palarivattom-bridge

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ തകർച്ചയ്ക്ക് കാരണം മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ വിജിലൻസ് റിപ്പോർട്ട് അവഗണിച്ചതാണമെന്നും നിർമ്മാണത്തിൽ അഴിമതി കാണിച്ചവർ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ‌ഞ്ഞു.

2015ൽ പൊതുമരാമത്ത് വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് ഡിവൈ.എസ്.പി നൽകിയ റിപ്പോർട്ടിൽ മുൻസർക്കാർ ഒരു നടപടിയും എടുത്തില്ല. അത് ഗൗരവത്തിൽ എടുത്തിരുന്നെങ്കിൽ പാലത്തിന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും പേരിൽ പണം പിരിച്ചതായും റിപ്പോർട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലം അഴിമതിയുമായി ബന്ധപ്പെട്ട് കിറ്റ്‌കോ ഏജൻസിയായ എല്ലാ നിർമ്മാണപ്രവർത്തനങ്ങളും അന്വേഷിക്കുമെന്ന് മന്ത്രി ജി.സുധാകരനും പറഞ്ഞു. ഇതിന് വ്യവസായ മന്ത്രിക്ക് കത്ത് നൽകും. പാലാരിവട്ടം മേൽപാല നിർമ്മാണം ആഴത്തിലും നിഷ്പക്ഷവുമായി അന്വേഷിക്കും. വിജിലൻസ് പാലത്തിന്റെ രൂപകൽപനയിൽ തന്നെ കുഴപ്പം കണ്ടെത്തിയിട്ടുണ്ട്. നിർമ്മാണത്തിലും പാകപ്പിഴയുണ്ടായി. നിർമ്മാണ ഏജൻസിയായ കിറ്റ്‌കോയുടെ മേൽനോട്ടം ഉണ്ടായിട്ടില്ല. വൻതുക കമ്മിഷൻ വാങ്ങിയാണ് പല പ്രവൃത്തികളും നടന്നത്. സിമന്റും കമ്പിയും ആവശ്യത്തിന് ഉപയോഗിച്ചില്ല. നിലവാരമില്ലാത്ത സാമഗ്രികളാണ് കോൺട്രാക്ടർ ഉപയോഗിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 13 തവണ ഡയറക്ടർ ബോർഡ് യോഗം ചേർന്നെങ്കിലും നിർമ്മാണം സംബന്ധിച്ച് അന്വേഷിച്ചില്ല. ഭരണപരമായ വീഴ്ച വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ

പണിയുടെ ബിൽ തയ്യാറാക്കമ്പോൾ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ കൈക്കൂലി നിശ്ചയിക്കുന്നു

പണി പൂർത്തിയാക്കാതെ ബില്ല് പാസാക്കി കൈക്കൂലി വാങ്ങുന്നു

എസ്‌റ്റിമേറ്റ് പെരുപ്പിച്ച് കൈക്കൂലി വാങ്ങുന്നു

ടാർ ഉൾപ്പെടെയുള്ള നിർമ്മാണ വസ്‌തുക്കൾ മറിച്ചുവിറ്റു

സ്ഥലമാറ്റത്തിനും നിയമത്തിനും കൈക്കൂലി വാങ്ങി

 മന്ത്രിക്കും സെക്രട്ടറിമാർക്കും നൽകാനെന്ന പേരിൽ ചീഫ് എഞ്ചിനീയർമാരും സൂപ്രണ്ടിംഗ് എൻജിനീയർമാരും പണം പിരിച്ചു