വെള്ളറട: മലയോരത്തെ കൃഷികളെല്ലാം കാട്ടുപന്നികൾ നശിപ്പിക്കുന്നതായി പരാതി. കൃഷി ചെയ്ത് ഉപജീവനമാർഗം നടത്താനാകാതെ കർഷകർ വലയുകയാണ്. കാട്ടിൽ നിന്നും കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ മരച്ചീനി, വാഴ, പച്ചക്കറികൾ തുടങ്ങിയ ഹെക്ടർകണക്കിന് സ്ഥലത്തെ കൃഷിയാണ് നശിപ്പിക്കുന്നത്. വെള്ളറട ഗ്രാമപഞ്ചായത്തിലെ കൂതാളി, പന്നിമല, മുട്ടൂർ, കത്തിപ്പാറ, മണലി തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായാണ് കൃഷി നശിപ്പിക്കുന്നത്.
അമ്പൂരി ഗ്രാമപഞ്ചായത്തിലും കുലയ്ക്കാറായ വാഴകളാണ് മൂടോടെ നശിപ്പിക്കുന്നത്. കാലങ്ങളായുള്ള വന്യജീവികളുടെ ആക്രമണം കാരണം ഹെക്ടർകണക്കിന് സ്ഥലമാണ് കൃഷിയിറക്കാതെ കിടക്കുന്നത്. ഇതിൽ ചിലർ ഉപജീവനത്തിനായി കൃഷിയിറക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ കൃഷി നിറുത്തേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. പലിശയ്ക്കെടുത്ത പണം ചെലവാക്കി നടത്തിയ കൃഷിയിൽ നിന്നും ആദായം കിട്ടാതായതോടെ വായ്പ തുക തിരിച്ചടയ്ക്കാൻ പല കർഷകർക്കും കഴിയുന്നില്ല. ഇപ്പോൾ തന്നെ പല കർഷക കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.
കൂട്ടമായെത്തുന്ന കാട്ടുപന്നികൾക്ക് പുറമെ വാനരപ്പടയും കൃഷി നശിപ്പിക്കുന്ന കാര്യത്തിൽ മുന്നിലാണ്. മലയോരത്ത് ഒരു നാളീകേരം പോലും കർഷകർക്ക് കിട്ടാറില്ല. പാകമാകാറായ കൃശി വിളകളാണ് പലപ്പോഴും ഈ വന്യജീവികളുടെ ലക്ഷ്യം.