വൻഭൂരിപക്ഷത്തോടെ രണ്ടാമൂഴം തുടങ്ങിയ നരേന്ദ്രമോദി സർക്കാർ ഉദ്യോഗസ്ഥർക്കിടയിലെ അഴിമതിയും ക്രമക്കേടുകളും നിയന്ത്രിക്കാൻ വ്യക്തവും ശക്തവുമായ നടപടികൾക്കു തുടക്കമിട്ടിരിക്കുകയാണ്. ആദായ നികുതി വകുപ്പിലെ ഒരു ഡസൻ ഉന്നത ഉദ്യോഗസ്ഥന്മാരിൽ നിന്നാണ് തുടക്കം. അഴിമതി, കണക്കിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, കാര്യക്ഷമതയില്ലായ്മ, പെരുമാറ്റദൂഷ്യം തുടങ്ങി സർക്കാർ ഉദ്യോഗസ്ഥർക്ക് ചേരാത്ത ദുർഗുണങ്ങളുടെ പേരിൽ ആദായനികുതി വകുപ്പിലെ കമ്മിഷണർ പദവി വരെ വഹിക്കുന്ന പന്ത്രണ്ട് മുതിർന്ന ഓഫീസർമാരോട് രാജി നൽകി കസേര ഒഴിയാൻ ഉത്തരവു നൽകിയിരിക്കുകയാണ്.
1985 ബാച്ച് മുതലുള്ള ഐ.എ.എസുകാരാണ് സർക്കാരിന്റെ നോട്ടപ്പുള്ളികളായിരിക്കുന്നത്. പിരിഞ്ഞു പോകുമ്പോൾ മൂന്നുമാസത്തെ ശമ്പളവും അലവൻസും ലഭിക്കുമെന്നല്ലാതെ ഒരുവിധ പെൻഷൻ ആനുകൂല്യവും നൽകുകയില്ലെന്ന് പ്രത്യേകം ഓർമ്മിപ്പിച്ചിട്ടുണ്ട്. സർവീസിലുള്ള കാലത്ത് പല തലമുറകൾക്ക് കഴിയാനുള്ള വക സമ്പാദിച്ചു കഴിഞ്ഞതിനാൽ പെൻഷൻ ഇല്ലാതെയും സുഖമായി ജീവിക്കാനുള്ള വഴി ഉണ്ടെന്നു സർക്കാരിനു പൂർണ ബോദ്ധ്യമുള്ളതിനാലാകാം ഇത്തരത്തിലൊരു തീരുമാനം. ഏതായാലും ആദായ നികുതി വകുപ്പിൽ നിന്ന് തുടങ്ങുന്ന ഈ ശുദ്ധീകരണ പ്രക്രിയ കേന്ദ്ര സർവീസിലുള്ള സകല ഉദ്യോഗസ്ഥർക്കും വലിയ സന്ദേശം തന്നെയാണു നൽകുന്നതെന്നതിൽ സംശയമില്ല. ആരെയും ഭയക്കാതെ എന്തു താന്തോന്നിത്തവും കാണിച്ച് അഴിമതിയിലൂടെ സമ്പത്ത് വാരിക്കൂട്ടാമെന്ന മോഹവുമായി കഴിയുന്നവരിൽ ചെറിയ തോതിലെങ്കിലും ഭീതി ജനിപ്പിക്കാൻ ആദായ നികുതി വകുപ്പിലെ ഉന്നതന്മാർക്കെതിരെ കൈക്കൊണ്ട നിർബന്ധിത പിരിച്ചുവിടൽ നടപടി ഉപകരിക്കും. മൂന്നുവർഷം മുൻപും മൂന്ന് ആദായ നികുതി വകുപ്പ് ഓഫീസർമാരെ അഴിമതിക്കും സ്വഭാവദൂഷ്യത്തിനുമായി സർവീസിൽ നിന്നു പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ പുറത്തുപോകാനുള്ള ഉത്തരവുമായി നിൽക്കുന്ന ഓഫീസർമാരും അഴിമതിയിലൂടെ വൻ സമ്പത്തുണ്ടാക്കിയവരാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സർവീസ് ചട്ടങ്ങൾ നൽകുന്ന അളവറ്റ സംരക്ഷണമാണ് ഉദ്യോഗസ്ഥന്മാർക്ക് ഏതു വഴികളിലൂടെയും സഞ്ചരിക്കാൻ സഹായകമാകുന്നത്. കൈക്കൂലിക്കും അഴിമതിക്കും ദൃഢമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടിയാൽപ്പോലും കുറച്ചുനാൾക്കകം പരിശുദ്ധനായി തിരികെ സർവീസിൽ കയറാൻ സാഹചര്യമുണ്ട്. അത്യപൂർവം കേസുകളിലേ ഉദ്യോഗസ്ഥൻ പുറത്തുപോകേണ്ടി വരാറുള്ളൂ. അഴിമതിക്കും കൈക്കൂലിക്കും വൻ സാദ്ധ്യതകളുള്ള ആദായ നികുതി വകുപ്പ് ശരിക്കു 'പ്രയോജനപ്പെടുത്താൻ" ശ്രമിക്കുന്ന ഉദ്യോഗസ്ഥർ എല്ലാക്കാലത്തും ഉള്ളതാണ്. പലരും അടിതെറ്റി വീഴാറുമുണ്ട്. എന്നാൽ കമ്മിഷണർമാരും ജോയിന്റ് കമ്മിഷണർമാരുമൊക്കെയായ ഒരു ഡസൻ ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പടിക്കു പുറത്താക്കുന്നത് ഇതാദ്യമാണ്.
