ldf

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് നടത്തിയ പ്രചാരണത്തെ മറികടക്കാൻ തിരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണിക്ക് കഴിയാതെ പോയപ്പോൾ യു.ഡി.എഫ് അതിന്റെ ഗുണഭോക്താക്കളായെന്ന് എൽ.ഡി.എഫ് യോഗം വിലയിരുത്തി. ശബരിമലവിഷയം ബാധിച്ചെന്ന് ലോക്‌താന്ത്രിക് ജനതാദൾ, ഐ.എൻ.എൽ, കേരള കോൺഗ്രസ് - ബി, ജനാധിപത്യ കേരള കോൺഗ്രസ് കക്ഷികൾ യോഗത്തിൽ വിമർശിച്ചു.

വനിതാമതിലിന്റെ പിറ്റേന്ന് രണ്ട് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചത് വിശ്വാസികളിൽ തെറ്റിദ്ധാരണ സൃഷ്‌ടിച്ചെന്നും അവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും എൽ.ജെ.ഡി തുറന്നടിച്ചു. ശബരിമലയെക്കുറിച്ച് പ്രചാരണവേളയിൽ നിയന്ത്രണം പാലിച്ചത് തിരിച്ചടിച്ചെന്ന് എൽ.ജെ.ഡി സെക്രട്ടറി ജനറൽ ഷേക് പി. ഹാരിസ് അഭിപ്രായപ്പെട്ടു.

പ്രശ്നം വഷളാക്കേണ്ടെന്ന് കരുതിയാണ് നിയന്ത്രണം പാലിച്ചതെന്നും വനിതകളെ കയറ്റിയതിൽ സർക്കാരിന് പങ്കില്ലെന്നും പൊലീസിന്റെ സഹായമാണുണ്ടായതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. ശബരിമല ബാധിച്ചെന്നത് മറച്ചുവച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ ആർ. ബാലകൃഷ്ണപിള്ള, പ്രശ്നം തീർക്കാൻ ബന്ധപ്പെട്ട സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും നിർദ്ദേശിച്ചു. വിശ്വാസികൾക്കിടയിൽ വലിയ കേന്ദ്രീകരണം മുന്നണിക്കെതിരായുണ്ടായെന്നും അത് തിരിച്ചുപിടിക്കണമെന്നും കെ. ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി. ശബരിമലലൈൻ വിശ്വാസികളെ അകറ്റിയെന്ന് പറഞ്ഞ ഐ.എൻ.എൽ നേതൃത്വം മോദിപ്പേടിയിൽ ന്യൂനപക്ഷമൊന്നാകെ എതിരായതാണെന്നും ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കുമൊന്നും അതിര് കവിഞ്ഞ പ്രാധാന്യം കൊടുക്കേണ്ടെന്നും പറഞ്ഞു.

തെറ്റിദ്ധരിക്കപ്പെട്ട് അകന്നുപോയ വിശ്വാസി സമൂഹത്തെ തിരിച്ച് കൊണ്ടുവരാനുള്ള സംഘടനാപ്രവർത്തനം നടത്താൻ യോഗം തീരുമാനിച്ചതായി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുന്നണിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്താനായി എൽ.ഡി.എഫ് കൂട്ടായും ഘടകകക്ഷികൾ ഒറ്റയ്ക്കൊറ്റയ്ക്കും രാഷ്ട്രീയ പ്രചാരണം സംഘടിപ്പിക്കും.

മോദിയെ പുറത്താക്കുകയെന്ന പ്രചാരണം ഗുണമായത് യു.ഡി.എഫിനാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള മതേതരസർക്കാർ എന്ന ഇടത് പ്രചാരണത്തേക്കാൾ സ്വീകാര്യത ബി.ജെ.പിക്ക് ബദൽ കോൺഗ്രസാണെന്ന പ്രചാരണത്തിനുണ്ടായി. രാഹുൽഗാന്ധി കൂടി മത്സരരംഗത്തിറങ്ങിയപ്പോൾ അത് കൂടുതൽ കോൺഗ്രസിനനുകൂലമായി. നേരത്തേ ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന ഒരു വിഭാഗവും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തിട്ടുണ്ട്.

സർക്കാരിനെതിരായ പ്രചരണം ഇക്കുറിയുണ്ടായിട്ടില്ല. എന്നാൽ സർക്കാരിന്റെ മികവ് വോട്ടായി മാറിയില്ല. സർക്കാരിന്റെ നേട്ടങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനും പ്രവർത്തനം കാര്യക്ഷമമാക്കാനുമുള്ള ചർച്ചകൾ മുന്നണിയിൽ നടത്തും.

തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇടതുപക്ഷം പ്രചരണവിഷയമാക്കിയത്. ഇതിനിടയിൽ വീടുകൾ കയറി വിശ്വാസികളിൽ തെറ്റിദ്ധാരണപരത്താൻ എതിരാളികൾക്കായി. തെറ്റിദ്ധരിക്കപ്പെട്ടവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി തിരിച്ചുകൊണ്ടുവരും. ഏതെങ്കിലും സമുദായസംഘടനകളുടെ വിഷയമായല്ല കാണുന്നത്. ശബരിമലയിൽ സർക്കാർ അധികാരം തെറ്റായി പ്രയോഗിച്ചിട്ടില്ല. ഇടതുപക്ഷം കേരളത്തിൽ വേരുള്ള പ്രസ്ഥാനമാണ്. ജനവിധിയെ ബഹുമാനിക്കുന്നുവെന്നും വിജയരാഘവൻ പറ‌ഞ്ഞു.