crime

തിരുവനന്തപുരം: മഴക്കാലം മുതലെടുത്ത് കവർച്ചയ്ക്കിറങ്ങുന്ന മോഷ്ടാക്കളെ പൊക്കാൻ പൊലീസ്. സ്ഥിരം മോഷ്ടാക്കളെയും കുറ്റവാളികളെയും കരുതൽ തടങ്കൽ നിയമപ്രകാരം അകത്താക്കാനും അന്യദേശങ്ങളിൽ നിന്നെത്തുന്നവരെ കൈയോടെ പൊക്കാനും പൊലീസ് നടപടി തുടങ്ങി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ മുഴുവൻ മോഷ്ടാക്കളുടെയും വിവരങ്ങൾ ശേഖരിച്ച് നിരീക്ഷിക്കാനും സ്ഥിരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും ജില്ലാ പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി.

തണുപ്പത്ത് ആളുകൾ ഗാഢനിദ്ര‌‌യിൽ ആകുന്നതും മഴയുടെ ശബ്ദത്തിനിടെ ഡോറുകളും പൂട്ടുകളും പൊളിക്കുന്നത് അറിയാത്തതും ഡോഗ് സ്ക്വാഡിനെയോ ശാസ്ത്രീയ പരിശോധനാ സംഘത്തെയോ ആശ്രയിച്ചാലും തെളിവുകൾ കണ്ടെത്താൻ കഴിയാത്തതുമാണ് മഴക്കാലത്ത് മോഷ്ടാക്കൾ കൂട്ടത്തോടെ ഇറങ്ങുന്നതിന് കാരണം. മഴക്കാലത്തെ കുറ്റാക്കുറ്റിരുട്ടും വൈദ്യുതി തടസവും മുതലെടുത്താണ് മോഷ്ടാക്കൾ വിഹരിക്കുന്നത്. മഴ സീസണിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും മോഷ്ടാക്കൾ സംഘം ചേർന്ന് കേരളത്തിൽ കവർച്ചയ്ക്കെത്താറുണ്ട്. സംസ്ഥാനത്തെ ഒരുവർഷത്തെ കവർച്ചകളുടെ കണക്കിൽ 50 ശതമാനത്തോളം മോഷണവും നടക്കുന്നത് മൺസൂൺ സീസണിലാണ്.

വീടുകൾ, വാണിജ്യസ്ഥാപനങ്ങൾ, ബാങ്കുകൾ, എ.ടി.എമ്മുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് സുരക്ഷ ശക്തമാക്കാനും ഡി.ജി.പി നിർദേശിച്ചു. മോഷ്ടാക്കളുടെ വരവ് തടയാൻ അതിർത്തികളിൽ പുലർച്ചെയും രാത്രി വൈകിയും വാഹന പരിശോധനകൾ കർശനമാക്കി. അന്യദേശങ്ങളിൽ നിന്ന് ട്രെയിൻ മാർഗമെത്തുന്ന മോഷ്ടാക്കളെ തിരിച്ചറിയാൻ റെയിൽവേ പൊലീസും ആർപി.എഫും രാത്രികാല പരിശോധന ശക്തമാക്കി.

അയൽ സംസ്ഥാനങ്ങളിലെ പൊലീസുദ്യോഗസ്ഥരെകൂടി ഉൾപ്പെടുത്തിയുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ സംശയിക്കുന്നവരുടെ ഫോട്ടോകൾ കൈമാറി കുറ്റവാളികളെ പിടികൂടാനും നടപടി തുടങ്ങി. ലോക്കൽ പൊലീസിനെ കൂടാതെ വനിതകളുൾപ്പെട്ട ഷാഡോ പൊലീസിനെ രാത്രിയും പകലും ഡ്യൂട്ടിക്ക് നിയോഗിച്ചു. അതത് സ്റ്റേഷൻ പരിധികളിൽ താമസിക്കുന്ന മോഷ്ടാക്കളുടെ വിവരങ്ങളും മോഷണരീതിയും ശേഖരിച്ച് അത്തരക്കാരെ നിരീക്ഷിച്ച് തുടങ്ങി.

സുരക്ഷാ നടപടികൾ

 രാപകൽ വ്യത്യാസമില്ലാതെ മുഴുവൻ സമയ പട്രോളിംഗ്, സംശയകരമായി കാണുന്നവരെ പിടികൂടി വിവരശേഖരണം.

 ബാങ്കുകൾ, ക്ഷേത്രങ്ങൾ, എ.ടി.എമ്മുകൾ, പൂട്ടിപ്പോകുന്ന വീടുകൾ എന്നിവിടങ്ങളിൽ ബീറ്ര് ബുക്ക് സ്ഥാപിച്ച് ഓരോ മണിക്കൂറും പട്രോളിംഗ് സംഘത്തിന്റെ നിരീക്ഷണം. വാഹന പട്രോളിംഗിനൊപ്പം ഫുട് പട്രോളിംഗും.

 സെക്കൻഡ് ഷോ കഴിഞ്ഞിറങ്ങുന്നവരും നൈറ്റ് കടകളിൽ അസമയത്ത് വന്നുപോകുന്നവരും നിരീക്ഷണത്തിൽ.

 അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന.

 സി.സി ടിവി കാമറകൾ വഴി നിരീക്ഷണം.

ശ്രദ്ധിക്കാൻ..

 പണവും സ്വർണവുമുൾപ്പെടെ വിലപിടിപ്പുളള വസ്തുക്കൾ വൻതോതിൽ വീട്ടിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക.

 വീടിന്റെ മുൻ -പിൻ കതകുകളും ടെറസിലെ വാതിലും സുരക്ഷിതമായി അടച്ചുപൂട്ടിയെന്ന് ഉറപ്പാക്കുക. മുന്നിലും പിന്നിലും ലൈറ്റുകൾ പ്രകാശിപ്പിക്കുക.

 കതകടച്ചശേഷം റൂമിനുള്ളിൽ കതകിനോട് ചേർത്ത് ശബ്ദമുണ്ടാകുന്ന പാത്രങ്ങളോ മറ്റോ വയ്ക്കുക. വാതിൽ പൊളിച്ച് അകത്ത് കടക്കുമ്പോൾ അത് തട്ടി പാത്രം മറിഞ്ഞ് ശബ്ദമുണ്ടാകുമ്പോൾ വീട്ടുകാർ ഉണരാനും മോഷണം തടയാനും കഴിയും.

 കാമറയും തെഫ്റ്റ് അലാറവും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

 അപരിചിതരായ കച്ചവടക്കാരുൾപ്പെടെയുള്ള ആളുകളെയും അന്യദേശക്കാരെയും വീടുമായി സഹകരിക്കാൻ അവസരം നൽകാതെ ഒഴിവാക്കുക.

 സംശയകരമായി ആരെയെങ്കിലും വീട്ടിലോ പരിസരത്തോ കാണപ്പെട്ടാൽ വിവരം ഉടൻ പൊലീസിനെ അറിയിക്കുക.

 മോഷണം ശ്രദ്ധയിൽപ്പെട്ടാൽ കുത്തിപ്പൊളിച്ച കതകിന്റെ ലോക്ക് ഭാഗത്തോ അലമാരയുടെ ലോക്കിലോ പിടിയിലോ പിടിക്കുകയോ തുടയ്ക്കുകയോ ചെയ്ത് തെളിവുകൾ നഷ്ടമാകാതെ സൂക്ഷിക്കുക.