red-60

''എന്താ സാർ പക്ഷേ...?"

പ്രജീഷ് പെട്ടെന്നു തിരക്കി.

''എന്തു ചെയ്താലും അത് വളരെ രഹസ്യമായിട്ട് ആയിരിക്കണം. കാരണം സ്വന്തം ജ്യേഷ്ഠന്റെ സ്വത്തുക്കൾ ചന്ദ്രകല വിറ്റുനശിപ്പിക്കുന്നു എന്നു പറഞ്ഞ് ആ അനന്തഭദ്രനും ബലഭദ്രനും കോടതിയിൽ പോയാലോ?"

''അങ്ങനെ പോയിട്ട് എന്താ സാറേ കാര്യം?"

ചന്ദ്രകല വാദിച്ചു:

''എനിക്കും പാഞ്ചാലിക്കും തുല്യ അവകാശം കാണിച്ച് അദ്ദേഹം എഴുതിത്തന്ന സ്വത്തുക്കൾ...

ഒരാൾ ഇല്ലാതെയായാൽ അടുത്തയാളിലേക്ക് എല്ലാം എത്തിപ്പെടും എന്നുള്ളതാണല്ലോ അതിന്റെ നിയമം?"

ശ്രീനിവാസ കിടാവ് തല കുലുക്കി.

''ഒക്കെ ശരിതന്നെ. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നാണല്ലോ പ്രമാണം? ഈ കോവിലകം കുടുംബസ്വത്താണെന്നും തങ്ങൾക്കും കൂടി അവകാശം ഉള്ളതാണെന്നും പറഞ്ഞ് എതെങ്കിലും മുൻ ആധാരവും കാട്ടി അവർ കോടതിയിൽ ചെന്നാലോ... സിവിൽ കേസായതുകൊണ്ട് എത്രകാലം നീളും വിധി വരുവാൻ എന്നൊന്നും നമുക്ക് പറയാനാവില്ല. ഒക്കെ എന്റെയൊരു നിഗമനം മാത്രമാണെന്നു കരുതിക്കോ... എന്നാലും നമ്മൾ അത് മുന്നിൽ കാണണം."

എം.എൽ.എ പറയുന്നതിൽ കാര്യമുണ്ടെന്നു തോന്നി ചന്ദ്രകലയ്ക്കും പ്രജീഷിനും.

''എങ്കിൽ എന്തു ചെയ്താലും വളരെ രഹസ്യമായിട്ടു തന്നെ ചെയ്യാം സാർ...."

ചന്ദ്രകല സമ്മതിച്ചു.

പിന്നെ പെട്ടെന്ന് ഓർത്തതു പോലെ എഴുന്നേറ്റു.

''സാറ് വരൂ.... ഇവിടെ വന്നിട്ട് ഒന്നും തന്നില്ല ഞാൻ."

''ഇപ്പോഴൊന്നും വേണമെന്നില്ല കലേ..." കിടാവ് ചിരിച്ചു.

''എന്നു പറഞ്ഞാൽ പറ്റില്ല. പൂരിയും ചിക്കൻ കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട് ഞാൻ."

ചന്ദ്രകലയ്ക്കു പിന്നാലെ കിടാവും പ്രജീഷും തീൻ മുറിയിലേക്കു നടന്നു.

ചായയും മറ്റും എടുക്കാനായി ചന്ദ്രകല കിച്ചണിൽ എത്തി.

എന്നാൽ..

മുന്നിലെ കാഴ്ചകണ്ട് അവൾ സ്തബ്ധയായി....

ചിക്കൻ കറി തറയിൽ ചിതറിക്കിടക്കുന്നു...!

ആരോ കടിച്ചു തുപ്പിയതുപോലെ ചില അസ്ഥിക്കഷണങ്ങൾ... പൂരി കുനു കുനെ വലിച്ചുകീറി ഇട്ടിരിക്കുന്നു...

''പ്രജീഷ്. ഇങ്ങോട്ടൊന്നു വന്നേ..."

അവിടെ നിന്നുകൊണ്ട് അവൾ ഉറക്കെ വിളിച്ചു.

എന്തോ കുഴപ്പമുണ്ടെന്നു തോന്നി പ്രജീഷിനൊപ്പം ശ്രീനിവാസ കിടാവും കിച്ചണിലേക്കു വന്നു.

അവിടുത്തെ രംഗം അവരുടെ നെറ്റി ചുളിപ്പിച്ചു.

''ഇത് ആരോ മനപ്പൂർവ്വം ചെയ്തതാ."

ചന്ദ്രകല തീർത്തു പറഞ്ഞു.

''അതിന് ഇവിടെ ആരു വരാനാ? ദാ, അടുക്കളയിൽ നിന്നു പുറത്തേക്കുള്ള വാതിൽ അടഞ്ഞു കിടക്കുന്നതു കണ്ടില്ലേ?"

