world-cup
world cup

ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ്

ലോകകപ്പ് മത്സരം മഴകാരണം

ഉപേക്ഷിച്ചു

സതാംപ്ടൺ : ദക്ഷിണാഫ്രിക്കയുടെ അവശേഷിച്ച ലോകകപ്പ് മോഹങ്ങൾക്ക് മീതേ കനത്ത പ്രഹരമായി മഴയും. ആദ്യമൂന്ന് മത്സരങ്ങളിലും ദാരുണമായി പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നലെ നാലാം മത്സരം മഴ കാരണം ഉപേക്ഷിക്കുന്നതിന് ഇരകളാകേണ്ടിവന്നു. പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറന്നെങ്കിലും ഇനിയുള്ള അഞ്ച് മത്സരങ്ങളും ജയിക്കേണ്ട പ്രതിസന്ധിയിലേക്കാണ് ഫാഫ് ഡുപ്ളെസിയും കൂട്ടരും എത്തിയിരിക്കുന്നത്.

ഇന്നലെ സതാംപ്ടണിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 7.3 ഒാവറിൽ 29/2 എന്ന നിലയിലെത്തിയപ്പോഴാണ് മഴ വീണത്. പിന്നീട് ഒരു പന്തുപോലും എറിയാനായില്ല. ഹാഷിം അംല (6), മാർക്രം എന്നിവരെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. കോട്ടെറലാണ് ഇരുവരെയും പുറത്താക്കിയത്.

ഇരുടീമുകളും ഒാരോ പോയിന്റ് പങ്കുവച്ചു. മൂന്ന് മത്സരങ്ങളിൽനിന്ന് മൂന്ന് പോയിന്റായ വിൻഡീസ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. നാല് കളികളിൽനിന്ന് ഒരു പോയിന്റ് മാത്രമുള്ള ദക്ഷിണാഫ്രിക്ക ഒൻപതാം സ്ഥാനത്താണ്.

ബെയ്ൽ വീഴാതെങ്ങനെ ഒൗട്ടാകും?

ലണ്ടൻ : ലോകകപ്പിൽ പന്ത് സ്റ്റംപിൽ കൊണ്ടിട്ടും ബെയിൽസ് തെറിക്കാത്തതിനാൽ ഒൗട്ട് വിളിക്കാനാവാത്ത സ്ഥിതി തുടരുന്നു. കഴിഞ്ഞദിവസം ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിൽ ബുംറയുടെ പന്തിൽ വാർണർക്കാണ് ഇത്തരത്തിൽ ജീവൻ തിരിച്ചുകിട്ടിയത്. ലോകകപ്പിന് ഉപയോഗിക്കുന്ന പ്രത്യേക ബെയിൽസിന്റെ പ്രശ്നമാണിതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇന്ത്യയുടെയും ആസ്ട്രേലിയയുടെയും ക്യാപ്ടൻമാർ ഇതേപ്പറ്റി ഐ.സി.സിക്ക് പരാതി നൽകിയിരിക്കുകയാണ്.