red-58

ശിരസ്സിൽ ഏറ്റ കനത്ത പ്രഹരമാണ് സി.ഐ അലിയാരുടെ ഓർമ്മ നഷ്ടപ്പെടുവാൻ കാരണമായതെന്ന് വാഴക്കൂട്ടം അപ്പുണ്ണി വൈദ്യർക്ക് അറിയാം.

ഓർമ്മ തിരികെ കിട്ടണമെങ്കിൽ ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ എടുത്തെന്നിരിക്കും.

മിക്കവാറും ദിവസങ്ങളിൽ ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ വാച്ചർ തങ്കപ്പൻ അലിയാരെ കാണാൻ എത്തും.

ആരോടും ഒന്നും പറയാതെ, താൻ ആരെന്നു പോലും അറിയാതെ വിദൂരതയിലേക്കു കണ്ണും നട്ടിരിക്കുന്ന അലിയാരെ കാണുമ്പോൾ അയാൾക്കു സങ്കടം വരും.

അപ്പുണ്ണി വൈദ്യൻ, അലിയാരെപ്പറ്റി, തങ്കപ്പനുമായി സംസാരിച്ചു.

''ഈ നിലയിൽ ഇവിടെയിങ്ങനെ ഇദ്ദേഹത്തെ താമസിപ്പിച്ചിട്ട് കാര്യമില്ല തങ്കപ്പാ... മുറിവ് പരിപൂർണ്ണമായും ഭേദപ്പെട്ടുകഴിഞ്ഞു. ഇനി ഇദ്ദേഹത്തിന്റെ വീട്ടിൽ വിവരമറിയിച്ച് അവിടേക്കു മാറ്റുന്നതാണ് ഉത്തമം. ഞാൻ പറയുന്ന ചികിത്സാരീതികൾ യഥാവിധി ചെയ്താൽ മതിയാകും. എന്താ?"

തങ്കപ്പൻ ചിന്തിച്ചുനോക്കി.

ശരിയാണ്!

എന്നാൽ അടുത്ത നിമിഷം അയാൾക്ക് അപകടം മണത്തു.

അലിയാർ സാർ ജീവിച്ചിരിപ്പുണ്ടെന്ന് മറ്റുള്ളവർ അറിഞ്ഞാൽ...

പരുന്ത് റഷീദും അണലി അക്‌ബറും ആദ്യം തല വെട്ടുന്നത് തന്റേയായിരിക്കും. പണവും വാങ്ങിയിട്ട് അവരെ ചതിച്ചെന്നു മനസ്സിലായാൽ അവർ തനിക്കു മാപ്പു തരില്ല.

ആ വിവരം അയാൾ അപ്പുണ്ണി വൈദ്യനോടു പറഞ്ഞു.

തങ്കപ്പൻ പറയുന്നതിലും കാര്യമുണ്ടെന്നു വൈദ്യൻ തിരിച്ചറിഞ്ഞു.

മാത്രമല്ല എം.എൽ.എ കൂടി ഉൾപ്പെട്ട പ്രശ്നങ്ങളാണ് നടന്നിരിക്കുന്നതെന്ന് വൈദ്യർക്കും അറിയാം.

വൈദ്യരുടെ മൗനത്തിലേക്ക് തങ്കപ്പന്റെ ശബ്ദം ചിതറി വീണു.

''വൈദ്യരേ.... ഇദ്ദേഹത്തെ ഇവിടെ താമസിപ്പിക്കുന്നതിൽ അങ്ങേയ്ക്കു ബുദ്ധിമുട്ടുണ്ടോ? എന്റെ കയ്യിൽ കുറച്ചു പണമുണ്ട്. അലിയാർ സാറിന്റെ ചികിത്സയ്ക്കായി ഞാൻ അതു തന്നാലോ?"

വൈദ്യരുടെ മുഖത്ത് ഒരു ചിരി വന്നു.

''താൻ എന്താ തങ്കപ്പാ കരുതിയിരിക്കുന്നത്? ചികിത്സയിലൂടെ ഞാൻ പ്രതീക്ഷിക്കുന്നത് ലാഭമാണെന്നോ... അങ്ങനെ ഞാൻ ചെയ്തിരുന്നെങ്കിൽ നിലമ്പൂരിന്റെ ഭൂരിഭാഗവും എനിക്ക് വാങ്ങിക്കൂട്ടാമായിരുന്നു."

അപ്പുണ്ണി വൈദ്യൻ ഒന്നു നിർത്തി.

''അല്ല വൈദ്യരേ.. ഞാൻ...."

തങ്കപ്പൻ വിക്കി.

അയാളെ തടഞ്ഞുകൊണ്ട് അദ്ദേഹം തുടർന്നു:

''ചികിത്സിച്ച് മറ്റുള്ളവരുടെ അസുഖം ഭേഭമാക്കുന്നത് എനിക്കൊരു തപസ്യയാണ്. ആരോടും ഞാൻ കണക്കുപറഞ്ഞ് ധനം വാങ്ങാറില്ല. ദക്ഷിണയായി ആര് എന്തു തന്നാലും വേണ്ടെന്നു പറയാറുമില്ല."

മുറ്റത്തു നിൽക്കുന്ന നെല്ലിമരത്തിനു ചുറ്റും കെട്ടിയിരിക്കുന്ന കരിങ്കൽത്തറയിൽ നിശ്ചലനായി ഇരിക്കുന്ന സി.ഐ അലിയാരിലേക്ക് അപ്പുണ്ണി വൈദ്യന്റെ കണ്ണുകൾ നീണ്ടുചെന്നു.

