തിരുവനന്തപുരം: സംഘശക്തി വിളിച്ചോതിയ പ്രകടനത്തോടെ എൻ.ജി.ഒ യൂണിയന്റെ അൻപത്തിയാറാം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. ദീപശിഖ ആലേഖനം ചെയ്ത എൻ.ജി.ഒ യൂണിയന്റെ ചുവന്ന പതാകകൾ നിറഞ്ഞ സാഗരമായി ഇന്നലെ വൈകിട്ട് അനന്തപുരി മാറി. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്.
പഞ്ചവാദ്യത്തിനു പിന്നാലെ കേരളീയ വേഷധാരികളായ വനിതകൾ മുത്തുക്കുടയുമായി പ്രകടനത്തിന്റെ മുൻനിരയിൽ അണിനിരന്നു. തൊട്ടുപിന്നിൽ പ്രധാന ബാനറിന് കീഴിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ, ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, വൈസ് പ്രസിഡന്റുമാരായ എ. അബ്ദുൽ റഹിം, എം.വി. ശശിധരൻ, ടി.പി. ഉഷ, സെക്രട്ടറിമാരായ എൻ. കൃഷ്ണപ്രസാദ്, വി.കെ. ഷീജ, എം.എ. അജിത് കുമാർ, ട്രഷറർ എൻ. നിമൽ രാജ്, ജില്ലാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ അണിനിരന്നു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുക, പെട്രോൾ- ഡീസൽ വിലവർദ്ധന പിൻവലിക്കുക, ഇടതുപക്ഷ ബദൽ നയങ്ങൾക്ക് ശക്തിപകരുക തുടങ്ങിയ ആവശ്യങ്ങൾ ബാനറിലും പ്ലക്കാർഡിലും എഴുതി പ്രദർശിപ്പിച്ചായിരുന്നു പ്രകടനം.
ഏജീസ് ഓഫീസ്, സെക്രട്ടേറിയറ്റ്, പൊതുമേഖല ബാങ്കുകൾ എന്നിവയുടെ മുന്നിൽ സി.പി.എം അനുകൂല തൊഴിലാളി സംഘടനാ പ്രവർത്തകർ അഭിവാദ്യം അർപ്പിക്കാൻ തടിച്ചുകൂടിയിരുന്നു. മൂന്നര മണിക്ക് ആരംഭിച്ച പ്രകടനത്തിന്റെ അവസാന നിര അഞ്ചരയ്ക്കാണ് പുത്തരിക്കണ്ടം മൈതാനത്ത് എത്തിയത്.