കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണിൽ പ്രവർത്തിക്കുന്ന കോട്ടക്കുഴി സൂപ്പർ മാക്കറ്റിലും സ്മാർട്ട് ഫാൻസി സെന്ററിലും ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ കടകൾ പൂർണമായും കത്തി നശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായത്. സൂപ്പർ മാർക്കറ്റിനോട് ചേർന്നുള്ള സ്വകാര്യ ആശുപത്രിയുടെ ജനലുകൾക്ക് തീപിടിച്ചെങ്കിലും ദുരന്തം ഒഴിവായി. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് ആശുപത്രിയിലേക്ക് തീ പടരാതെ കാത്തത്.
ഓപ്പറേഷന് വിധേയരായ 27 രോഗികളെ താലൂക്ക് ആശുപത്രിയിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. കനത്ത പുക ആശുപത്രിയിലേക്ക് അടിച്ചുകയറിയതിനെ തുടർന്ന് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പുലർച്ചെ 2.25 ഓടെയാണ് സ്മാർട്ട് ഫാൻസി സ്റ്റെന്ററിൽ നിന്ന് തീ ഉയരുന്നത് കണ്ടെതെന്ന് ഹൈവേയിൽ പട്രോളിംഗ് നടത്തിയിരുന്ന സബ് ഇൻസ്പെക്ടർ വി.പ്രസന്നൻ പറഞ്ഞു. ഉടൻ കരുനാഗപ്പള്ളി ഫയർ ഫോഴ്സിനും പൊലീസിനും വിവരം കൈമാറി.
ഫയർ സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഭവ സ്ഥത്തെത്തി തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. ആദ്യം ആശുപത്രിയിലേക്ക് തീ പടരാതിരിക്കാനാണ് പരിശ്രമിച്ചത്. ഇതോടൊപ്പം കരുനാഗപ്പള്ളിയിലെ ആംബുലൻസ് ഡ്രൈവർമാരുടെ സഹായത്തോടെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീ നിയന്ത്രണ വിധയമല്ലെന്ന് മനസിലാക്കിയതോടെ കൊല്ലം ഫയർ ഓഫീസറെ വിവരം അറിയിച്ചു. തുടർന്ന് കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്ന് 15 ഓളം ഫയർ യൂണിറ്റുകളും 100 ഓളം ഫയർമാന്മാരും സംഭവ സ്ഥലത്തെത്തി. ഈ സമയം പൊലീസ് ദേശീയപാത വഴി വന്ന വാഹനങ്ങൾ ഗതി തിരിച്ചുവിട്ടു.
ഗ്യാസുമായി വന്ന ബുള്ളറ്റ് ടാങ്കർ ലോറികൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഇതോടെ ടൗൺ പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലായി. 15 ഫയർ എഞ്ചിനുകൾ ഉപയോഗിച്ച് ഫയർമാൻമാർ നിരന്തരമായി പരിശ്രമിച്ചതിന്റെ ഫലമായി 3.30 ഓടെ തീ നിയന്ത്രണ വിധേയമായി. തുടർന്ന് ഒരു വിഭാഗം ഫയർമാൻമാർ മറ്റിടങ്ങളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ വെള്ളം ചീറ്റിച്ചുക്കൊണ്ടിരുന്നു. ഒരു വിഭാഗം കടകളുടെ ഷട്ടർ പൊളിച്ച് അടത്തു കടന്ന് തീ അണയ്ക്കാൻ ആരംഭിച്ചു. രാവിലെ 7 ഓടെയാണ് തീ പൂർണമായും കെടുത്താൻ കഴിഞ്ഞത്. വിശാലമായ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മുഴുവൻ സാധനങ്ങളും കത്തി ചാമ്പലായി.
പെരുന്നാളും സ്കൂൾ തുറപ്പിനുമായി ബന്ധപ്പെട്ട് കോടികളുടെ സാധനങ്ങളാണ് ഇരു കടകളിലും സൂക്ഷിച്ചിരുന്നത്. കെട്ടിടവും പൂർണമായും കത്തി നശിച്ചു. രണ്ട് ലക്ഷം ലിറ്റർ വെള്ളം തീ അണയ്ക്കുന്നതിന് ഉപയോഗിക്കേണ്ടി വന്നെന്ന് ജില്ലാ ഫയർ ഓഫീസർ ജെ.ഹരികുമാർ പറഞ്ഞു. ചവറ കെ.എം.എം.എൽ കമ്പനിയാണ് ആവശ്യത്തിന് വെള്ളം നൽകിയത്. ആർ.രാമചന്ദ്രൻ എം.എൽ.എ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയായി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ജില്ലാ ഫയർ ഓഫീസർ ജെ.ഹരികുമാർ, ഫയർ ഓഫീസർമാരായ ഷാജി, സക്കറിയാ അഹമ്മദ്കുട്ടി, സാബുലാൽ, പ്രസന്നൻപിള്ള, കരുനാഗപ്പള്ളി എ.സി.പി അരുൺരാജ് തുടങ്ങിയവർ നേതൃത്വം നൽകി.