തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമ്മാണത്തിൽ അഴിമതി കാണിച്ചവർ ആരായാലും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തി 2015ൽ വിജിലൻസ് ഡയറക്ടർ നൽകിയ റിപ്പോർട്ട് അവഗണിച്ചതിന്റെ ഫലമാണ് പാലാരിവട്ടം മേൽപാലത്തിന്റെ തകർച്ചയ്ക്ക് കാരണം. വിജിലൻസ് ഡിവൈ.എസ്.പി നൽകിയ റിപ്പോർട്ടിൽ കഴിഞ്ഞ സർക്കാർ ഒരു നടപടിയും എടുത്തില്ല. പൊതുമരാമത്ത് വകുപ്പിൽ അഴിമതി നടന്നതായും മേൽത്തട്ടിലേയ്‌ക്കെന്ന് പറഞ്ഞ് വിവിധ തട്ടിൽ വ്യാപകമായും പണപ്പിരിവ് നടന്നതായും റിപ്പേർട്ടിൽ പറയുന്നുണ്ട്.
മരാമത്ത് പണികളുടെ ബില്ല് തയ്യാറാക്കുമ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് നൽകേണ്ട കൈക്കൂലിയുടെ ശതമാനം നിശ്ചയിക്കുന്നു, പണി പൂർത്തീകരിക്കാതെ തന്നെ ബില്ല് പാസാക്കി കൈക്കൂലി വാങ്ങുന്നു, പുതുക്കിയതും പെരുപ്പിച്ചതുമായ എസ്‌റ്റിമേറ്റ് തയ്യാറാക്കി കൈക്കൂലി വാങ്ങുന്നു, ടാർ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറിച്ചുവിൽക്കുന്നു, ഉദ്യോഗസ്ഥ സ്ഥലമാറ്റത്തിനും നിയമത്തിനും കൈക്കൂലി വാങ്ങുന്നു, മന്ത്രി, സെക്രട്ടറി തലത്തിലുള്ളവർക്ക് നൽകുന്നതിന് എന്ന പേരിൽ വിവിധ ഡിവിഷനുകളിൽ നിന്ന് ചീഫ് എഞ്ചിനീയർമാറും സൂപ്രണ്ടിംഗ് എൻജിനീയർമാരും കൈക്കൂലി വാങ്ങുന്നു. വിവിധ ആവശ്യങ്ങൾക്കായി റോഡ് കട്ട് ചെയ്യുന്നതിനും മണ്ണിട്ട് നികത്തുന്നതിനും അഴിമതി നടത്തുന്നു തുടങ്ങി ഒമ്പത് കാര്യങ്ങൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും പേരിൽ പിരിക്കുന്ന പണം അവർ തന്നെ കൈകാര്യം ചെയ്യുകയാണോ മുകളിലേയ്ക്ക് കൈമാറുന്നുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്തരം ഞെട്ടിക്കുന്ന കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടായിട്ടും നടപടി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പാലാരിവട്ടം നിർമ്മാണ അഴിമതിയുമായി ബന്ധപ്പെട്ട് കിറ്റ്‌കോ ഏജസിയായ എല്ലാ നിർമ്മാണപ്രവർത്തനങ്ങളും അന്വേഷിക്കുമെന്ന് മന്ത്രി ജി.സുധാകരനും പറഞ്ഞു. ഇതുസംബന്ധിച്ച് വ്യവസായ മന്ത്രിക്ക് കത്ത് നൽകും. പാലാരിവട്ടം മേൽപാല നിർമ്മാണത്തെ കുറിച്ച് കൂടുതൽ ആഴത്തിലും നിഷ്പക്ഷവുമായി അന്വേഷിക്കും. വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ പാലത്തിന്റെ രൂപകൽപനയിൽ തന്നെ കുഴപ്പം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി നിർമ്മാണത്തിലും പാകപ്പിഴ സംഭവിച്ചു. നിർമ്മാണ ഏജൻസിയായ കിറ്റ്‌കോയുടെ മേൽനോട്ടം പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. വൻതുക കമ്മിഷൻ വാങ്ങിയാണ് പല പ്രവൃത്തികളും ഇവിടെ നടന്നത്. സിമന്റ്, കമ്പി എന്നിവ ആവശ്യത്തിന് ഉപയോഗിച്ചില്ല. ഗുണനിലവാരമില്ലാത്ത നിർമ്മാണ സാമഗ്രികളാണ് കോൺട്രാക്ടർ ഉപയോഗിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാലം നിർമാണവുമായി ബന്ധപ്പെട്ട് 13 തവണ ഡയറക്ടർ ബോർഡ് യോഗം ചേർന്നെങ്കിലും നിർമ്മാണം സംബന്ധിച്ച് യാതൊന്നും അന്വേഷിച്ചില്ല. ഭരണപരമായ വീഴ്ച ഇതിൽ നിന്ന് വ്യക്തമാണ്. മേൽനോട്ടം വഹിച്ചവർക്കും വീഴ്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണ പ്രവർത്തനങ്ങൾ ഏറെ നടന്നെങ്കിലും പി.ഡബ്ല്യൂ.ഡി മാനുവലിന് വിരുദ്ധമായാണ് ഏറെയും നടന്നത്. കേന്ദ്രസർക്കാർ ചെയ്യേണ്ട പണികൾ സംസ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണിത പാലങ്ങളെയോ റോഡുകളെയോ സംബന്ധിച്ച് ഗുരുതരമായ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തുകയും ക്രമക്കേട് ബോധ്യപ്പെട്ടാൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ യാതൊരു മടിയും സർക്കാരിന് ഇല്ലെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം അഴിമതി, കൃത്യനിർവഹണത്തിലെ വീഴ്ച, സാമ്പത്തിക നഷ്ടമുണ്ടാക്കൽ തുടങ്ങിയ വീഴ്ചകൾക്ക് നൂറിൽപ്പരം എൻജിനിയർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കെ.ജെ.മാക്‌സി,എസ്.ശർമ,എം.സ്വരാജ്, ജോൺ ഫെർണാണ്ടസ്, പി.ടി.തോമസ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.