തിരുവനന്തപുരം: കനത്ത മഴയിൽ ഇന്നലെയും നഗരത്തിൽ 15 ഓളം സ്ഥലങ്ങളിൽ മരം കടപുഴകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഗതാഗതക്കുരുക്ക് ഉണ്ടായതോടെ വിദ്യാർത്ഥികളടക്കുള്ളവർ വലഞ്ഞു. ശംഖുംമുഖം, ആൾസെയിന്റ്സ് ജംഗ്ഷൻ, പാൽകുളങ്ങര യു.പി സ്‌കൂൾ, കുമാരപുരം, പട്ടം, തൈക്കാട് തുടങ്ങി നഗരത്തിലെ മിക്ക സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി. ആർക്കും പരിക്കില്ല.
ബീമാപള്ളിക്ക് സമീപം അപ്പാർട്ട്മെന്റിന് മുകളിൽ കാറ്രാടി മരം കടപുഴകി. ഇന്നലെ രാവിലെയാണ് ബാൽക്കണിയിലേക്ക് മരം വീണത്. എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. എയർപോർട്ടിന് സമീപം കാരാളി റോഡിൽ എയർപോർട്ട് അതോറിട്ടിയുടെ സ്ഥലത്തെ മരം സമീപവാസിയുടെ പുരയിടത്തിൽ ഒടിഞ്ഞുവീണു.