നെടുമങ്ങാട്: പട്ടികവർഗക്കാരുടെ ക്ഷേമത്തിനായി ആദിവാസി ഊരുകളിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളുകൾ ആദിവാസികൾക്ക് അന്യമാവുന്നു.

ഹാളുകൾ തങ്ങളുടെ ആവശ്യങ്ങൾക്ക് നൽകാതെ മറ്റു സംഘടനകൾക്ക് നൽകുയാണെന്ന് ആദിവാസികൾ പരാതിപ്പെടുന്നു. അഗസ്ത്യവനം മണ്ണാംകോണത്തുള്ള ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ ഈയിടെ ഒരു യുവജന സംഘടനയ്ക്ക് സൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട് ആദിവാസി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കയാണ്. അഞ്ഞൂറോളം പ്രതിനിധികളെ പങ്കെടുപ്പിച്ച് നടന്ന മൂന്ന് ദിവസത്തെ ക്യാമ്പിൽ കമ്മ്യൂണിറ്റി ഹാളും സമീപത്തെ കൈത്തോടും മലിനമാക്കിയെന്നാണ് ആക്ഷേപം.

അംഗീകൃത ഊരുക്കൂട്ടങ്ങൾ, ഫോറസ്റ്റ് റൈറ്റ്സ് കമ്മിറ്റികൾ, വനിതാ സംഘങ്ങൾ, രജിസ്‌ട്രേഡ് പട്ടികവർഗ സംഘടനകൾ എന്നിവയെല്ലാം ഇവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കമ്മ്യൂണിറ്റി ഹാളുകളുടെ മേൽനോട്ടത്തിൽ ഇവരെയൊന്നും അധികൃതർ തൊടീക്കില്ല.

വിവിധ പാർട്ടികളുടെ യോഗങ്ങൾ ചേരാനും ജനപ്രതിനിധികളുടെ പ്രസംഗങ്ങൾക്കും മാത്രമാണ് ഇപ്പോൾ കമ്മ്യുണിറ്റി ഹാളുകൾ തുറക്കാറുള്ളതെന്ന് ആദിവാസികൾ പറയുന്നു. ഹാളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ആദിവാസി സംഘടനകൾ ഉൾപ്പടെ ഔട്ടായി

പൊൻപാറ, മണലി, വട്ടപ്പൻകാട് എന്നിവിടങ്ങളിൽ ലക്ഷങ്ങൾ ചെലവിട്ടു പണിത ഹാളുകൾ അറ്റകുറ്റപ്പണി നടത്താതെ കാടുകയറി കിടക്കുകയാണ്. വട്ടപ്പൻകാട് ഇരുനില മന്ദിരവും ഹാളുമാണ് അടഞ്ഞു കിടക്കുന്നത്. പല സ്ഥലത്തെയും ഹാളുകൾക്ക് അറ്റകുറ്റപ്പണിയുടെ പേരിൽ എം.പി, എം.എൽ.എ ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ പണിയൊന്നും നടന്നിട്ടില്ല.