തിരുവനന്തപുരം: ശതാഭിഷിക്തനാകുന്ന ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. രാമൻപിള്ളയെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ വസതിയിലെത്തി ഒ. രാജഗോപാൽ എം.എൽ.എ രാമൻപിള്ളയെ പൊന്നാട അണിയിച്ചു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.പി. വാവ, സംസ്ഥാന സമിതി അംഗം ശ്രീവരാഹം വിജയൻ, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരൻ, മണ്ഡലം ജനറൽ സെക്രട്ടറി മോഹൻ കുമാർ, കെ. രാമൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. 1936ൽ വെഞ്ഞാറമൂട്ടിൽ ജനിച്ച രാമൻപിള്ള ജനസംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. ബി.ജെ.പിയുടെ രൂപീകരണം മുതൽ സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ജന്മഭൂമിയുടെ ആദ്യത്തെ മാനേജിംഗ് ഡയറക്ടറായിരുന്നു. കാശ്‌മീരിനെക്കുറിച്ചും അയോദ്ധ്യയെക്കുറിച്ചും കെ. രാമൻപിള്ള എഴുതിയ പുസ്‌തകങ്ങൾ വളരെ അധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. മലബാറിലെ മാപ്പിള ലഹളകൾ, ഡോ. ശ്യാമപ്രസാദ് മുഖർജി, എന്താണ് ഹിന്ദുത്വം, അടിയന്തരാവസ്ഥയുടെ അന്തർധാരകൾ, പ്രബന്ധഹാരം, ധർമ്മം ശരണം ഗച്ഛാമി എന്ന ആത്മകഥ തുടങ്ങിയവയാണ് പ്രധാന കൃതികൾ.