ldf

തിരുവനന്തപുരം: ആറ് നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കാൻ ഇടതുമുന്നണി തീരുമാനം. ഇതിന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട മണ്ഡലങ്ങളുൾപ്പെടുന്ന ആറ് ജില്ലകളിലും മുന്നണിയുടെ ജില്ലാകമ്മിറ്റി യോഗങ്ങൾ 25നകം വിളിച്ചുചേർക്കണം. കാസർകോട് (മഞ്ചേശ്വരം), എറണാകുളം (എറണാകുളം), ആലപ്പുഴ (അരൂർ), കോട്ടയം (പാലാ), പത്തനംതിട്ട (കോന്നി), തിരുവനന്തപുരം (വട്ടിയൂർക്കാവ്) എന്നീ ജില്ലാകമ്മിറ്റികളാണ് ചേരേണ്ടത്. സർക്കാരും എൽ.ഡി.എഫും തമ്മിലുള്ള വിടവ് നികത്താനുള്ള ആശയവിനിമയം വേണമെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ നിർദ്ദേശിച്ചത് യോഗം അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹം തയ്യാറാക്കുന്ന കുറിപ്പ് വച്ച് വകുപ്പുമന്ത്രിമാരെ കൂടി ഉൾപ്പെടുത്തി മുഴുവൻസമയ എൽ.ഡി.എഫ് യോഗം ചേരും.

ഇന്നലെ എൻ.ജി.ഒ യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇടയ്ക്ക് ഇറങ്ങിപ്പോയ മുഖ്യമന്ത്രി സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കോടിയേരി മുഖ്യമന്ത്രിക്കായി ചർച്ച വിശദീകരിച്ചുകൊടുത്തു.