തിരുവനന്തപുരം: ഓരോ ഓഫീസിലും കെട്ടിക്കിടക്കുന്ന ഫയലുകൾ എത്രയെന്നും ബന്ധപ്പെട്ട മേധാവികൾ തീർപ്പുകൽപ്പിക്കേണ്ട ഫയലുകൾ എത്രയെന്നുമുള്ള കാര്യം ഗൗരവമായി പരിശോധിച്ച് സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള എൻ.ജി.ഒ യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. എന്നാൽ അഴിമതി പൂർണമായി തുടച്ചുനീക്കിയെന്ന് പറയാൻ കഴിയില്ല. ആരെങ്കിലും അഴിമതി കാണിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ അത് തിരുത്തിക്കണം. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കാനാകില്ല. നിരവധിയാളുകളാണ് സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങുന്നത്. പ്രയാസം അനുഭവിക്കുന്നവരുടേയും സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും പ്രശ്നങ്ങൾ മുമ്പിൽ വരുമ്പോൾ അത് ഗൗരവത്തോടെ പരിഗണിക്കാൻ സാധിക്കണം. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ അക്കാര്യം പറഞ്ഞതാണ്. 'ഓരോ ഫയലും ഒരോ ജീവിതമാണ്' എന്ന തന്റെ പ്രസംഗത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
അന്ന് അങ്ങനെ പറഞ്ഞപ്പോൾ ജീവനക്കാരത് അതീവഗൗരവത്തോടെ എടുത്തു.കുറെ കാര്യങ്ങളിൽ മാറ്റം വന്നു. പൂർണമായ മാറ്റം വേണമെന്നാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. സമയബന്ധിതമായി ഫയലുകളിൽ തീർപ്പാക്കണം. പെട്ടെന്ന് തീർപ്പുകൽപ്പിക്കുന്നതിനാണ് ഓൺലൈൻ സംവിധാനവും ഇ ഫയലിംഗും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ. അപേക്ഷകനെ വിളിച്ചുവരുത്തേണ്ട ആവശ്യമില്ലെങ്കിലും അങ്ങനെ ചെയ്യുന്നത് ശരിയായ ഉദ്ദേശത്തോടെയല്ല.
സർക്കാരിന്റെ പ്രവർത്തനങ്ങളെ വിജയിപ്പിക്കുവാൻ കൂടെ നിന്നവരാണ് ജീവനക്കാർ. നിങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വെല്ലുവിളി നേരിടുകയാണിപ്പോൾ. എന്തും പിടിച്ചെടുക്കാൻ എത്തിയിരിക്കുന്ന കോർപ്പറേറ്റുകൾക്ക് എല്ലാ ഒത്താശയും കേന്ദ്രസർക്കാർ ചെയ്തുകൊടുക്കുകയാണെന്നും പിണറായി പറഞ്ഞു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.ജയൻബാബു യൂണിയൻ ജനറൽ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.