തിരുവനന്തപുരം:കേരള നിയമസഭയുടെ നടപടിക്രമങ്ങൾ കാണാനെത്തിയ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻഗഡ്കരിക്ക് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ പ്രശംസ. ഇന്നലെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് തുടക്കമിട്ട് സി.പി.എം അംഗം രാജുഎബ്രഹാം പ്രസംഗിച്ച് തുടങ്ങിയപ്പോഴാണ് ഭാര്യ കാഞ്ചൻ ഗഡ്കരിക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം അദ്ദേഹം വി.ഐ.പി ഗാലറിയിലേക്ക് എത്തിയത്.
പ്രസംഗം ഒന്നു നിർത്തിവയ്ക്കാൻ രാജു എബ്രഹാമിനോട് അഭ്യർത്ഥിച്ച ശേഷമാണ് സ്പീക്കർ ഗഡ്കരിയെ സ്വാഗതം ചെയ്തത്.
ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്ന് പറയുന്ന രാഷ്ട്രീയക്കാരനാണ് ഗഡ്കരിയെന്ന് സ്പീക്കർ പറഞ്ഞു. നിയമസഭയുടെ പേരിലും കേരളത്തിന്റ പേരിലും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായി സ്പീക്കർ പറഞ്ഞപ്പോൾ ഗഡ്കരി എഴുന്നേറ്റു നിന്ന് പ്രത്യഭിവാദ്യം ചെയ്തു. അഞ്ച് മിനിട്ടിലേറെ സഭാനടപടികൾ വീക്ഷിച്ച ശേഷമാണ് അദ്ദേഹം സഭവിട്ടത്.