sea

തിരുവനന്തപുരം: കാലവർഷം ശക്തി പ്രാപിച്ചതോടെ തീരദേശമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി.

കഴിഞ്ഞ ദിവസങ്ങളിൽ രാത്രി മുഴുവൻ നീണ്ടുനിന്ന കടൽക്ഷോഭം ലക്ഷങ്ങളുടെ നാശമുണ്ടാക്കിയെന്നാണ് അനൗദ്യോഗിക കണക്കുകൾ.

കുഴിവിളാകം, വലിയതുറ, തോപ്പിൽ മേഖലകളിലെ നൂറിലധികം വീടുകൾക്ക് കടൽക്ഷോഭത്തിൽ കേടുപാടുകൾ സംഭവിച്ചു. വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിച്ചു. കടൽക്ഷോഭം ഈ നിലയിൽ തുടർന്നാൽ കൂടുതൽ വീടുകൾ തകരുമെന്ന ഭീതിയിലാണ് ജനങ്ങൾ. പകൽ സമയത്ത് പോലും രണ്ടാം നിര വീടുകളുടെ മുറ്റത്തേക്ക് തിരമാലകൾ കയറിത്തുടങ്ങി. ശക്തമായ കാറ്റ് ദുരിതത്തിന്റെ ആക്കം കൂട്ടി. വലിയതുറ ഭാഗത്ത് 10 മീറ്ററോളം കടൽ കരയിലേക്ക് കയറി. പൂന്തുറ തീരത്ത് അശാസ്ത്രീയമായ രീതിയിൽ പുലിമുട്ടുകൾ സ്ഥാപിച്ചതാണ് കടൽക്ഷോഭത്തിന് കാരണമായതെന്ന് പരിസരവാസികൾ പറയുന്നു. ജീവൻ പണയം വച്ചാണ് മത്സ്യത്തൊഴിലാളികൾ വീടുകളിൽ കഴിയുന്നത്. എത്ര ഉറപ്പുള്ള വീടാണെങ്കിലും ഏതുസമയവും കടലെടുക്കാം. ഭീഷണി കണക്കിലെടുത്ത് വീടൊഴിയാനുള്ള തയ്യാറെടുപ്പിലാണ് വീട്ടുകാർ.

പൂന്തുറ മുതൽ വേളി വരെയുള്ള തീരപ്രദേശങ്ങളിൽ ശക്തമായി തിരമാല അടിച്ചുകയറുകയാണ്. കടലാക്രമണത്തെ ചെറുക്കാനായി നേരത്തേ ക്ലേ നിറച്ച ചാക്കുകൾ തീരത്ത് അടുക്കിയിരുന്നു. അതിനെയെല്ലാം തകർത്താണ് തിരമാലകൾ തീരത്തേക്ക് കയറുന്നത്.

കുഴിവിളാകം, വലിയതുറ, ചെറിയതുറ മേഖലകളിലെ വീടുകൾക്കും മത്സ്യ ബന്ധന ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൊച്ചുതോപ്പ്, സെന്റ് ആന്റണീസ് ജംഗ്ഷൻ, കറുപ്പായി റോഡ് എന്നിവിടങ്ങളിലെ വീടുകൾക്കും നാശനഷ്ടമുണ്ടായി. പരാതികളുടെ അടിസ്ഥാനത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. നിലവിൽ വീട് തകർന്നതും പ്രശ്‌നബാധിതവുമായ പ്രദേശങ്ങളിൽ നിന്ന് 35 കുടുംബങ്ങളാണ് വലിയതുറ ഗവ. യു.പി സ്‌കൂളിൽ അഭയം തേടിയിരിക്കുന്നത്. സ്‌കൂളിലെ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതിനാൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.