തിരുവനന്തപുരം: പേരൂർക്കട ലാ അക്കാഡമിയിൽ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകന് കുത്തേറ്റു. മൂന്നുപേർക്ക് പരിക്ക്. ഒന്നാം വർഷ വിദ്യാർത്ഥിയായ വിഘ്‌നേഷിനാണ് കുത്തേറ്റത്. ബിബിൻ, രോഹിത്, സുഹൈൽ എന്നിവർക്കാണ് പരിക്കേറ്റത്. ഒന്നാം വർഷ വിദ്യാർത്ഥികൾക്കിടയിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ രാവിലെ കോളേജിലാണ് സംഭവം.
ഒന്നാം വർഷ വിദ്യാർത്ഥികൾ ആരംഭിച്ച വാട്ട്‌സ്അപ്പ് ഗ്രൂപ്പിൽ അംഗങ്ങളായ ഹരിയും വിഘ്‌നേഷും തമ്മിലുണ്ടായ ഭിന്നതകൾ കൈയാങ്കളിലെത്തിയിരുന്നു. ഇന്നലെ ലാ അക്കാഡമിയിലെത്തിയ വിഘ്‌നേഷിനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവച്ച്
തല്ലുകയും ഇരുമ്പ് വടി ഉപയോഗിച്ച്
അടിക്കുകയും ചെയ്‌തെന്നാണ് പരാതി. ഇതറിഞ്ഞെത്തിയ കെ.എസ്.യു, എസ്.എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. കുത്തേറ്റ വിഘ്‌നേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിക്കേറ്റ ബിബിൻ, രോഹിത്, സുഹൈൽ എന്നിവരെ പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേരൂർക്കട പൊലീസ് പ്രിഥ്വിരാജ്, ശിവകുമാർ, ഗോകുൽ എന്നിവരെ അറസ്റ്റുചെയ്‌തു. അക്കാഡമിയിൽ എസ്.എഫ്.ഐ സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു. കെ.എസ്.യു പ്രവർത്തകരാണ് സംഘർഷത്തിന് കാരണമെന്നാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ ആരോപണം.