കോവളം: കോവളത്ത് സ്വകാര്യ റിസോർട്ട് പൊളിക്കുന്നതിനെ സംബന്ധിച്ച് തർക്കം. കോവളം ലൈറ്റ്‌ഹൗസ് ബീച്ചിലെ സ്വകാര്യ റിസോർട്ടിലാണ് തീരദേശപരിപാലന നിയമ ലംഘനത്തിന്റെ പേരിൽ തർക്കമുണ്ടായത്. ഇന്നലെ രാവിലെ 10.30ഓടെ നഗരസഭ വിഴിഞ്ഞം സോണലിലെ എൻജിനിയറിംഗ് വിഭാഗത്തിലെ അസി.എക്സി.എൻജിനിയർ സുരേഷ് കുമാർ .സി.കെ, അസി. എൻജിനിയർ രാജീവ്.കെ.എസ്, റവന്യൂ ഇൻസ്പെക്ടർ സുജൻ, ബിൽഡിംഗ് ഇൻസ്പെക്ടർ പത്മാറാണി എന്നിവരുടെ നേതൃത്വത്തിൽ പത്തോളം തൊഴിലാളികളാണ് പൊളിക്കാനുള്ള ഉപകരണങ്ങളുമായി ലൈറ്റ്‌ഹൗസ് ബീച്ചിലെത്തിയത്. സംഭവമറിഞ്ഞ് ഹോട്ടൽ തൊഴിലാളികളും പ്രദേശത്തെ നാട്ടുകാരും സ്ഥലത്ത് തമ്പടിച്ചു. ഉദ്യോഗസ്ഥരോട് ആറ് വർഷത്തെ കെട്ടിടനികുതി അടച്ച തുക ഹോട്ടലുടമ കാണിച്ച ശേഷം നടപടിയിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല.
തുടർന്ന് ഉദ്യോഗസ്ഥരും ഹോട്ടൽ ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. കോവളത്ത് നിന്നു എസ്.എെ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബീച്ചിലെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. തുടർന്ന് നാട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ പിൻവാങ്ങി.