അഴിമതിക്കെതിരായ ഏതു നടപടിക്കും ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുമെന്നു മാത്രമല്ല, സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുകയും ചെയ്യും. ഉന്നതങ്ങളിലെ അഴിമതികൾ ജനങ്ങളെ അത്രയേറെ അലോസരപ്പെടുത്തുന്ന വിഷയമാണ്. ഒന്നാം മോദി സർക്കാരിന്റെ എടുത്തു പറയാവുന്ന നേട്ടങ്ങളിലൊന്ന് മന്ത്രിമാർക്കെതിരെ വലിയ തോതിലുള്ള അഴിമതി ആരോപണങ്ങളൊന്നും ഉയർന്നിരുന്നില്ലെന്നതാണ്. റാഫേൽ വിമാന ഇടപാടിൽ വലിയ അഴിമതി നടന്നുവെന്ന് കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ലോകം മുഴുവൻ നടന്നു വിളിച്ചു പറഞ്ഞെങ്കിലും ജനകീയ കോടതിയിൽ ആരും അതു ചെവിക്കൊണ്ടതായി തോന്നിയില്ല. പൊതു തിരഞ്ഞെടുപ്പിൽ മോദി നേടിയ അത്യുജ്ജ്വല വിജയം തന്നെയാണ് അതിന്റെ തെളിവ്.
ആദായ നികുതി വകുപ്പു പോലെ ഏറെ അഴിമതി സാദ്ധ്യതയുള്ള വേറെയും വകുപ്പുകളുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും കള്ളക്കടത്തു പിടിക്കാൻ നിൽക്കുന്നവരിൽ ചിലർ അഴിമതിക്കുറ്റത്തിനു പിടിയിലാകുന്ന വാർത്ത ഇടയ്ക്കിടെ കാണാറുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അടുത്തിടെ പിടിയിലായവരിൽ കസ്റ്റംസ് സൂപ്രണ്ടും ഉൾപ്പെടുന്നു. അഴിമതിയിലൂടെ ആർജ്ജിച്ച സ്വത്തുവകകൾക്ക് കൈയും കണക്കുമില്ലാതെ വരുമ്പോഴാണ് ആരെയും ഭയക്കാതെ കുറ്റകൃത്യങ്ങളിൽ അഭിരമിക്കാൻ ഉദ്യോഗസ്ഥർക്കു പ്രേരണയാകുന്നത്. സേവനം ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം അഴിമതിയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. കൈമടക്കു നൽകാതെ ഒരു കാര്യവും നടക്കാത്ത ചില ഓഫീസുകൾ ഇപ്പോഴുമുണ്ട്. കൈക്കൂലിക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നു വന്നാലേ ഈ ദുഷ്പ്രവണത കുറച്ചെങ്കിലും നിയന്ത്രിക്കാനാവൂ. ഒട്ടേറെ അഹിതകരമായ വശങ്ങളുണ്ടായിരുന്നെങ്കിലും അടിയന്തരാവസ്ഥക്കാലം രാജ്യത്ത് കൈക്കൂലിയും അഴിമതിയും ഏറ്റവും കുറഞ്ഞ തോതിൽ അനുഭവപ്പെട്ട നാളുകളായിരുന്നു. തെറ്റു കാണിച്ചാൽ ജോലി കാണില്ലെന്ന ഭയമായിരുന്നു ഇതിനു കാരണം.
നാടിനും ജനങ്ങൾക്കും സേവനം നൽകുക എന്നതാണ് സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ദൗത്യവും കടമയും. നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്തുകൊടുക്കാൻ വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെടുന്നത്. ആവശ്യത്തിന്റെ സ്വഭാവമനുസരിച്ച് കൈക്കൂലിയുടെ അളവും വർദ്ധിച്ചുകൊണ്ടേയിരിക്കും. പത്തുകോടി നികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥനായ ഒരാൾ അതിന്റെ ഒരു ഭാഗം കൈക്കൂലിയായി നൽകാൻ തയ്യാറായെന്നിരിക്കും. അതിലൂടെ വൻ നികുതി ലാഭമാണ് അയാൾ പ്രതീക്ഷിക്കുന്നത്. അഴിമതി പോലെ തന്നെ ഉദ്യോഗസ്ഥർക്കിടയിലെ കാര്യക്ഷമതയില്ലായ്മയും വലിയ ശാപമായി മാറിയിട്ടുണ്ട്. ഭാരിച്ച ശമ്പളവും പറ്റി ഒന്നും ചെയ്യാതിരിക്കുന്ന എത്രയോ ഉന്നത ഉദ്യോഗസ്ഥർ ഉണ്ട്. ഇത്തരക്കാരെയും വച്ചു പൊറുപ്പിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ജനങ്ങളുടെ കൈയടിയും പിന്തുണയും നേടുന്ന നടപടികളാണിതൊക്കെ.