗ്ളണ്ട് മൂന്നാം സ്ഥാനക്കാരായി. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതുകൊണ്ടാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.