തിരുവനന്തപുരം : നഗരസഭയുടെ ഉള്ളൂർ റസ്റ്റ്ഹൗസിന്റെ കൈവശ കാലാവധി ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് ദീർഘിപ്പിച്ച് നൽകാനുള്ള നിർദ്ദേശം യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്ന് റദ്ദാക്കി. മൂന്ന് വർഷത്തെ കരാറിൽ ആദ്യ ഒമ്പത് മാസത്തോളം കെട്ടടം അറ്റകുറ്റപണിക്കായി അടച്ചിട്ടിരുന്നു. ഈ സമയത്തെ വാടക തിരികെ നൽകാൻ നഗരസഭാ കൗൺസിൽ നേരത്തെ തീരുമാനമെടുത്തിരുന്നു. നഷ്ടമായ ഒമ്പത് മാസം കാലവാധി നീട്ടി നൽകാനുള്ള അജണ്ടയാണ് മേയർ വി.കെ.പ്രശാന്ത് കൗൺസിലിൽ അവതരിപ്പിച്ചത്.
എന്നാൽ വാടക ഒഴിവാക്കിയ സ്ഥിതിക്ക് കാലാവധി കൂടി നീട്ടിനൽകുന്നത് ശരിയല്ലെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഡി.അനിൽകുമാർ പറഞ്ഞു. ഇത് നിയമ ലംഘനമാണെന്നും വോട്ടിനിട്ട് മാത്രമെ ഈ അജണ്ട പാസാക്കാവൂ എന്നും ബി.ജെ.പി കക്ഷി നേതാവ് എം.ആർ.ഗോപൻ ആവശ്യപ്പെട്ടു. കാൻസർ രോഗികൾക്കടക്കം സൗജന്യനിരക്കിൽ സേവനങ്ങൾ ഒരുക്കുന്ന സംഘടനയാണ് ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്‌റ്റെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരിൽ അപവാദ പ്രചരണങ്ങൾ നടത്തരുതെന്നും കെ.ശ്രീകുമാർ പറഞ്ഞു. വി.ആർ.സിനി, തിരുമല അനിൽ, തുടങ്ങിയവരും പ്രതിപക്ഷനിരയിൽ നിന്ന് എതിർപ്പുമായി രംഗത്തെത്തി.
തുകമാറ്റുന്നത് കൗൺസിലർമാർ അറിയുന്നില്ലെന്ന് പരാതി
വാർഷിക പദ്ധതിക്കായി നീക്കിവച്ച പണം കൗൺസിലർമാർ അറിയാതെ വകമാറ്റി ചെലവാക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്ത്. ഓരോ വർഡിലും ഈ വർഷം നടപ്പാക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളപദ്ധതികൾക്കായി നീക്കി വച്ചിരിക്കുന്ന തുക മറ്റു വർഡുകളിലെ പദ്ധതികൾ പൂർത്തീകരിക്കുന്നതിലേക്കായി മാറ്റിവയ്ക്കുകയാണെന്ന് മേയർ വി.കെ.പ്രശാന്ത് അറിയിച്ചു. ഇതോടെയാണ് കൗൺസിലർമാർ എതിർപ്പ് ഉന്നയിച്ചത്.
ചിലർ കാര്യങ്ങൾ ഏകപക്ഷീയമായി നടപ്പാക്കുന്നതിന് തെളിവാണിതെന്ന് ബി.ജെ.പി അംഗം തിരുമല അനിൽ ആരോപിച്ചു.പാർലമെന്ററി പാർട്ടി നേതാവ് എം.ആർ.ഗോപൻ, യു.ഡി.എഫ് നേതാവ് ജോൺസൺ ജോസഫ് എന്നിവരും എതിർപ്പ് ഉന്നയിച്ചു. ഭരണപക്ഷത്തിന് വേണ്ടി കൗൺസിലർ ബിന്ദു ശ്രീകുമാർ വാദിച്ചു. വിവിധ വികസന പ്രവർത്തനങ്ങൾക്കായി നഗരസഭ നേരത്ത മാറ്റിവച്ചിരുന്ന തുകയാണ് ഓരോ വാർഡിൽ നിന്നും ഈവർഷം വകമാറ്റിയതെന്ന് മേയർ മറുപടി നൽകി.