engineering-admission

തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളുമായി സീറ്റ് പങ്കിടാനുള്ള കരാർ പ്രകാരമുള്ള സർക്കാർ ഉത്തരവിറക്കാൻ വൈകിയതു കാരണം എൻജിനിയറിംഗ് പ്രവേശനത്തിനുള്ള വിജ്ഞാപനം എൻട്രൻസ് കമ്മിഷണർക്ക് പുറത്തിറക്കാനായില്ല. ഇന്നു മുതൽ ഓപ്ഷൻ രജിസ്ട്രേഷൻ സ്വീകരിക്കാനായിരുന്നു ധാരണ. പക്ഷേ, വിജ്ഞാപനമിറങ്ങാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച മുതൽ ഓപ്ഷൻ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ നടത്തുകയാണ് എൻട്രൻസ് കമ്മിഷണറേറ്റ്. 25നകം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു.

എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സ് പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ ഓപ്ഷൻ സ്വീകരിക്കാനാവും വിധത്തിൽ വെബ്സൈറ്റ് ക്രമീകരിക്കും. കമ്മിഷണറേറ്റ് സ്വന്തമായി ട്രയൽ റൺ നടത്തിയ ശേഷമേ ഓപ്ഷൻ സ്വീകരിക്കൂ. ജൂൺ 19 വരെ ഓപ്ഷനുകൾ സമർപ്പിക്കാവുന്ന രീതിയിലുള്ള സമയക്രമം ആണ് തയാറാക്കിയിട്ടുള്ളത്. ഇതിന് മുൻപ് ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്‌മെന്റിന് ശേഷം ഓപ്ഷനുകൾ www.cee.kerala.gov.in ൽ ‘Candidate Portal’ വഴി പുനഃക്രമീകരിക്കാം .

കരാർ ഒപ്പിടൽ വൈകിയതിനാൽ കേന്ദ്രീകൃത അലോട്‌മെന്റിൽ പങ്കെടുക്കുന്ന സ്വാശ്രയ കോളജുകളുടെ വിവരങ്ങൾ ലഭ്യമാകാനും വൈകി. കഴിഞ്ഞ വർഷം വരെ അലോട്‌മെന്റ് നേടിയ കോളജുകളോട് പ്രവേശന പരീക്ഷാ കമ്മിഷണർ കോഴ്‌സുകളും സീ​റ്റുകളും സംബന്ധിച്ച് മുൻകൂറായി വിവരങ്ങൾ തേടിയിരുന്നു. പലകോളജുകളും വിവരങ്ങൾ ലഭ്യമാക്കാത്തതിനാൽ അലോട്‌മെന്റിൽ ഉൾപ്പെടുത്തേണ്ട കോളജുകളുടെ അന്തിമ പട്ടിക തയാറാക്കാനായിരുന്നില്ല. ഇതിന് പുറമേ കഴിഞ്ഞ വർഷം അലോട്‌മെന്റ് ലഭിച്ച ഏതാനും കോളേജുകൾക്ക് പ്രവേശനാനുമതിയില്ലാത്തതും എ.ഐ.സി.ടി.ഇ സീ​റ്റ് വെട്ടിക്കുറച്ചതും സംബന്ധിച്ച വിവരങ്ങളും പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ലഭ്യമാക്കിയിരുന്നില്ല. ഇതിന് പുറമേ മൂന്ന് കോളജുകളിൽ ഈ വർഷം പുതിയ കോഴ്‌സുകൾ വരുന്നതും അലോട്ട്മെന്റിൽ ഉൾപ്പെടുത്തണം.

ഫാർമസിയിലും കുഴപ്പം

ഫാർമസി കോഴ്സിൽ അലോട്ട്മെന്റ് നടത്തേണ്ട കോളേജുകളുടെ പട്ടിക ഇതുവരെ എൻട്രൻസ് കമ്മിഷണർക്ക് ലഭിച്ചിട്ടില്ല. അതിനാൽ ആദ്യ അലോട്ട്മെന്റിൽ സർക്കാർ കോളേജുകൾ മാത്രമുണ്ടാവാനാണ് സാദ്ധ്യത. അതേസമയം, എല്ലാ ആർക്കിടെക്ചർ കോളേജുകളിലേക്കും ആദ്യം മുതൽ അലോട്ട്മെന്റുണ്ടാവും.