''ശരിയാണല്ലോ...."

ചന്ദ്രകല വിരൽ കടിച്ചു.

''പിന്നെങ്ങനെയിത്...."

ആർക്കും അതിന് ഉത്തരമില്ല.

''മുൻവശത്തെ വാതിൽ വഴിയല്ലാതെ ആർക്കും ഇതിനുള്ളിൽ കയറുവാൻ കഴിയില്ല. ആ വാതിലാണെങ്കിൽ അടച്ചിരിക്കുകയുമായിരുന്നു. സാറ് വന്നപ്പഴാ നമ്മള് തുറന്നതു തന്നെ."

പ്രജീഷ് ഓർമ്മിച്ചു.

പുറത്ത് നല്ലവണ്ണം ഇരുൾ വീണു കഴിഞ്ഞിരുന്നു.

പെട്ടെന്ന് കിടാവു പറഞ്ഞു.

''ഇത് മരപ്പട്ടിയോ മറ്റോ ചെയ്തതാ. ഇറച്ചി കറിവച്ച പാത്രം താഴെ കമിഴ്‌ന്നു കിടക്കുന്നതു കണ്ടില്ലേ... പഴയ കോവിലകമല്ലേ.. തട്ടിൻ പുറത്തൊക്കെ മരപ്പട്ടികൾ ധാരാളം കാണും."

അതു ശരിയാണെന്ന് ചന്ദ്രകലയ്ക്കും തോന്നി.

പലപ്പോഴും രാത്രികാലങ്ങളിൽ മരപ്പട്ടികൾ ബഹളമുണ്ടാക്കി ചാടി മറിയുന്നതു കേട്ടിട്ടുണ്ട്.

അവയിൽ ഒന്നിനെയെങ്കിലും കെണിവച്ച് പിടിക്കണമെന്ന് നേരത്തെയൊക്കെ താൻ രാമേട്ടനോടു പറഞ്ഞിട്ടുമുണ്ട്.

മരപ്പട്ടിയുടെ ഇറച്ചിക്ക് നല്ല സ്വാദാണ്. എന്നാൽ രാമേട്ടന് എതിർപ്പായിരുന്നു.

''അവറ്റകളും ജീവിച്ചു പൊക്കോട്ടെ കലേ... നിരുപദ്രവകാരികൾ... എന്തിനാ വെറുതെ അവറ്റകളെ കൊന്ന് പാവമുണ്ടാക്കുന്നത്?"

എത്ര നിർബന്ധിച്ചാലും അക്കാര്യത്തിൽ രാമേട്ടന് മനംമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാൽ പിന്നീട് താൻ അങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല...

''ങാ. പോയതു പോകട്ടെ. നിങ്ങൾക്കുള്ള രാത്രി ഭക്ഷണം ഇവിടെയെത്തിക്കാൻ ഞാൻ ഏതെങ്കിലും ഹോട്ടലിൽ ഏർപ്പാടു ചെയ്യാം."

കിടാവ് തിരിഞ്ഞുനടന്നു.

ഇനി അടുക്കള മുഴുവൻ വൃത്തിയാക്കണം. അതായിരുന്നു ചന്ദ്രകലയ്ക്ക് ബുദ്ധിമുട്ട്.

എന്തായാലും ഇപ്പോൾ വയ്യ എന്നു തീരുമാനിക്കുകയും ചെയ്തു.

അവളും പ്രജീഷും കിടാവിന്റെയൊപ്പം കിച്ചണിൽ നിന്നിറങ്ങി.

''എങ്കിൽ ഞാനിറങ്ങട്ടെ."

കിടാവു പറഞ്ഞു. ''എന്തു ചെയ്താലും അത് സൂക്ഷിച്ചുവേണം."

''ഞങ്ങളും വരാം സാറേ നിലമ്പൂർക്ക്. ഭക്ഷണം കഴിച്ചിട്ടു മടങ്ങിക്കോളാം."

ചന്ദ്രകല മുറിയിൽ കയറി കാറിന്റെ താക്കോൽ എടുത്ത് പ്രജീഷിനെ ഏൽപ്പിച്ചു.

മൂവരും പുറത്തേക്കു നടന്നു. അപ്പോൾ ജനാലയിലൂടെ കണ്ടു...

പുറത്ത് നല്ല വെളിച്ചം.

അവിടുത്തെ ലൈറ്റുകൾ തെളിച്ചിരുന്നുമില്ല...

''അതെന്താ?"

മൂവരും പെട്ടെന്ന് കോവിലകത്തിന്റെ പ്രധാന വാതിൽക്കൽ എത്തി. പ്രജീഷ് വാതിൽ വലിച്ചു തുറന്നു.

പുറത്ത്......

ആ കാഴ്ച കണ്ട്, തീയിൽ വീണതുപോലെ മൂവരും നടുങ്ങിപ്പിടഞ്ഞു.

(തുടരും)