എതിരാളി എത്ര വലിയ ഫാസ്റ്റ് ബൗളർ ആണെങ്കിലും ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർക്ക് നോ ടെൻഷൻ. അതിനുള്ള പരിശീലന സൂത്രം വാർണറുടെ ബാറ്റിലുണ്ട്. തന്റെ ബാറ്റിംഗിന്റെ നിലവാരം അളക്കാൻ ബാറ്റിൽ പുതിയൊരു സൂത്രവിദ്യ പരീക്ഷിച്ചിരിക്കുകയാണ് വാർണർ. എല്ലാം അളന്നെടുക്കുന്ന ഒരു ഉഗ്രൻ 'സെൻസറാ'ണ് അത്. ബാക്ക് ലിഫ്റ്റ് ആംഗിൾ, ബാറ്റ് സ്‌പീഡ് തുടങ്ങിയ പ്രധാന വിവരങ്ങളും ഈ സെൻസറിൽ രേഖപ്പെടുത്തുമത്രെ! വാർണറുടെ ബാറ്റിംഗിലെ തെറ്റുകളും ശരികളും കൃത്യമായി ചൂണ്ടിക്കാട്ടുന്ന 'പ്രൊഫഷണൽ കോച്ച് ' ആയി മാറിയിരിക്കുകയാണ് ഈ സെൻസർ.
2017ൽ ഇത്തരം ബാറ്റ് സെൻസറുകളുടെ ഉപയോഗം ഐ.സി.സി അംഗീകരിച്ചിരുന്നു. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതേവരെ ഒരു ബാറ്റ്സ്‌മാനും ഇത് ഉപയോഗിച്ചിട്ടില്ല. ബാറ്റിന്റെ ഹാൻഡിലിന്റെ മുകളിലായാണ് സെൻസർ ചിപ്പുകൾ ഘടിപ്പിക്കുന്നത്. ബാറ്റിംഗ് തുടങ്ങുമ്പോൾ മുതൽ ചിപ്പിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജ് വഴി മൊബൈൽ ആപ്പിൽ ശേഖരിക്കപ്പെടും.
പവർ ഇന്റക്‌സ്, മാക്‌സിമം ബാറ്റ് സ്‌പീഡ്, ബാക്ക് ലിഫ്റ്റ് ആംഗിൾ, റൊട്ടേഷണൽ ആംഗിൾ, ബാറ്റ് സ്റ്റാർട്ട് ആംഗിൾ തുടങ്ങിയ ടെക്‌നിക്കൽ വിവരങ്ങൾ സെൻസറിലൂടെ അറിയാൻ സാധിക്കും. ഐ.സി.സിയുമായി സഹകരിച്ചു കൊണ്ട് ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്മാർട്ട് ക്രിക്കറ്റ് എന്ന കമ്പനിയാണ് 'ബാറ്റ് സെൻസ് ' എന്ന ഈ സംവിധാനം വാർണർക്ക് ലഭ്യമാക്കിയിരിക്കുന്നത്. മണിക്കൂറിൽ 79 കിലോമീറ്ററാണ് വാർണറുടെ ബാറ്റ് സ്‌പീഡ് എന്നാണ് ഈ സെൻസറുടെ കണ്ടെത്തൽ. ഇത്തരം സെൻസറുകളുപയോഗിക്കുന്നത് വഴി ബാറ്റ്സ്‌മാന് സ്വയം ഒരു അവലോകനം സാദ്ധ്യമാക്കാം. ഇന്ത്യൻ കളിക്കാർ ആരും തന്നെ നിലവിൽ ഇത്തരം ബാറ്റിംഗ് സെൻസറുകൾ ഉപയോഗിക്കുന്നില്ല.