അദ്ദേഹം വീണ്ടും പറഞ്ഞു.

''എത്രകാലം വേണമെങ്കിലും അലിയാർ സാറ് ഇവിടെ കഴിഞ്ഞോട്ടെ. ഒരു പൂർണ്ണ മനുഷ്യനാക്കി അദ്ദേഹത്തെ മടക്കി അയയ്ക്കാം എന്ന ഉറച്ച വിശ്വാസമുണ്ട് എനിക്ക്. അതിന്റെ പേരിൽ തങ്കപ്പൻ എനിക്ക് പണം തരികയൊന്നും വേണ്ടാ."

തങ്കപ്പന് ആശ്വാസമായി.

''എങ്കിൽ ഞാൻ പോയിട്ട് നാളെയോ മറ്റന്നാളോ വരാം.... നാളെ നാല് മൃതദേഹങ്ങൾ ദഹിപ്പിക്കാനുണ്ട്."

തങ്കപ്പൻ യാത്ര പറഞ്ഞു.

** ** ***

തന്റെ അമ്യൂസ്‌മെന്റ് പാർക്കിന്റെ ഓഫീസിലിരുന്ന് പ്രതിപക്ഷ നേതാവ് ആറന്മുള ദിനകരനുമായി ഫോണിൽ സംസാരിക്കുകയാണ് എം.എൽ.എ ശ്രീനിവാസ കിടാവ്.

''നേതാവേ... പാർലമെന്റ് തിരഞ്ഞെടുപ്പിന് ഞാൻ കോടികൾ വാരിക്കോരി ചിലവഴിച്ചത് വെറുതെയാണെന്നു കരുതുന്നുണ്ടോ? നമ്മൾ തമ്മിൽ ഒരു വാക്കുണ്ടായിരുന്നു. ഇലക്‌ഷൻ കഴിഞ്ഞാലുടൻ എന്റെ പാർക്കിന്റെ കാര്യത്തിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കാമെന്ന്."

''അതെ." ദിനകരന്റെ ശബ്ദം ഫോണിലൂടെ ഒഴുകിയെത്തി. ''ഒന്നും ഞാൻ നിഷേധിക്കുന്നില്ല കിടാവേ... പക്ഷേ നമ്മുടെ കാലക്കേടിന് കേരളത്തിലെ ഇരുപതിൽ പത്തൊൻപത് സീറ്റും നേടിയെങ്കിലും കേന്ദ്രം പോയില്ലേ... പ്രതിപക്ഷത്ത് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥ. പരിസ്ഥിതി ലോല പ്രദേശമാണെന്നു പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിക്കും. പോരെങ്കിൽ കഴിഞ്ഞ വർഷം ഈ സമയത്തുണ്ടായ മഴയിൽ, പാർക്ക് ഇരിക്കുന്ന കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞു താഴുകയും ചെയ്തില്ലേ?"

''അതുകൊണ്ട്? എന്റെ നഷ്ടങ്ങൾ ഞാൻ സ്വയം സഹിച്ചോണം എന്നാണോ?"

കിടാവിനു ദേഷ്യം വന്നു.

''അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ. ഒരു സാവകാശം വേണം. ആഢ്യൻപാറയിൽ മൂന്നു തവണ ഉരുൾ പൊട്ടിയതും നമ്മളെ പ്രതികൂലമായി ബാധിക്കും."

''ഇതൊന്നും എന്റെ വിഷയമല്ല നേതാവേ. ഞാൻ എന്തു ചെയ്യണം? അത് പറ...."

''താൻ ഒരു രണ്ടുമാസം കൂടി കാത്തിരിക്ക്. അപ്പോഴേക്കും നമുക്ക് ഒരു മാർഗ്ഗം കണ്ടെത്താം."

കിടാവിന്റെ മറുപടിക്കു കാക്കാതെ ആറന്മുള ദിനകരൻ കാൾ മുറിച്ചു.

ശ്രീനിവാസ കിടാവിന് ആകെ പെരുത്തു കയറി. ഓരോരുത്തർക്കും അവനവന്റെ കാര്യം മാത്രം.

ദേഷ്യത്തോടെ അയാൾ തന്റെ സെൽഫോൺ മേശപ്പുറത്തേക്കിട്ടു.

ദിവസങ്ങൾ പിന്നെയും കഴിഞ്ഞു.

പാഞ്ചാലി മരിച്ചിട്ട് മൂന്നു മാസങ്ങൾ പിന്നിട്ടിരിക്കുന്നു.

വിവേക് മരിച്ചതിനു പിന്നിലുള്ള രഹസ്യങ്ങളുടെ മറ നീക്കാൻ പോലും പോലീസിനു കഴിഞ്ഞില്ല.

അങ്ങനെയിരിക്കെ ഒരു പ്രഭാതം.

നിലമ്പൂർ ബസ് സ്റ്റാന്റിൽ അടഞ്ഞുകിടന്നിരുന്ന കടയ്ക്കു മുന്നിൽ വെയിസ്റ്റ് വീപ്പയിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ വാരിത്തിന്നുന്ന ഒരു രൂപം കണ്ട് ജനം മുഖം തിരിച്ചു....

(തുടരും)