തിരുവനന്തപുരം: നാലുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഉള്ളൂർ - മെഡിക്കൽ കോളേജ് റോഡ് കുഴികൾ രൂപപ്പെട്ട് കുളമായതിനെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. അ​റ്റകു​റ്റപണി പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ 15ഓളം മരണക്കുഴികൾ രൂപപ്പെട്ടത് എങ്ങനെയാണെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ആരാഞ്ഞു. കേരള റോഡ് ഫണ്ട് ബോർഡ് മാനേജിംഗ് ഡയറക്ടർ മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണം. മഴക്കാലത്തിന് മുമ്പ് റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും റോഡ് ഫണ്ട് ബോർഡ് അറ്റകുറ്റപ്പണി നടത്തിയില്ല. കനത്ത മഴയിൽ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നത് ഇരുചക്ര വാഹനയാത്രികർക്ക് അപകട ഭീഷണിയുണ്ട്. ജില്ലയിലെ ഏ​റ്റവും പ്രധാന ആശുപത്രികളിൽ എത്തേണ്ട വഴിയാണിത്. രോഗികളെയും കൊണ്ടുവരുന്ന ആംബുലൻസുകൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെടുന്നതും പതിവാണ്. കഴക്കൂട്ടം ദേശീയപാതയിൽ ജോലി നടക്കുന്നതിനാൽ ഗതാഗതം തിരിച്ചു വിടുന്നതും ഇതു വഴിയാണ്. പൊതുപ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയിലാണ് നടപടി.