തിരുവനന്തപുരം : ഉറവിടമാലിന്യ സംസ്കരണ പദ്ധതിക്ക് പിന്നാലെ നഗരസഭ വൻതോതിലുള്ള മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും സ്വകാര്യ ഏജൻസികളെ ഏല്പിക്കുന്നു. സ്ഥലപരിമിതി മാലിന്യ സംസ്കരണത്തെ ബാധിച്ചതോടെയാണ് പുതിയ മാർഗം അവലംബിക്കുന്നത്.

ഹോട്ടലുകൾ, ആഡിറ്റോറിയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യശേഖരണത്തിനും സംസ്‌കരണത്തിനുമാണ് സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്തുന്നത്. ശേഖരണ - സംസ്‌കരണ പ്രവർത്തനങ്ങൾക്ക് മതിയായ സ്ഥല - അടിസ്ഥാന സൗകര്യങ്ങളുള്ള ഏജൻസികളെ പരിശോധനയിലൂടെ നിയോഗിക്കും. കരാർ നൽകുന്നത് സംബന്ധിച്ച വ്യവസ്ഥകളും നിബന്ധനകളും അടങ്ങുന്ന ബൈലായ്ക്ക് ഇന്നലെ ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകി. യൂസർഫീസ് ഈടാക്കിയാണ് സ്വകാര്യ ഏജൻസികൾ പ്രവർത്തിക്കുക. മാലിന്യ സംസ്കരണത്തിൽ പ്രാവീണ്യമുള്ള ഏജൻസികൾക്ക് മാത്രമേ ചുമതല നൽകൂ. മാലിന്യ ശേഖരണം, നീക്കം ചെയ്യൽ, സംസ്‌കരണം, പുനഃചംക്രമണം എന്ന രീതിയിലാണ് കരാർ നൽകുക. ഇതിനായി ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വൻകിട സ്ഥാപനങ്ങൾ മാലിന്യം പുറന്തള്ളുന്ന പ്രവണതയെത്തുടർന്നാണ് നഗരസഭ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.

എത്രയളവ് മാലിന്യമുണ്ടാകുമെന്നത് സംബന്ധിച്ച കണക്കുകൾ സഹിതമാണ് സ്ഥാപനങ്ങൾ അപേക്ഷിക്കേണ്ടത്. വ്യാപാരവ്യവസായവാണിജ്യ സ്ഥാപനങ്ങൾക്ക് പുറമേ നഗരത്തിൽ നടക്കുന്ന ആഘോഷങ്ങൾ, സൽക്കാരങ്ങൾ എന്നിവിടങ്ങളിലെ

മാലിന്യങ്ങൾ ഒഴിവാക്കാനും ഈ അംഗീകൃത ഏജൻസികളെ ഉപയോഗിക്കും.

പ്രത്യേക ലൈസൻസ്
ഏജൻസികളുടെ മുൻപരിചയം, മാലിന്യ പരിപാലന സംവിധാനവും ക്രമീകരണങ്ങളും സ്വന്തമായുള്ള സ്ഥലത്തിന്റെ വിസ്തൃതി തുടങ്ങിയവ പരിശോധിച്ച് മാത്രമേ ലൈസൻസ് നൽകൂ. തിരഞ്ഞെടുക്കുന്ന ഏജൻസികൾ ഒറ്റത്തവണ രജിസ്‌ട്രേഷനായി 25000 രൂപ അടയ്ക്കണം. മാലിന്യം ശേഖരിക്കേണ്ട വാർഡുകൾ, സ്ഥാപനങ്ങൾ എന്നിവ കരാറുകാരുടെ ശേഷിക്കനുസരിച്ച് നഗരസഭ നിശ്ചയിക്കും. അജൈവ മാലിന്യം, ജൈവമാലിന്യം എന്നിവ കൈകാര്യം ചെയ്യാൻ പ്രത്യേക അനുമതി നൽകും. അജൈവ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനമില്ലാത്തവ അവ ശേഖരിച്ച് നഗരസഭയ്ക്ക് കൈമാറണം. കരാറുകാർ മാലിന്യം കൃത്യമായി ശേഖരിച്ചില്ലെങ്കിൽ കരാർ ലംഘനമായി കണക്കാക്കി പിഴ ഈടാക്കും. തുടർച്ചയായി മൂന്ന് ദിവസത്തിൽ കൂടുതൽ മാലിന്യമെടുക്കാതിരുന്നാൽ കരാറുകാരന്റെ കരാർ റദ്ദാക്കും.

 ഓറഞ്ച് നിറവും ജി.പി.എസ് വാഹനവും

നഗരസഭയുമായി കരാറിലേർപ്പെടുന്ന ഏജൻസികളുടെ വാഹനങ്ങൾക്ക് ഓറഞ്ച് നിറം നൽകും. മാലിന്യം കൊണ്ട് പോകുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കണം. ശേഖരിക്കുന്ന മാലിന്യത്തിന്റെ ഭാരം അളന്ന് തിട്ടപ്പെടുത്തുന്നതിന് വാഹനങ്ങളിൽ സംവിധാനം ഉണ്ടാകണം. അളവ് ഇതിനായുള്ള സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തണം. രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ മാത്രമേ മാലിന്യം കൊണ്ടുപോകാവൂ. ആശുപത്രി മാലിന്യങ്ങളോ അപകടകരമായ മാലിന്യങ്ങളോ ശേഖരിക്കാൻ പാടില്ല.

ഏജൻസിക്ക് കീഴിലെ ജീവനക്കാർ നീല നിറത്തിലുള്ള യൂണിഫോമും ധരിക്കണം.


 അപേക്ഷിക്കാം
ഏജൻസികളുടെ സേവനം ആവശ്യമുള്ളവർ അതത് ഹെൽത്ത് സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ നൽകണം. മാലിന്യത്തിന്റെ അളവ് അപേക്ഷയിൽ രേഖപ്പെടുത്തണം. ജൈവം, അജൈവം, ചില്ല്, പേപ്പർ, ലതർ, റബർ എന്നീ മാലിന്യ ഇനങ്ങൾ എത്രയെന്നതാണ് രേഖപ്പെടുത്തേണ്ടത്. സ്ഥാപനങ്ങൾ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് രജിസ്ട്രേഷൻ.


നിയന്ത്രണം കൺട്രോൾ റൂമിൽ
നിയന്ത്രണത്തിനും ഏകോപനത്തിനും നഗരസഭാ ഓഫീസിലെ കൺട്രോൾ റൂമും കോൾ സെന്ററും പ്രവർത്തിക്കും.
ആഡിറ്റോറിയം ഉൾപ്പെടെയുള്ളവയിൽ നിന്ന് നഗരസഭയാണ് യൂസർഫീ സമാഹരിക്കുക. ഈ തുകയുടെ 10 ശതമാനം നഗരസഭയുടെ ഭരണപരമായ ചെലവുകൾക്കും 90 ശതമാനം കരാറുകാരനും നൽകും.

പ്രതികരണം

തലസ്ഥാന നഗരത്തിൽ നിന്നു മാലിന്യത്തെ തുടച്ചു നീക്കുന്നതിനുള്ള നഗരസഭയുടെ പുതിയ ചുവടുവയ്പാണിത്. പദ്ധതി നടപ്പാക്കുന്നതോടെ നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ കഴിയും.

വി.കെ. പ്രശാന്ത്, മേയർ