തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി.ഒ.ടി. നസീറിനെ കൊല്ലാൻ ശ്രമിച്ചവരെ സർക്കാർ സംരക്ഷിക്കുകയാണെന്നും അന്വേഷണം അട്ടിമറിക്കുന്നെന്നും ആരോപിച്ചുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. അന്വേഷണം ശരിയായ രീതിയിലാണെന്നും അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊലീസ് മൂന്നു പ്രാവശ്യം നസീറിന്റെ മൊഴിയെടുത്ത് അത് വായിച്ചു കേൾപ്പിച്ചു. അതിൽ ആരുടെയും പേര് പറഞ്ഞിട്ടില്ല. തെറ്റിദ്ധാരണ പരത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സംഭവത്തിൽ ഇനിയും ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നസീറിന്റെ മൊഴിയെടുത്തപ്പോൾ ഗൂഢാലോചനയിൽ ഒരു എം.എൽ.എയുടെ പേര് പറഞ്ഞിരുന്നതായും പിന്നീടു വായിച്ചു കേൾപ്പിച്ച മൊഴിയിൽ ഈ പേരില്ലായിരുന്നുവെന്നും കെ.സി. ജോസഫ് ആരോപിച്ചു. വധശ്രമ ഗൂഢാലോചനയിൽ തലശേരി എം.എൽ.എയ്‌ക്ക് പങ്കുണ്ടെന്ന ആരോപണമുയർന്നിരുന്നതായി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പാറയ്‌ക്കൽ അബ്ദുള്ളയും ആരോപിച്ചു. സി.ഒ.ടി. നസീർ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ എ.എൻ. ഷംസീറിന് വധശ്രമത്തിൽ പങ്കുണ്ടെന്ന് പറഞ്ഞിരുന്നതായി വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. ആക്രമണത്തിൽ പി. ജയരാജന് പങ്കില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടായെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലീസാണു പ്രതികളെ കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിംലീഗ് നേതാക്കൾ പ്രതികളായ ചില കേസുകളെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത് ഭരണ - പ്രതിപക്ഷ വാക്കേറ്റത്തിനും കാരണമായി.
എം.എൽ.എയെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിൽ ഷാർലറ്റ് രണ്ടാമത് വോട്ടുചെയ്തപ്പോൾ അവരുടെ വീടിനു നേരെ ബോംബെറിഞ്ഞു. എന്നിട്ടും പൊലീസ് കേസെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. തന്റെ പിതാവിനും മാതാവിനുമെതിരെ സാമൂഹ്യമാദ്ധ്യമത്തിൽ അധിക്ഷേപമുണ്ടായതിനെക്കുറിച്ച് ഡി.ജി.പിക്കു പരാതി നൽകിയിട്ടും ഒരു കടലാസിന്റെ വിലപോലും നൽകിയില്ലെന്നു വാക്കൗട്ട് പ്രസംഗത്തിൽ മുസ്ലിംലീഗ് നേതാവ് ഡോ. എം.കെ. മുനീർ ആരോപിച്ചു. പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഒ. രാജഗോപാൽ എന്നിവരും പ്രസംഗിച്ചു.