ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിലും സമീപപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ അലഞ്ഞ് നടക്കുകയാണ്. രാത്രി ആകുന്നതോടെ നഗരത്തിലെ പ്രധാന മാർക്കറ്റുകളും ബസ് സ്റ്റാൻഡുകളും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ തെരുവ് നായ്ക്കൾ കൈയടക്കുകയാണ്. കൂട്ടമായെത്തുന്ന തെരുവ് നായ്ക്കളെ വിരട്ടിയോടിക്കാമെന്നു വച്ചാൽ അവ അക്രമാസക്തരാവുകയാണെന്ന് നാട്ടുകാർ പറയുന്നു. ആറ്റിങ്ങൽ നഗരസഭ സമ്പൂർണ തെരുവുനായ് വന്ധ്യകരണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോഴും തെരുവു നായ്ക്കുട്ടികൾ ധാരാളമായി നഗരത്തിൽ അലയുകയാണ്. ഈ പദ്ധതി ലക്ഷ്യം കണ്ടില്ലെന്നതിന് തെളിവാണിത്. വഴിയോരങ്ങളിൽ ഭക്ഷണസാധനങ്ങളും മാംസ അവശിഷ്ടങ്ങളും തള്ളുന്നത് ജനം ഒഴിവാക്കിയാൽ കുറേയൊക്കെ തെരുവു നായ് ശല്യം ഒഴിവാക്കാനാവും. എന്നാൽ എത്രയൊക്കെ ബോധവത്കരണം നടത്തിയിട്ടും മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടി റോഡുവക്കിൽ തള്ളുകയാണ്.