നെടുമങ്ങാട് : നിറുത്താതെ പെയ്യുന്ന മഴയിൽ നെടുമങ്ങാട് മേഖലയിൽ വ്യാപകനാശം. മഴയോടൊപ്പം വീശിയടിക്കുന്ന കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി. റബർ പ്ലാന്റേഷനുകളിൽ മരങ്ങൾ വ്യാപകമായി ഒടിഞ്ഞുവീണു. നെടുമങ്ങാട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വ്യാപക നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. നിരവധി വീടുകൾ തകർന്നു. ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിച്ചു. നഗരസഭയിലെ സന്നഗർ, കൊപ്പം, തോട്ടുമുക്ക്,വേങ്കോട്, അരശുപറമ്പ്, കൊടൂർ, കുശർകോട്,പ്ലാത്തറ, മേലേപാലോട്, കുന്നുനട ഭാഗങ്ങളിലാണ് വ്യാപകനാശം. തിങ്കളാഴ്ച രാത്രിയും ചൊവാഴ്ച പുലർച്ചെയുമായി നിരവധി വീടുകൾ തകർന്നു. മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിലായിരുന്നു നാശനഷ്ടങ്ങൾ ഏറെയും. വൻ മരങ്ങൾ കടപുഴകി വീടുകൾക്ക് മീതെ പതിച്ചു. മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. ഏക്കറുകണക്കിന് വാഴത്തൈകൾ നശിച്ചു. സന്നഗറിൽ ഇരുപതോളം ഇലക്ട്രിക് പോസ്റ്റുകൾ പിഴുതുവീണു. കുന്നുനട വിൻസന്റ്, വേങ്കോട് സ്വദേശികളായ പ്രഭാകരൻ, പരമേശ്വരൻ, രേണു, രത്നമ്മ, ജയകുമാരി, പത്മിനി, കൊപ്പം പറക്കോണത്ത് സബീനാബീവി, ഹജിലത്ത് ബീവി, ഷനൂജ, ആരിഫ, അരശുപറമ്പിൽ മുജീബ്, ശ്രീലത, കോമളകുമാരി, പുളിയറക്കോണത്ത് സുശീല തുടങ്ങിയവരുടെ വീടുകളാണ് തകർന്നത്. തോട്ടുമുക്ക് പ്ലാപ്പള്ളിയിൽ പാട്ടക്കൃഷി നടത്തിയിരുന്ന കൃഷ്ണൻ നായർ, സുരേന്ദ്രൻ, ഉണ്ണി, ഗോപകുമാർ എന്നിവരുടെ കൃഷിസ്ഥലത്തെ രണ്ടായിരത്തോളം വാഴ, റബർ, മരച്ചീനി മുതലായവ പാടേ നശിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, കൗൺസിലർ രാജീവ്, നെടുമങ്ങാട് വില്ലേജോഫീസർ സതികുമാർ എന്നിവരുടെ നേതൃത്വത്തിൽ നാശനഷ്ടം നേരിട്ട സ്ഥലങ്ങൾ സന്ദർശിച്ച് ജില്ലാകളക്ടർക്ക് റിപ്പോർട്ട് നൽകി. നെടുമങ്ങാട് ഫയർഫോഴ്സ് യൂണിറ്റിലെ അംഗങ്ങളുടെയും നാട്ടുകാരുടെയും ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഒടിഞ്ഞുവീണ മരങ്ങൾ മുറിച്ചു നീക്കിയത്. പലയിടത്തും ഭാഗികമായി വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. ഒടിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലി നെടുമങ്ങാട് അസി. എൻജിനിയറുടെ നേതൃത്വത്തിൽ ധൃതഗതിയിൽ പുരോഗമിക്കുന്നു.