ലണ്ടൻ: പങ്കാളിയിൽ നിന്ന് മോശമായ അനുഭങ്ങൾ ഉണ്ടാകുന്നതാണ് പലപ്പോഴും വിവാഹമോചനത്തിന് കാരണം. വിവാഹമോചനം കഴിഞ്ഞാൽ പങ്കാളിയെക്കുറിച്ചുള്ള എല്ലാ ഒാർമ്മകളും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും.എന്നാൽ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം വിവാഹവസ്ത്രം ധരിച്ച് ആഘോഷിക്കുകയാണ് രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ.
ഹെയർസ്‌റ്റെലിസ്റ്റായ സാറയും ജൂലിയും വിവാഹത്തിനുമുമ്പുതന്നെ അടുത്ത സുഹൃത്തുക്കളാണ് . വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭർത്താക്കന്മാർ തങ്ങളെ ചതിക്കുകയാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു. ഇനി ഒരുമിച്ച് ജീവിക്കുന്നതിൽ കാര്യമില്ലെന്ന് വ്യക്തമായതോടെ പിരിയാൻ തീരുമാനിച്ചു.
വിവാഹമോചനം എങ്ങനെ അടിപൊളിയാക്കാമെന്നായി അവരുടെ ചിന്ത. വിവാഹവസ്ത്രങ്ങൾ ധരിച്ച് രാത്രിയിൽ പുറത്തുപോകുന്നത് പതിവാക്കി. ഒപ്പം വിവാഹവസ്ത്രങ്ങൾ ധരിച്ച് നിരവധി ഫോട്ടോഷൂട്ടും നടത്തി. ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാൻ മാത്രമായി ഇവർ ഒരു ഇൻസ്റ്റഗ്രാം പേജും തുടങ്ങി. വിവാഹമോചിതരായ ശേഷം എങ്ങനെ ജീവിക്കുമെന്നും ഈ സാഹചര്യങ്ങൾ എങ്ങനെ അഭിമുഖീകരിക്കും എന്നകാര്യത്തെക്കുറിച്ച് ചിന്തിച്ച് സങ്കടപ്പെടാതെ വിവാഹമോചനം ഒരു പുതിയ തുടക്കമായി കാണണമെന്നാണ് ഇവർ പറയുന്നത്. ഇൻസ്റ്റഗ്രാം പേജിലെ ചിത്രങ്ങൾ വിവാഹമോചനം നേടുന്ന പല സ്ത്രീകളും അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ധൈര്യം പകരും എന്നാണ് സാറയും ജൂലിയും പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ ഇവരുടെ ഫോളോവേഴ്സിന്റെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്.