നെയ്യാറ്റിൻകര: കേരക്കൃഷി ഒരു കാലത്ത് കർഷകന് കുടുംബം പുലർത്താൻ 50 സെന്റിലെ കേരക്കൃഷി തന്നെ മതിയായിരുന്നു. എന്നാൽ ഇന്ന് കേര കർഷകരുടെ നടുവൊടിയുന്ന കാലമാണ്. താലൂക്കിലെ വെള്ളറട,​ അമ്പൂരി പ്രദേശങ്ങൾ റബർ കൃഷിക്ക് വഴിമാറിയപ്പോഴും നെയ്യാറിനിപ്പുറം കേരകൃഷി സമൃദ്ധമായിരുന്നു. പക്ഷേ ഒറ്റ വർഷം കൊണ്ട് പച്ചത്തേങ്ങയുടെ വില നേർ പകുതിയായതോടെ കേരകർഷകർ തളർന്നു. ഒപ്പം തെങ്ങുകയറ്റ തൊഴിലാളിക്കും തേങ്ങ പൊതിക്കുന്നവർക്കും കൂലി വർദ്ധനകൂടിയായപ്പോൾ കർഷകരുടെ തളർച്ചയ്ക്ക് ആക്കം കൂടി. നെയ്യാർ ഡാമിലെ ജല സംഭരണിയിൽ നിന്നും വലതുകര- ഇടതുകര കനാൽ വഴി ജലം തുറന്നുവിട്ടരുന്ന കാലത്ത് ലാഭകരമായിരുന്ന തെങ്ങ് കൃഷി ഇപ്പോൾ ജല ലഭ്യത കുറഞ്ഞതോടെ ഉദ്പാദനവും പകുതിയായി കുറഞ്ഞു. സംഭരണത്തിനും പച്ചത്തേങ്ങ വില കുത്തനെ താഴുമ്പോഴും കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണപദ്ധതി രണ്ടുവർഷമായി അനിശ്ചിതത്വത്തിലാണെന്ന് കേരകർഷകർ പറയുന്നത്. മുൻപ് കൃഷിവകുപ്പും കേരഫെഡും ചേർന്ന് കൃഷിഭവൻവഴി തേങ്ങ സംഭരിച്ചിരുന്നു. ഇപ്പോഴതില്ല. 100 കിലോ തേങ്ങ സംഭരിച്ചാൽ 30 ശതമാനം കൊപ്ര കിട്ടണമെന്നാണ് കണക്ക്.

കേന്ദ്രം ഓരോവർഷവും താങ്ങുവില പ്രകാരം നാഫെഡ് വഴി കൊപ്ര സംഭരിച്ചിരുന്നെങ്കിലും കൃഷിഭവനുകൾവഴി പച്ചത്തേങ്ങ സംഭരിക്കാൻ തുടങ്ങിയതോടെ നാഫെഡിന് കൊപ്ര സംഭരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഇടനിലക്കാർക്ക് ലാഭം നാളികേര കർഷകന് 28 രൂപ ലഭിക്കുമ്പോൾ റീട്ടെയിൽ വിപണയിൽ നാളികേരത്തിന് കിലോക്ക് 38 രൂപ വരെയുണ്ട്.


തെങ്ങിൻ കൃഷിക്ക് പ്രധാന ഭീഷണിയാണ് കീടങ്ങൾ. തൈ നടുമ്പോൾ തന്നെ കൊമ്പൻചെല്ലി പോലുള്ള കീടങ്ങളിൽ നിന്നുളള സംരക്ഷണവും ഒരുക്കണം. വേപ്പിൻ പിണ്ണാക്കോ മരോട്ടിപ്പിണ്ണാക്കോ മണലുമായി 250 ഗ്രാം വീതം ചേർത്ത് വർഷത്തിൽ 34 തവണ ഇളം കൂമ്പിനു ചു​റ്റും വിരിഞ്ഞ 34 ഓലക്കൂമ്പുകളിൽ നിറച്ചു വയ്ക്കണം. ഒപ്പം കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ തെങ്ങിന് വളം ചെയ്താൽ മാത്രമേ ഉദ്പാതനം വർദ്ധിപ്പിക്കാൻ കഴിയു എന്നാണ് കൃഷി ഓഫീസർമാർ പറയുന്നത്.

ജൈവവളങ്ങൾ, രാസവളങ്ങൾ എന്നിവ ഉത്പാദനം വർദ്ധിപ്പിക്കാൻ അനിവാര്യമാണ്. ഇത് നൽകേണ്ടത് കാലാവസ്ഥ മുൻനിറുത്തിയാണ്.

 ജൈവവളം

കാലിവളം, കോഴിവളം, ആട്ടിൻകാഷ്ടം, എല്ലുപൊടി, കമ്പോസ്റ്റ്, മീൻവളം എന്നിവയ്ക്ക് പുറമേ പച്ചിലവളവും ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കാലവർഷത്തിന്റെ ആരംഭത്തിലാണ് ഈ വളങ്ങൾ ചേർക്കാൻ പറ്റിയ സമയം. തെങ്ങിന്റെ ചുവട്ടിൽ നിന്നും രണ്ടുമീറ്റർ അകലത്തിൽ 15 സെന്റീമീറ്റർ താഴ്ചയിൽ, തെങ്ങിനുചുറ്റും തടമെടുത്ത് അതിൽ വേണം നൽകാൻ. തെങ്ങൊന്നിന്‌ ഒരു വർഷം 15 കിലോഗ്രാം മുതൽ 25 കിലോഗ്രാം വരെ വളംആവശ്യമാണ്‌.

രാസവളം

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തനുും യോജിക്കുന്ന തരത്തിലാണ് രാസവള പ്രയോഗം നടത്തേണ്ടത്. കായ്ച്ച് തുടങ്ങിയ തെങ്ങൊന്നിന് 500 ഗ്രം പാക്യജനകം, 320 ഗ്രാം ഭാവകം, 1200 ഗ്രാം ക്ഷാരം എന്ന തോതിലാണ് പോഷകമൂല്യം ലഭിക്കത്തക്ക വിധം വളം നൽകണം. ജല ലഭ്യതയ്ക്ക് മഴയെ മാത്രം ആശ്രയിക്കുന്ന സ്ഥലങ്ങളിൽ രാസവളങ്ങൾ രണ്ട് തവണകളായാണ് ഓരോ വർഷവും ചേർക്കുന്നത്. വേണ്ട വളത്തിന്റെ മൂന്നിൽ ഒരു ഭാഗം മേയ്-ജൂൺ മാസങ്ങളിലും ബാക്കിയുള്ള വളം സെപ്റ്റംബർ- ഒക്ടോബർ മാസത്തിലുമാണ് നൽകുന്നത്.